
ഫ്ലോറിഡ : അരനൂറ്റാണ്ടിനു ശേഷം നാസയുടെ ആർട്ടെമിസ് 2 ചന്ദ്ര ദൗത്യ യാത്ര ആരംഭിച്ചു. ഫ്‌ളോറിഡയിലെ കെന്നഡി സ്പെയ്സ് സെന്ററിൽ നിന്ന് ബുധനാഴ്ച വൈകീട്ട് 6.24-നാണ് (ഇന്ത്യൻ സമയം വ്യാഴാഴ്ച പുലർച്ചെ 3.24) വിക്ഷേപണം . 1972 ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം ആദ്യമായാണ് മനുഷ്യർ ചന്ദ്രനിലേക്ക് വീണ്ടും യാത്ര തിരിക്കുന്നത്.
നാല് ബഹിരാകാശ സഞ്ചാരികളാണ് ഈ ചരിത്ര ദൗത്യത്തിൽ പങ്കാളികളാകുന്നത്. നാസയുടെ റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച് എന്നിവർക്കൊപ്പം കാനഡയുടെ ജെറമി ഹാൻസണും സംഘത്തിലുണ്ട്. ചന്ദ്രനിലേക്ക് യാത്ര ചെയ്യുന്ന ആദ്യത്തെ കറുത്തവർഗ്ഗക്കാരനായി വിക്ടർ ഗ്ലോവറും ആദ്യ വനിതയായി ക്രിസ്റ്റീന കോച്ചും ആദ്യത്തെ അമേരിക്കക്കാരനല്ലാത്ത വ്യക്തിയായി ജെറമി ഹാൻസണും ഈ ദൗത്യത്തിലൂടെ ചരിത്രത്തിൽ ഇടംപിടിക്കും. സ്പേസ് ലോഞ്ച് സിസ്റ്റം (എസ് എൽ എസ്) റോക്കറ്റും ഓറിയോൺ ബഹിരാകാശ പേടകവും ഉപയോഗിച്ചാണ് വിക്ഷേപണം. പത്ത് ദിവസം നീണ്ടുനിൽക്കുന്ന യാത്രയിൽ ചന്ദ്രനെ ചുറ്റിയ ശേഷം പേടകം ഭൂമിയിലേക്ക് മടങ്ങിയെത്തും.
മനുഷ്യർക്ക് ദീർഘകാലം ബഹിരാകാശത്ത് താമസിക്കാനുള്ള ഓറിയോൺ പേടകത്തിന്റെ ശേഷി പരിശോധിക്കുക എന്നതാണ് ഈ പരീക്ഷണ പറക്കലിന്റെ പ്രധാന ലക്ഷ്യം. 2022 ൽ നടന്ന ആർട്ടെമിസ് 1 ദൗത്യം വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഭാവിയിൽ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ മനുഷ്യരെ ഇറക്കുന്നതിനും അവിടെ സ്ഥിരമായ താവളങ്ങൾ ഒരുക്കുന്നതിനുമുള്ള നാസയുടെ വലിയ പദ്ധതികളുടെ ഭാഗമാണിത്. ഇത് പിന്നീട് ചൊവ്വാ ദൗത്യങ്ങൾക്കും സഹായകമാകും.




