മമ്മാലി എന്ന ഇന്ത്യക്കാരന്‍ നാളെ തിയ്യേറ്ററിലെത്തുന്നു

സമകാലീന ഇന്ത്യന്‍ രാഷട്രീയ സാഹചര്യത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടേക്കാവുന്ന ‘മമ്മാലി എന്ന എന്ന ഇന്ത്യക്കാരന്‍’ ആഗസ്റ്റ് 2ന് തിയേറ്ററുകളിലെത്തുന്നു. പ്രശസ്ത നാടകകൃത്ത് റഫീഖ് മംഗലശ്ശേരി കഥയും തിരക്കഥയും രചിച്ച ചിത്രം സംവിധാനം ചെയ്യുന്നത് അരുണ്‍ എന്‍ ശിവനാണ്. നിര്‍മ്മാതാവു കൂടിയായ കാര്‍ത്തിക് കെ നഗരം ടൈറ്റില്‍ കഥാപാത്രമായ മമ്മാലിയായെത്തുന്നു. നര്‍ത്തികിയായ മന്‍സിയ ചിത്രത്തില്‍ മമ്മാലിയുടെ മരുമകളായ ഷെരീഫയെന്ന കഥാപാത്രത്തെ അവതരിപ്പക്കുന്നു.

താന്‍ തിരക്കഥ നിര്‍വ്വഹിച്ച ഈ സിനിമ ഒരു രാഷ്ട്രീയ ചിത്രമാണെന്നും ഇന്ന് എറെ ചര്‍ച്ച ചെയ്യപ്പെടുന്ന മത തീവ്രവാദവും, ഫാസിസവും, ഭരണകൂട ഭീകരതയും ചിത്രത്തില്‍ പ്രമേയമാകുന്നുണ്ടെന്നും റഫീഖ് മംഗലശ്ശേരി പറഞ്ഞു.

കേരളത്തില്‍ നിന്നും പോയി ഐഎസ്സില്‍ ചേര്‍ന്നതിന് ശേഷം കൊല്ലപ്പെടുന്ന അന്‍വര്‍ എന്ന യുവാവിന്റ കുടുംബം അനുഭവിക്കേണ്ടിവരുന്ന സാമൂഹിക പ്രശ്‌നങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. മമ്മാലി അന്‍വറിന്റെ പിതാവാണ്. അന്‍വറിന്റെ മരണത്തിന് ശേഷം ഈ കുടുംബം നേരിടുന്ന സാമൂഹികവിലക്കുകളും ബഹിഷ്‌ക്കരണങ്ങളും ചിത്രത്തില്‍ വ്യക്തമായി അടയാളപ്പെടുത്തുന്നുണ്ട്. വളരെ സറ്റയറായി പശുവിന്റെ രാഷ്ട്രീയവും സിനിമ പറയുന്നുണ്ട്.

2018 മാര്‍ച്ചില്‍ പൂര്‍ത്തിയായ ചിത്രം സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിച്ച് റിലീസ് ചെയ്യുന്നതിന് ഏറെ കടമ്പകള്‍ കടക്കേണ്ടിവന്നു.

പുതുമുഖ സംവിധായകനായ അരുണ്‍ ശിവന്‍ നേരത്തെ ശ്രദ്ധേയമായ ഷോര്‍ട്ട് ഫിലീമുകളും, പരസ്യചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. ബിനോയ് നമ്പാല ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്. അന്‍വര്‍ അലി രചിച്ച ഗാനങ്ങള്‍ക്ക് ഷമേജ് ശ്രീധരാണ് ഈണമൊരുക്കിയിരിക്കുന്നത്. അഷറഫ് പാലാഴി ചിത്രത്തിന്റെ ചായഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു.

പരപ്പനങ്ങാടി, വള്ളിക്കുന്ന് ഭാഗങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്.

Related Articles