HIGHLIGHTS : Malayalam Language Network becomes a reality: Minister Dr. R Bindu, Malayalam University Centre, regional centre in Ponnani

വൈജ്ഞാനിക മേഖലയിലെ മുന്നേറ്റത്തിന് ഉതകുന്ന രീതിയില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, സര്‍വ വിജ്ഞാന കോശം, സാഹിത്യ അക്കാദമി, മലയാള സര്‍വകലാശാല എന്നീ സ്ഥാപനങ്ങളെ ബന്ധപ്പെടുത്തി മലയാള ഭാഷ നെറ്റ്വര്‍ക്ക് ആരംഭിച്ചത് സന്തോഷകരമാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ സര്‍വ വിജ്ഞാനകോശം 19-ാം വാല്യത്തിന്റെയും ലഘുവിജ്ഞാന കോശങ്ങളുടെയും പ്രകാശന ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി.

വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുന്ന സ്ഥാപനങ്ങള്‍ക്കും ഭാഷയുടെ വികാസത്തിനും ഇതേറെ സഹായകമാണ്. മലയാള സര്‍വകലാശാലയാണ് മലയാള ഭാഷാ നെറ്റ്വര്‍ക്കിന്റെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നത്. പൊന്നാനിയില്‍ പ്രാദേശിക കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. സപ്തഭാഷാ സംഗമഭൂമിയായ കാസര്‍ഗോഡുള്‍പ്പെടെ വിവിധ പ്രദേശങ്ങളില്‍ ഉപകേന്ദ്രങ്ങള്‍ സ്ഥാപിക്കും. മലയാള ഭാഷയ്ക്ക് സംഭാവന ചെയ്യാന്‍ കഴിയുന്ന എല്ലാ സ്ഥാപനങ്ങളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണിത്. അറിവിനെ ഇല്ലാതാക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന പ്രവണതകള്‍ വര്‍ദ്ധിച്ചുവരുന്ന കാലത്ത് വൈജ്ഞാനിക സമൂഹം പ്രതിരോധം തീര്‍ക്കേണ്ടത് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ സര്‍വ വിഞ്ജാന കോശം 19-ാം വാല്യത്തിന്റെ പ്രകാശനം മന്ത്രിമാരായ സജി ചെറിയാനും ഡോ. ആര്‍ ബിന്ദുവും ഗായകന്‍ കെ ജി മാര്‍ക്കോസിന് നല്‍കി നിര്‍വഹിച്ചു. ലഘു വിജ്ഞാന കോശങ്ങളുടെ പ്രകാശനം മന്ത്രി സജി ചെറിയാന്‍ ഡോ. ആര്‍ ബിന്ദുവിന് നല്‍കി പ്രകാശിപ്പിച്ചു. സര്‍വ വിജ്ഞാന കോശം ഡയറക്ടര്‍ ഡോ. മ്യൂസ് മേരി ജോര്‍ജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ അസിസ്റ്റന്റ് എഡിറ്റര്‍ ഡോ. പി സുവര്‍ണ സ്വാഗതം ആശംസിച്ചു. ഗായകന്‍ കെ ജി മാര്‍ക്കോസ് ഗ്രന്ഥം സ്വീകരിച്ചു. തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എല്‍ സുഷമ,കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.എം സത്യന്‍, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ മെമ്പര്‍ സെക്രട്ടറി പി എസ് മനേക്ഷ്, ചലച്ചിത്ര പ്രവര്‍ത്തകന്‍ ബി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു. തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെ എം ഭരതന്‍ ലഘു വിജ്ഞാന കോശങ്ങള്‍ പരിചയപ്പെടുത്തി. സര്‍വ വിഞ്ജാന കോശം ഇന്‍സ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് എഡിറ്റര്‍ ആര്‍ അനിരുദ്ധന്‍ നന്ദി അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു