Section

malabari-logo-mobile

ഒളിമ്പിക്‌സിലെ മലയാളി നക്ഷത്രങ്ങള്‍; ഇവരെ നമുക്ക് പരിചയപ്പെടാം

HIGHLIGHTS : Malayalee stars at the Olympics; Let us get acquainted with them

സോണൽ കൃഷ്ണ

നോഹ നിര്‍മ്മല്‍ ടോം

sameeksha-malabarinews

കോഴിക്കോടിന്റ കായിക ചരിത്രത്തിന് മറ്റൊരു പൊന്‍തൂവല്‍ കൂടി നോഹ നിര്‍മ്മല്‍ ടോം. കോഴിക്കോട്ടെ ചക്കിട്ടപാറയില്‍ നിന്ന് കുതിക്കുന്ന കരുത്തന്‍ കായിക താരം. സില്‍വര്‍ ഹില്‍സ് സ്‌കൂളിലെ കായികാധ്യാപകനായ ജോസ് സെബാസ്റ്റ്യനാണ് നോഹയിലെ അത്ലറ്റിനെ ആദ്യം തിരിച്ചറിഞ്ഞത്. പിന്നീട് ജോസിന്റെ ഓരോ ശ്രമങ്ങളും നോഹയുടെ വേഗത കൂട്ടാനായിരുന്നു. നോഹയുടെ ഓരോ വളര്‍ച്ചയിലും ഒപ്പം നിന്ന ജോസിന് ശിഷ്യന്റെ ഈ നേട്ടം അഭിമാനവും ആഹ്‌ളാദവുമാണ്. ശിഷ്യനോടുള്ള സ്നേഹം മുഴുവന്‍ ഗുരുവിന്റെ വാക്കുകളില്‍ കാണാം .400 മീറ്റര്‍ മിക്സഡ് റിലേയിലാണ് നോഹ നിര്‍മ്മല്‍ ടോം ഒളിംപിക്സില്‍ ഇന്ത്യന്‍ കുപ്പായമണിയുന്നത്. ഓടിത്തുടങ്ങിയ അന്ന് മുതല്‍ ജയം മാത്രമായിരുന്നു നോഹയുടെ മനസില്‍. ആഗ്രഹിച്ചതെല്ലാം നേടിയെടുക്കാനുള്ള കഠിനപരിശ്രമം കരിയറില്‍ മുതല്‍ക്കൂട്ടായി. സില്‍വര്‍ സ്‌കൂളിലെ ക്ലാസ് മുറികളില്‍ ഇരുന്ന് പഠനത്തിന്റെ തിരക്കിലേക്ക് നീങ്ങുമ്പോഴും നോഹയുടെ മനസ് മുഴുവന്‍ ഗ്രൗണ്ടിലായിരുന്നു. താന്‍ ഓടിത്തീര്‍ക്കേണ്ട ദൂരങ്ങളെ കുറിച്ച് മാത്രം ചിന്തിച്ചിരുന്ന നോഹ ടോക്യോയില്‍ ചക്കിട്ടപ്പാറയെന്ന മലയോര ഗ്രാമത്തെ കൂടിയാണ് അടയാളപ്പെടുത്തുക.

പി. എ. അമോജ് ജേക്കബ്

പി. എ. അമോജ് ജേക്കബ് (ജനനം: 2 മെയ് 1998) ഒരു ഇന്ത്യന്‍ സ്പ്രിന്ററാണ്, 400 മീറ്ററിലും 800 മീറ്ററിലും വിദഗ്ദ്ധനാണ്. 2017 ജൂലൈയില്‍ ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ 4 × 400 മീറ്റര്‍ റിലേ ടീമിന്റെ സ്വര്‍ണ്ണ മെഡലിന്റെ ഭാഗമായിരുന്നു ജേക്കബ്. ഏഷ്യയിലെ ഏറ്റവും മികച്ച സീസണായ ജേക്കബ്, കുന്‍ഹു മുഹമ്മദ്, അരോക്കിയ രാജീവ്, മുഹമ്മദ് അനസ് എന്നിവരുടെ സംഘം 3: 02.92 നേടി. 1975 ന് ശേഷം നടന്ന പരിപാടിയില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം സമ്മാനിച്ചു. ഈ പ്രകടനത്തിലൂടെ ടീം 2017 ആഗസ്റ്റില്‍ അത്‌ലറ്റിക്‌സ് ലോക ചാമ്പ്യന്‍ഷിപ്പില്‍ പ്രവേശിച്ചു, ലോകത്തിലെ ആറാമത്തെ മികച്ച സമയമാണിത്. കേരളത്തിന്റ 400 മീറ്ററിലേയും 800 മീറ്ററിലേയും കരുത്തുറ്റ പോരാളി. പുരുഷ വിഭാഗം 4*400 മീറ്റര്‍ റിലേയില്‍ അമോജ് ഇന്ത്യന്‍ കുപ്പായമണിയും. 2019 ല്‍ നടന്ന ദോഹ വേള്‍ഡ് ചാന്പ്യന്‍ ഷിപ്പില്‍ പുരുഷ റിലേടീമില്‍ അംഗമായിരുന്നു.മാര്‍ച്ചില്‍ ഫെഡറേഷന്‍ കപ്പില്‍ സ്വര്‍ണം നേടിയപ്പോള്‍ 400 മീറ്ററില്‍ 45.68 സെക്കന്റില്‍ തീര്‍ത്ത് മികച്ച പ്രകടനം കാഴ്ച്ചവെച്ച അമോജ് മികച്ച ഫോമില്‍തന്നെയാണ്.

