
പാരീസ്: പ്രശസ്ത ഫ്രഞ്ച് നടി നതാലി ബായേ (77) അന്തരിച്ചു. പാരിസിലെ വസതിയിൽ വെച്ച് വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു.
ഫ്രഞ്ച് സിനിമയിലെ ഓസ്കർ എന്നറിയപ്പെടുന്ന സിസാർ അവാർഡ് നാല് തവണ കരസ്ഥമാക്കിയ അപൂർവ്വ നേട്ടത്തിന് ഉടമയാണ് നതാലി. ഇതിൽ 1981 മുതൽ 1983 വരെയുള്ള തുടർച്ചയായ മൂന്ന് വർഷങ്ങളിലും താരം ഈ പുരസ്കാരം നേടിയിരുന്നു. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതത്തിൽ എൺപതിലധികം സിനിമകളിൽ അവർ വേഷമിട്ടു.
1948-ൽ ഫ്രാൻസിലെ നോർമണ്ടിയിൽ ജനിച്ച നതാലി, നർത്തകിയായാണ് തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് അഭിനയ രംഗത്തേക്ക് മാറുകയായിരുന്നു. ഫ്രാൻസ്വ ത്രൂഫോ , ജീൻ ലൂക് ഗൊദാർദ് തുടങ്ങിയ വിശ്വപ്രസിദ്ധരായ സംവിധായകരുടെ ചിത്രങ്ങളിലൂടെ അവർ ലോകശ്രദ്ധ നേടി. ഹോളിവുഡ് സംവിധായകൻ സ്റ്റീവൻ സ്പീൽബർഗിന്റെ ‘ക്യാച്ച് മി ഇഫ് യു കാൻ’ എന്ന ചിത്രത്തിൽ ലിയോനാർഡോ ഡികാപ്രിയോയുടെ അമ്മയുടെ വേഷം ചെയ്തത് അന്താരാഷ്ട്ര തലത്തിൽ നതാലിക്ക് വലിയ ജനപ്രീതി നേടിക്കൊടുത്തു.
‘ഡൗൺടൺ ആബി 2’, സേവ്യർ ഡോളന്റെ ചിത്രങ്ങൾ എന്നിവയും അവരുടെ ശ്രദ്ധേയമായ പ്രകടനങ്ങളിൽ ഉൾപ്പെടുന്നു. ഫ്രഞ്ച് സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് രാജ്യം അവരെ പരമോന്നത ബഹുമതിയായ ലെജിയൻ ഓഫ് ഓണർ നൽകി ആദരിച്ചിട്ടുണ്ട്.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




