Section

malabari-logo-mobile

പാഠപുസ്തകങ്ങളില്‍ മലയാളം അക്ഷരമാല ഉള്‍പ്പെടുത്തും; ലിംഗ തുല്യത ഉറപ്പുവരുത്തുന്ന യൂണിഫോമുമായി ബന്ധപ്പെട്ട ചിന്തകളിലേക്ക് നാം കടക്കണം: മന്ത്രി വി ശിവന്‍കുട്ടി

HIGHLIGHTS : Malayalam alphabet will be included in textbooks; We need to move on to ideas related to uniforms that ensure gender equality: Minister V Sivankutty

അടുത്ത വര്‍ഷത്തെ പാഠപുസ്തകങ്ങളില്‍ മലയാളം അക്ഷരമാല ഉള്‍പ്പെടുത്തുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവന്‍കുട്ടി. ആധുനിക ഭാഷാ പഠന രീതിയോടൊപ്പം പാഠപുസ്തകങ്ങളില്‍ മലയാളം അക്ഷരങ്ങള്‍ ഉള്‍പ്പെടുത്തുന്നതില്‍ തെറ്റില്ലെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഒരു കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ആലപ്പുഴ പുന്നപ്ര ജെ ബി സ്‌കൂള്‍ മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു വിദ്യാഭ്യാസ മന്ത്രി.

ലിംഗ സമത്വം ഉറപ്പുവരുത്തുന്ന യൂണിഫോം സംബന്ധിച്ച് പുതിയ ചിന്തകളിലേക്ക് നാം കടക്കേണ്ടിയിരിക്കുന്നു എന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ എറണാകുളം ജില്ലയിലെ വളയന്‍ ചിറങ്ങര എല്‍ പി സ്‌കൂളിന്റെ മാതൃക സ്വാഗതാര്‍ഹമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

sameeksha-malabarinews

പുതിയ കരിക്കുലം കമ്മിറ്റി താമസിയാതെ രൂപീകരിക്കും. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഘട്ടം ഘട്ടമായി ഒരു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കാനാണ് ശ്രമം. പ്രൈമറി ക്ലാസ് മുതല്‍ തന്നെ ലിംഗസമത്വം സംബന്ധിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നുവരണം.

ഉപരിപഠനത്തിന് അര്‍ഹതയുള്ള, അപേക്ഷ നല്‍കിയിട്ടുള്ള മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്ലസ് വണ്‍ പ്രവേശനത്തിനുള്ള സംവിധാനം സര്‍ക്കാര്‍ ഒരുക്കും. ഈ മാസം ഇരുപത്തി മൂന്നാം തീയതി പുതിയ ബാച്ച് എവിടെയൊക്കെ അനുവദിക്കണമെന്ന കാര്യത്തില്‍ ആലോചനയുണ്ടാകും. ആവശ്യമായ ഇടങ്ങളില്‍ പുതിയ ബാച്ചുകള്‍ അനുവദിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. യോഗത്തില്‍ അമ്പലപ്പുഴ എം എല്‍ എ എച്ച് സലാം അധ്യക്ഷനായിരുന്നു. ആലപ്പുഴ എംപി എ.എം. ആരിഫ്, ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ജി രാജേശ്വരി തുടങ്ങിയവര്‍ യോഗത്തില്‍ വിശിഷ്ടാതിഥികള്‍ ആയിരുന്നു.

മാവേലിക്കര നിയമസഭാ മണ്ഡലത്തില്‍പ്പെട്ട തഴക്കര കുന്നം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു. എംഎസ് അരുണ്‍ കുമാര്‍ എംഎല്‍എ അധ്യക്ഷനായിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!