പി. ആര്‍. ശ്രീജേഷ്

1986 മെയ് 8 ന് കേരളത്തിലെ എറണാകുളത്ത് ജനിച്ച ഇന്ത്യന്‍ ഹോക്കി കളിക്കാരനാണ് പട്ടത്ത് രവീന്ദ്രന്‍ ശ്രീജേഷ്. ഇന്ത്യന്‍ പുരുഷന്മാരുടെ ദേശീയ ഹോക്കി ടീമില്‍ ഗോള്‍കീപ്പറായി കളിക്കുന്നു. 2013 ല്‍ അര്‍ജ്ജുന അവാര്‍ഡും 2017 ല്‍ പത്മശ്രീയും ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്ന് നേടിയിട്ടുണ്ട്. 2014ല്‍ ഇഞ്ചിയോണില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ചിരന്തര വൈരികളായ പാകിസ്ഥാനെ ഫൈനലില്‍ തകര്‍ത്ത് 16 വര്‍ഷത്തിനുശേഷം ഇന്ത്യ സ്വര്‍ണം നേടിയത് ശ്രീജേഷിന്റെ മികവിലായിരുന്നു. ഈ ഏഷ്യന്‍ ഗെയിംസില്‍ ആറു കളികളില്‍ മൂന്നു ഗോള്‍ മാത്രമാണ് ഇന്ന് ലോകത്തെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍മാരില്‍ ഒരാളായ ശ്രീജേഷ് വഴങ്ങിയത്. കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ നയിച്ചത് ശ്രീജേഷായിരുന്നു.

അലക്‌സ് ആന്റണി

തിരുവനന്തപുരത്തെ പുല്ലുവിളയിലെ കടലിന്റ മകന്‍ പറന്നത് ഒളിംപിക്‌സിലേക്ക്. പ്രതിസന്ദികളെ തരണം ചെയ്ത് അലക്‌സ് ലക്ഷ്യത്തിലേക്കടുത്തപ്പോള്‍ അഭിമാനത്തിലാണ് തീരദേശവാസികള്‍. 4-400 മീറ്റര്‍ റിലെ , മിക്‌സഡ് റിലെ എന്നീ ഇനങ്ങളിലാണ് അലക്‌സിന് മത്സരം. കാല്‍ പന്ത് കളിയില്‍ നിന്നാണ് അലക്‌സ് തുടങ്ങിയത്. പ്ലസ് ടു പഠിക്കുന്ന സമയം കായിക അധ്യാപകന്‍ പ്രതീപാണ് അലക്‌സിലെ അത്‌ലറ്റിക്കിനെ കണ്ടെത്തിയതും അവനു വേണ്ട പ്രചോദനം നല്‍കിയതും.പിന്നീട് സായിയിലെ ചിട്ടയാര്‍ന്ന പരിശിലനം.2013ല്‍ ജൂനിയര്‍ നാഷണല്‍ വെങ്കലം നേടി. 2019 നാഷണല്‍ ചാന്പ്യന്‍ ഷിപ്പില്‍ 4-800ല്‍ സ്വര്‍ണവും. ഇന്നവന്‍ രാജ്യത്തെ പ്രതിനിധികരിക്കുന്നു. ഏഴു മലയാളികളില്‍ ഒരുവന്‍.

