പ്രാര്‍ഥനയിലലിഞ്ഞ് വിശ്വാസികള്‍ ; മമ്പുറം നേര്‍ച്ചയ്ക്ക് ഇന്ന് സമാപനം

HIGHLIGHTS : Mampuram ceremony concludes today

തിരൂരങ്ങാടി (മമ്പുറം) : 187-ാമത് മമ്പുറം ആണ്ടുനേര്‍ച്ചയാേടനുബന്ധിച്ച് ഇന്നലെ രാത്രി നടന്ന അനുസ്മരണ ദിക്‌റ് ദുആ സമ്മേളനത്തില്‍ പ്രാര്‍ഥനയിലലിഞ്ഞ് വിശ്വാസികള്‍. ആത്മീയ നേതാക്കളും പണ്ഡിതരും പങ്കെടുത്ത സദസ്സില്‍ ആത്മീയ സായൂജ്യം തേടി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് നിരവധി പേരാണ് മമ്പുറത്ത് എത്തിയത്. സമസ്ത ട്രഷറര്‍ പി.പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട് ഉദ്ഘാടനം ചെയ്തു. ദാറുല്‍ഹുദാ വൈസ്ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷനായി. ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാലക്ക് കീഴില്‍ മമ്പുറം മഖാമിനോട് ചേര്‍ന്നുപ്രവര്‍ത്തിക്കുന്ന മമ്പുറം സയ്യിദ് അലവി മൗലദ്ദവീല ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയ 10 വിദ്യാര്‍ഥികള്‍ക്കുള്ള ഹാഫിള് പട്ടം ഉമര്‍ മുസ്ലിയാര്‍ വിതരണം ചെയ്തു.

കോഴിക്കോട് വലിയ ഖാദി സയ്യിദ് നാസ്വിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പ്രാര്‍ഥനാ സദസ്സിന് നേതൃത്വം നല്‍കി. യു. ശാഫി ഹാജി ചെമ്മാട് , സമസ്ത കേന്ദ്ര മുശാവറാംഗം എം.പി മുസ്ഥഫല്‍ ഫൈസി, കെ. എ റഹ്മാന്‍ ഫൈസി, അബ്ദുല്‍ ഗഫൂര്‍ ഖാസിമി, അബ്ദുല്‍ വാഹിദ് മുസ്ലിയാര്‍ അത്തിപ്പറ്റ, കെ. എം സൈദലവി ഹാജി, സി.എച്ച് ത്വയ്യിബ് ഫൈസി, ഇസ്ഹാഖ് ബാഖവി ചെമ്മാട് , കെ.സി മുഹമ്മദ് ബാഖവി, സി.എച്ച് ശരീഫ് ഹുദവി, ഹംസ ഹാജി മൂന്നിയൂര്‍, സി.കെ മുഹമ്മദ് ഹാജി, എ.കെ മൊയ്തീന്‍ കുട്ടി പങ്കെടുത്തു

നേര്‍ച്ചയുടെ പ്രധാന ചടങ്ങുകളിലൊന്നായ അന്നദാനം ഇന്ന് രാവിലെ എട്ട് മണിക്ക് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുറഹ്മാന്‍ ജിഫ്രി തങ്ങള്‍ കോഴിക്കോട് അധ്യക്ഷത വഹിക്കും. സയ്യിദ് അഹ്മദ് ജിഫ്രി തങ്ങള്‍ മമ്പുറം, പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ, സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, എ.പി സുധീഷ് എന്നിവര്‍ പങ്കെടുക്കും. ഒരു ലക്ഷത്തിലധികം നെയ്ച്ചോര്‍ പാക്കറ്റുകള്‍ അന്നദാനത്തിനായി തയ്യാറാക്കും.

ഉച്ചക്ക് ഒന്നരക്ക് സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന മൗലിദ് ഖത്മ് ദുആ മജ്ലിസോടെ ഒരാഴ്ച കാലത്തെ 187-ാമത് മമ്പുറം ആണ്ടുനേര്‍ച്ചക്ക് കൊടിയിറങ്ങും.

10 വിദ്യാര്‍ഥികള്‍ ഹാഫിള് പട്ടം സ്വീകരിച്ചു

ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാലക്ക് കീഴില്‍ മമ്പുറത്ത് പ്രവര്‍ത്തിക്കുന്ന സയ്യിദ് അലവി മൗലദ്ദവീല ഹിഫ്‌ള് കോളേജില്‍നിന്ന് വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കിയ 10 വിദ്യാര്‍ത്ഥികള്‍ ഹാഫിള് പട്ടം സ്വീകരിച്ചു. സമസ്ത ട്രഷറര്‍ പി.പി ഉമര്‍ മുസ്ലിയാര്‍ സനദ് ദാനം നടത്തി.
ദാറുല്‍ഹുദാ വി.സി ഡോ. ബഹഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷനായി.

യു.എ.ഇ, കുവൈത്ത്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങിലെ ഔഖാഫിനു കീഴിലുള്ള അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ മത്സരങ്ങളിലും നിരവധി ദേശീയ ഹിഫ്ള് മത്സരങ്ങളിലും ഇതിനകം മമ്പുറം ഹിഫ്‌ള് ഖുര്‍ആന്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്.

ഒരു ലക്ഷത്തിലധികം പേര്‍ക്ക് അന്നദാനം

മമ്പുറം ആണ്ടുനേര്‍ച്ചയുടെ പ്രധാന ചടങ്ങായ അന്നദാനത്തിനുള്ള ഒരുക്കങ്ങള്‍ ഇന്നലെ രാത്രിയോടെ ദാറുല്‍ഹുദാ കാമ്പസില്‍ സജീവമായി. ദാറുല്‍ഹുദാ ഡിഗ്രി വിഭാഗം പ്രിന്‍സിപ്പാള്‍ സി. യൂസുഫ് ഫൈസി മേല്‍മുറി പാചകത്തിന് തിരികൊളുത്തി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് മമ്പുറം തങ്ങളുടെ പുണ്യം തേടിയെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഒരു ലക്ഷത്തിലധികം നെയ്‌ച്ചോര്‍ പാക്കറ്റുകളാണ് വിതരണം ചെയ്യുന്നത്. ദാറുല്‍ഹുദാ കാമ്പസില്‍ ഒരുക്കിയ വിശാലമായ പന്തലിലാണ് പാചകം നടക്കുന്നത്. നൂറോളം ചെമ്പുകളില്‍ തവണകളായി മുന്നൂറ്റി അമ്പതോളം ചാക്ക് അരിയാണ് പാകം ചെയ്യുന്നത്. ഇന്നലെ രാത്രി മുതല്‍ തന്നെ ദാറുല്‍ഹുദായിലെ അധ്യാപകരുടെയും മാനേജ്മെന്റ് പ്രതിനിധികളുടെയും നേതൃത്വത്തില്‍ ആയിരത്തിലധികം വിദ്യാര്‍ഥികള്‍ ചേര്‍ന്ന് അന്നദാനത്തിനുള്ള ഭക്ഷണം പ്രത്യേക പെട്ടികളിലാക്കി തുടങ്ങി. ഇന്ന് രാവിലെ നിരവധി ലോറികളിലായി മമ്പുറത്തെത്തിച്ചാണ് വിതരണം ചെയ്യുക. ഭക്ഷണവിതരണത്തിനായി സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!