
മലപ്പുറം : ഭൂമി അളന്നുതിട്ടപ്പെടുത്താൻ കൈക്കൂലി വാങ്ങിയ കേസിൽ തിരൂർ താലൂക്ക് മുൻ സർവേയർക്ക് മൂന്നു വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. വളാഞ്ചേരി സ്വദേശി എം ശങ്കരനാരായണനെയാണ് കോഴിക്കോട് എൻക്വയറി കമീഷണർ ആൻഡ് സ്പെഷ്യൽ ജഡ്ഡി (വിജിലൻസ്) ഷിബു തോമസ് ശിക്ഷിച്ചത്.
2019ലാണ് കേസിനാസ്പദമായ സംഭവം. കോട്ടക്കൽ വില്ലേജ് പരിധിയിലെ ഭൂമി അളന്നുതിട്ടപ്പെടുത്താൻ കോട്ടക്കൽ സ്വദേശി തിരൂർ താലൂക്ക് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. ഭൂമിയളക്കാൻ 14,000 രൂപ കൈക്കൂലി വേണമെന്ന് സർവേയറായിരുന്ന ശങ്കരനാരായണൻ ആവശ്യപ്പെട്ടു. തുടർന്നാണ് സ്ഥലം ഉടമ വിജിലൻസിൽ പരാതി നൽകിയത്. 2019 ഫെബ്രുവരി 22ന് സർവേ പുർത്തിയാക്കി പണം കൈപ്പറ്റുമ്പോൾ മലപ്പുറം വിജിലൻസ് സംഘം ശങ്കരനാരായണനെ കൈയോടെ പിടികൂടി.
മലപ്പുറം വിജിലൻസ് യൂണിറ്റിലെ മുൻ ഡിവൈഎസ്പി എ രാമചന്ദ്രൻ, മുൻ ഇൻസ്പെക്ടർമാരായ എം ഗംഗാധരൻ, ഫിറോസ് എം ഷഫീഖ് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ അരുൺ നാഥ് കോടതിയിൽ ഹാജരായി.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