മുഹമ്മദ് അനസ്

ട്രാക്കിലെ മികച്ച ഇന്ത്യന്‍ താരങ്ങളില്‍ ഒരുവന്‍.ഏഷ്യയിലെ ഒട്ടേറെ മത്സരങ്ങളില്‍ തിളങ്ങിയ യുവതാരം.400 മീറ്ററില്‍ ഇന്ത്യയുടെ ദേശീയ റെക്കോര്‍ഡ് ഉടമയായ അനസ് ഏഷ്യന്‍ ഗെയിംസ്, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ മെഡലുകള്‍ നേടിയിട്ടുണ്ട്. മുഹമ്മദ് അനസ് കേരളത്തിലെ നിലമെല്‍ ഗ്രാമത്തില്‍ നിന്നാണ് വളര്‍ന്ന് വന്നത്.നിലവില്‍ ഇന്ത്യന്‍ 4×400 മീറ്റര്‍ റിലേ ക്വാര്‍ട്ടറ്റിലെ മൂന്ന് കേരള കായികതാരങ്ങളില്‍ ഒരാളും ഏഷ്യന്‍ ഗെയിംസ് 400 മീറ്റര്‍ വെള്ളി മെഡല്‍ ജേതാവുമാണ്. കൊല്ലത്തിലെ നിലാമലില്‍ നിന്നുള്ള 26 കാരന്റെ രണ്ടാമത്തെ ഒളിമ്പിക്‌സാണിത്. റിയോ 2016 ല്‍ 400 മീറ്റര്‍, 4×400 മീറ്റര്‍ റിലേയില്‍ അനസ് മത്സരിച്ചിരുന്നു.

ശ്രീശങ്കര്‍

മുന്‍ കായികതാരങ്ങളായ എസ് മുരളിയുടെയും കെ എസ് ബിജിമോളുടെയും മകന്‍ ലോംഗ് ജമ്പര്‍ ശ്രീശങ്കര്‍ മാര്‍ച്ചില്‍ നടന്ന ഫെഡറേഷന്‍ കപ്പ് സീനിയര്‍ ദേശീയ അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 8.26 മീറ്റര്‍ കുതിച്ച് സ്വന്തം ദേശീയ റെക്കോര്‍ഡ് മെച്ചപ്പെടുത്തി ഒളിംപിക്‌സിന് യോഗ്യത നേടി.മുന്‍ അന്താരാഷ്ട്ര തലത്തിലുള്ള ട്രിപ്പിള്‍ ജമ്പര്‍ ആണ് പിതാവ് മുരളി .പാലക്കാട് സ്വദേശിയായ 22 കാരന്റെ ആദ്യ ഒളിംപിക്‌സാണിത്. ഒളിംപിക്‌സില്‍ ഭുവനേശ്വറിലെ പ്രകടനം കാഴ്ച്ച വെച്ചാല്‍ ശ്രീ ശങ്കറിന് അനായാസം ഫൈനലിലെത്താം. 8.15 മീറ്റര്‍ പിന്നിടുന്നവര്‍ക്കാണ് പൈനലിലെത്താന്‍ യോഗ്യത

സജന്‍ പ്രകാശ്

‘ സജന്‍ പ്രകാശ്, നീന്താനായി ജനിച്ച മനുഷ്യന്‍.. ‘ ഇന്ത്യയുടെ പ്രതീക്ഷയെ കുറിച്ച് പരിശീലകന്‍ പല്ലശ്ശന മുരുക്കുളിയില്‍ ആര്‍. സതീഷിന്റെ വാക്കുകള്‍. ഫ്രീസ്‌റ്റൈല്‍, ബട്ടര്‍ഫ്‌ലൈ, മെഡ്ലി ഇവന്റുകളില്‍ തന്റേതായ കഴിവ് തെളിയിച്ച ഇന്ത്യന്‍ നീന്തല്‍ക്കാരനാണ് സജന്‍ പ്രകാശ് .2015 ലെ കേരളത്തില്‍ നടന്ന ദേശീയ ഗെയിംസില്‍ 6 സ്വര്‍ണവും 3 വെള്ളിയും നേടി 2015 ഫെബ്രുവരി 8 ന് റെക്കോര്‍ഡ് സ്ഥാപിച്ച സജന്‍ കേരളത്തിലെ തിരുവനന്തപുരത്ത് നടന്ന ഇന്ത്യന്‍ ദേശീയ ഗെയിംസിലെ മികച്ച അത്ലറ്റായി തിര്‍ന്നു. 200 മീറ്റര്‍ ബട്ടര്‍ഫ്‌ലൈ ഇനത്തില്‍ റിയോ 2016 സമ്മര്‍ ഒളിമ്പിക്‌സില്‍ സജന്‍ മത്സരിച്ചിട്ടുണ്ട്.

