ഗാനഗന്ധർവൻ യേശുദാസിന് പിറന്നാൾ ആശംസകളുമായ് മമ്മൂട്ടി

യേശുദാസിന് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടി. മലയാളത്തിന്റെ ഗാനഗന്ധർവൻ യേശുദാസിന്റെ 82ാം പിറന്നാൾ ദിനമായ ഇന്ന് ഫേസ്ബുക്കിലൂടെയാണ് താരം ആശംസകൾ അറിയിച്ചത്. വിവിധ മേഖലകളിൽ നിന്ന് നിരവധി ആളുകൾ സമൂഹ മാധ്യമങ്ങളിലും മറ്റുമായി ഇതിനോടകം ആശംസകൾ നേർന്ന് രംഗത്തെത്തിയിട്ടുണ്ട്.

1961 നവംബർ 14 ന് തന്റെ ഇരുപത്തിരണ്ടാം വയസ്സിലാണ് യേശുദാസിന്റെ ആദ്യ ഗാനം റെക്കോർഡ് ചെയ്തത്. കെ എസ് ആൻറണി സംവിധാനം ചെയ്ത കാൽപ്പാടുകൾ എന്ന സിനിമയിൽ ‘ജാതിഭേദം മതദ്വേഷം ‘ എന്ന ഗാനത്തോടെ സിനിമ സംഗീതലോകത്തേക്ക് അദ്ദേഹം ചുവടുവെച്ചു. സംഗീതജ്ഞനായ അഗസ്റ്റിൻ ജോസഫിന്റെയും എലിസബത്തിന്റെയും മകനായി 1940 ജനുവരി പത്തിനാണ് കട്ടാശേരി ജോസഫ് യേശുദാസ് എന്ന കെ.ജെ യേശുദാസിന്റെ ജനനം.

അര നൂറ്റാണ്ടിലേറെ സംഗീതരംഗത്ത് സജീവമായ അദ്ദേഹം അസാമീസ്, കാശ്മീരി, കൊങ്കണി എന്നിവ ഒഴികെ എല്ലാ പ്രധാന ഭാരതീയ ഭാഷകളിലും പാടിയിട്ടുണ്ട്. ചലച്ചിത്ര സംഗീതലോകത്ത് മാത്രമല്ല കർണ്ണാടകസംഗീത രംഗത്തും അദ്ദേഹം സാന്നിധ്യമറിയിച്ചിട്ടുണ്ട്. മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം എട്ടുതവണ നേടിയ ഇദ്ദേഹം കേരള-തമിഴ്നാട് ആന്ധ്ര കർണാടക ബംഗാൾ സംസ്ഥാനങ്ങളുടെ മികച്ച പിന്നണി ഗായകനുള്ള അവാർഡുകൾ നേടിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top