Section

malabari-logo-mobile

മലയാളിയെ ‘പുസ്തകമെങ്ങനെ വായിക്കണം’ എന്ന് പഠിപ്പിച്ച ആ മഹാപ്രതിഭക്ക് പ്രണാമം

HIGHLIGHTS : 1994ലാണ് എം.എസ്.പി.യില്‍ ജോലി ചെയ്യുന്ന കാലം ... വൈകീട്ട്‌പോലീസ് കുപ്പായത്തില്‍ ഒന്ന് തിരുവനന്തപുരം നഗരത്തില്‍കറങ്ങേണ്ടി വന്നു.. ഉച്ചയ്ക്ക് സെക്...

1994ലാണ് എം.എസ്.പി.യില്‍ ജോലി ചെയ്യുന്ന കാലം …
വൈകീട്ട്‌പോലീസ് കുപ്പായത്തില്‍ ഒന്ന് തിരുവനന്തപുരം
നഗരത്തില്‍കറങ്ങേണ്ടി വന്നു..

അബ്ദുള്‍ സലീം ഇ കെ
അബ്ദുള്‍ സലീം ഇ കെ

ഉച്ചയ്ക്ക് സെക്രട്ടറിയേറ്റിന് മുന്നില്‍ ‘ഒരു പ്രമുഖ യുവജന പ്രസ്ഥാനവുമായി ‘ പോലീസുകാര്‍ക്ക് ചെറിയ ‘ഇടപാടു’ നടത്തേണ്ടി വന്നിരുന്നു, അതിന്റെ ബാക്കിപത്രമെന്നോണം നഗരത്തില്‍ പലയിടത്തും ഗതാഗത തടസ്സവും പോലീസുകാരുടെ ‘ചുറ്റിക്കളി’യുമൊക്കെയുണ്ടായിരുന്നു…

sameeksha-malabarinews

അങ്ങനെയാണ്
ഒരു സുഹൃത്തിനൊപ്പം ഇന്ത്യന്‍ കോഫി ഹൗസിനടുത്തെത്തിയത്. മുന്നില്‍
നല്ല പരിചയമുള്ള ഒരു മുഖം..
നടന്‍ ഗോപിയാണ് ആദ്യം മനസ്സിലെത്തിയത്….
പക്ഷേ ഗോപിയല്ല…

വായിച്ച് തുടങ്ങിയ നാള്‍ മുതല്‍ എട്ടന്റെ മേശപ്പുറത്ത് കാണാറുള്ള കലാകൗമുദിയുടെ അവസാന പുറങ്ങള്‍പെട്ടൊന്ന് മനസ്സില്‍ മിന്നി മറഞ്ഞു…

‘സാഹിത്യ വാരഫലം ‘
വായന അല്‍പം ഗൗരവമായെടുക്കും മുമ്പ് അതിലെ ‘നിര്‍വ്വചനങ്ങള്‍ ‘
‘നിരീക്ഷണങ്ങള്‍’ ‘ചോദ്യം ഉത്തരം ‘ തുടങ്ങിയ ചിലതിലായിരുന്നു
കൗതുകം തോന്നിയിരുന്നത്. യു.പി.ക്ലാസ്സില്‍ പഠിക്കുന്ന എനിക്കും സാഹിത്യവുമായി ഒരു ബന്ധവുമില്ലാത്തവര്‍ക്കും സാഹിത്യം ഗവേഷണ വിഷയമാക്കിയവര്‍ക്കും താല്‍പര്യം തോന്നുന്ന ചിലത് ആ കുറിപ്പുകളിലുണ്ടായിരുന്നു.

പിന്നീട് അവിടെ വായിച്ച പേരുകളും പുസ്തകങ്ങളും മുക്കത്തെ പ്രതിഭാ ഗ്രന്ഥശാലയില്‍ പരതുന്നതിലേക്കായി ഞങ്ങളുടെ ‘ബന്ധം” വളര്‍ന്നു…..
അതിലൊന്ന് ഗബ്രിയേല്‍ ഗാര്‍സിയമാര്‍ക്വസിന്റ ‘ഏകാന്തതയുടെ നൂറ് വര്‍ഷങ്ങളാണ് ‘ അദ്ദേഹത്തിന്റെ വാക്കുകളിലെ ‘മാക്വണ്ട’ ഇപ്പോഴും ഓര്‍മ്മയിലുണ്ട്…

മലയാളനാടില്‍ തുടങ്ങി കലാകൗമുദിയില്‍ നിന്ന് ആ പംക്തി ‘മലയാള’ത്തിലേക്ക് മാറിയപ്പോഴേക്കും ലോകസാഹിത്യത്തിലെ അറിയപ്പെടുന്നമിക്കപേരുകളും പുസ്തകങ്ങളും ഒരു വട്ടമെങ്കിലും മലയാളിയുടെ മനസ്സിലെത്തിയിരിക്കും….