എം. പി. ജാബിര്‍

‘ഒരിക്കല്‍ ഞാനും ഒളിമ്പിക്സില്‍ പങ്കെടുക്കും’- ലണ്ടന്‍ ഒളിമ്പിക്സില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ കെ.ടി. ഇര്‍ഫാന് 2012-ല്‍ നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥി കൂട്ടുകാരോടു പറഞ്ഞ വാക്കുകളാണിത്. അന്ന് അവന്‍ പറഞ്ഞ വാക്കുകളോട് എല്ലാവരും മുഖംതിരിച്ചു. പക്ഷേ, 9 വര്‍ഷത്തിനിപ്പുറം ഇന്ന് പന്തല്ലൂര്‍ എച്ച്.എസ്.എസിലെ എം.പി. ജാബിറെന്ന അതേ വിദ്യാര്‍ഥി ജപ്പാനിലെ ടോക്യോയിലേക്കു പറക്കുകയാണ്. ഇര്‍ഫാനുശേഷം മലപ്പുറത്തുനിന്നുള്ള ഒളിമ്പ്യന്‍ ജാബിര്‍ മലപ്പുറത്തിന്റെ അഭിമാനമായി മാറി. ഇര്‍ഫാനൊപ്പം ഇന്ത്യന്‍ ഒളിംപിക്സ് സംഘത്തില്‍ ജാബിറിന്റെയും പേര് എഴുതപ്പെട്ടു.പന്തല്ലൂര്‍ ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് 400 മീറ്ററിലാണ് മത്സരിച്ചുതുടങ്ങിയത്. പ്ലസ്ടുവിന് തവനൂര്‍ കേളപ്പന്‍ മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ ചേര്‍ന്നതോടെ 400 മീറ്റര്‍ വിട്ട് 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. കോട്ടയം സി.എം.എസ്. കോളേജില്‍ ഡിഗ്രി ഒന്നാംവര്‍ഷം പഠിച്ചുകൊണ്ടിരിക്കേ 19-ാം വയസ്സില്‍ നേവിയില്‍ ജോലികിട്ടി. ഇപ്പോള്‍ ചീഫ് പെറ്റി ഓഫീസറാണ് ജാബിര്‍.മീറ്റര്‍ ഹര്‍ഡില്‍സില്‍ യോഗ്യതനേടുന്ന ആദ്യ പുരുഷതാരം, പി.ടി. ഉഷയ്ക്ക് ശേഷം ഈ ഇനത്തില്‍ യോഗ്യതനേടുന്ന മലയാളി. 2017-ല്‍ ഭുവനേശ്വര്‍, 2019-ല്‍ ദോഹ ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പുകളില്‍ വെങ്കലം. 2019-ല്‍ ദോഹയില്‍ നടന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സെമി ഫൈനലിലെത്തി.ഈ മലപ്പുറംകാരന്‍ ടോക്യോ ഒളിമ്പിക്സ് വേദിയില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പങ്കെടുക്കാന്‍ ബൂട്ട് കെട്ടിയിറങ്ങുമ്പോള്‍ ഇന്ത്യന്‍ കായിക ചരിത്രത്തില്‍ അത് പുതു ചരിത്രം സൃഷ്ടിക്കും.

കെ. ടി. ഇര്‍ഫാന്‍

ലോകം വീണ്ടും ഒളിംപിക്സിന് സാക്ഷ്യം വഹിക്കുമ്പോള്‍ മലപ്പുറത്തിന്റെ ആദ്യ ഒളിംപ്യന്‍ എന്ന വിശേഷണത്തോടൊപ്പം ചരിത്രത്തില്‍ കൊത്തിവെയ്ക്കപ്പെട്ട കെ. ടി. ഇര്‍ഫാന്‍ പ്രതീക്ഷ തന്നെയാണ്. ടോക്യോ ഒളിംപിക്സിനായി രണ്ടു വര്‍ഷത്തോളമായി കഠിന പരിശ്രമത്തിലായിരുന്നു ഇര്‍ഫാന്‍. ഇതിനിടെ കോവിഡ് പോസറ്റീവ് ആയെങ്കിലും ആരോഗ്യം വീണ്ടെടുത്ത് വിജയമെന്ന ലക്ഷ്യത്തെ മുന്നില്‍ കണ്ട് പരിശീലന ട്രാക്കില്‍ സജീവമായി. 2012ല്‍ ലണ്ടന്‍ ഒളിംപിക്സില്‍ ഹരിശ്രീ കുറിച്ചപ്പോള്‍ 20 കിലോമീറ്റര്‍ നടത്തമത്സരത്തില്‍ ഇര്‍ഫാന്‍ പുതിയൊരു റെക്കോര്‍ഡ് തന്നെ സ്വന്തമാക്കി. 1മണിക്കൂര്‍ 20 മിനിറ്റ് 21 സെക്കന്റില്‍ പത്താം സ്ഥാനം നേടുകയും ചെയ്തു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!