മുന്നില്‍ നില്‍ക്കുന്നത് സാഹിത്യ വാരഫലമെന്ന പേരില്‍ ആഴ്ചപ്പതിപ്പില്‍ സാഹിത്യത്തെക്കുറിച്ചെഴുതി സാഹിത്യ നിരൂപണത്തെ ഒരു ‘നിത്യവ്യവഹാരമാക്കി’മലയാളിയെ ഞെട്ടിച്ച സാക്ഷാല്‍ പ്രൊഫസര്‍ എം.കൃഷ്ണന്‍ നായര്‍ …
യൂണിഫോമിലായിരുന്നു ഞാന്‍,
ഒരു സല്യൂട്ട് നല്‍കാനാണ് പെട്ടൊന്ന് തോന്നിയത്….
ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു ‘ബിഗ് സല്യൂട്ട്’…
കൈയ്യിലുണ്ടായിരുന്ന കാലന്‍കുട ബാഗിരുന്ന മറു കൈയ്യില്‍ വെച്ച്
സാറ് ഒരു കൈ കൊണ്ട് തിരിച്ച് തൊഴുന്ന പോലെ കാണിച്ചു….

അല്‍ഭുതത്തോടെ ഞങ്ങളോട് ചോദിച്ചു ”പഠിപ്പിച്ചതാണോ”
അല്ല….
സാറിനെ കണ്ട സന്തോഷത്തില്‍ അടുത്തു വന്നതാണ് ….
”ഒരുപകാരം ചെയ്യണം
ഒരു ഓട്ടോ നിര്‍ത്തിത്തരണം”
അങ്ങനെ ആദ്യവും അവസാനവുമായി,
കേരളത്തിലെ ലക്ഷക്കണക്കിന് വായനക്കാര്‍ക്ക് ‘ഉപകാര’മാവുന്ന വിധം ലോകസാഹിത്യത്തെ പരിചയപ്പെടുത്തിയ എം .കൃഷ്ണന്‍ നായര്‍ക്ക് എന്റെ വക ഒരു ഉപകാരം ചെയ്യാനായ സന്തോഷത്തോടെ സാറ് ഓട്ടോയില്‍ കയറിപ്പോകുന്നത് നോക്കിനിന്നു…..

പക്ഷേ മനസ്സില്‍ ഒരു ചെറിയ പേടി അപ്പോഴും ബാക്കിയുണ്ടായിരുന്നു.രണ്ടു മൂന്നാഴ്ച സാഹിത്യ വാരഫലം വായിച്ച് നോക്കുന്നത് വരേ അത് തുടര്‍ന്നു….

ചിലപ്പോള്‍ അദ്ദേഹം ആകൂടിക്കാഴ്ചയെക്കുറിച്ച്
ഇങ്ങനെ എഴുതിക്കളയും
‘ ഒരു നദി പോലെ ഒഴുകിയിരുന്ന അനന്തപുരിയെ യുദ്ധക്കളമാക്കി മാറ്റുന്നതില്‍ പങ്കു വഹിച്ച കപാലികന്‍എന്റെ മുന്നില്‍ നമ്രശിരസ്‌കനായി നില്‍ക്കുന്നു ”

എം.കൃഷ്ണന്‍ നായരുടെ മൂര്‍ച്ചയേറിയ വാക്കുകള്‍ ‘പേടിച്ച് ‘ എഴുത്ത് നിര്‍ത്തിയവരുണ്ട് കേരളത്തില്‍ ,
അദ്ദേഹത്തെ കളിയാക്കി കവിതയെഴുതിയവരുണ്ട്….
കിട്ടാവുന്ന വേദിയിലെല്ലാം അദ്ദേഹത്തെ പരസ്യമായി ചീത്ത വിളിച്ചവരുണ്ട്.
പക്ഷേ അദ്ദേഹത്തിന്റെ വാക്കുകളുടെ മൂര്‍ച്ച കുറയ്ക്കാന്‍ അദ്ദേഹത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ആ ‘കുല്‍സിത ശ്രമങ്ങള്‍ ‘കൊണ്ടൊന്നും സാധ്യമാകുമായിരുന്നില്ല….
ഇന്ന് ഫെബ്രുവരി 23 പ്രൊഫസര്‍ എം.കൃഷ്ണന്‍ നായരുടെ ഓര്‍മ്മദിനം
മലയാളിയെ ‘പുസ്തകമെങ്ങനെ വായിക്കണം’ എന്ന് പഠിപ്പിച്ച ആ മഹാപ്രതിഭക്ക് പ്രണാമം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!