Section

malabari-logo-mobile

വര്‍ണാഭമായി സ്‌കൂള്‍ പ്രവേശനോത്സവം

HIGHLIGHTS : സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം വര്‍ണാഭമായ ചടങ്ങുകളോടെ എടക്കര ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. പി.വി അന്‍വര്‍ എം.എല്‍.എ ഉദ്ഘാ...

സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം വര്‍ണാഭമായ ചടങ്ങുകളോടെ എടക്കര ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. പി.വി അന്‍വര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്ത് കൈവരിച്ച പുരോഗതിയാണ് കേരളത്തെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നതെന്ന് എം.എല്‍.എ പറഞ്ഞു. മികവിന്റെ കേന്ദ്രമാക്കാന്‍ എടക്കര ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മൂന്ന് കോടി രൂപ അനുവദിച്ചതടക്കം പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനായി നിലമ്പൂര്‍ മണ്ഡലത്തില്‍ മാത്രം 50 കോടി രൂപയാണ് ചെലവഴിക്കുന്നത്. സംസ്ഥാന സിലബസില്‍ പഠിക്കാന്‍ കൂടുതല്‍ കുട്ടികളെത്തുന്നത് പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായി മാറിയതിനാലാണെന്നും എം.എല്‍.എ പറഞ്ഞു.
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് അംഗം സന്തോഷ് കപ്രാട്ട് അധ്യക്ഷത വഹിച്ചു. വിവിധ പ്രൊജക്ടുകളുടെ ഉദ്ഘാടനവും നടന്നു. ഇന്റേണല്‍ ക്വാളിറ്റി പ്രോജക്ടിന്റെ ഉദ്ഘാടനം ഡി.ഡിഇ പി.കൃഷ്ണനും സ്‌കൂള്‍ ടെലികാസ്റ്റിങ് പ്രോഗ്രാമിന്റെ ഉദ്ഘാടനം കോ-ഓഡിനേറ്റര്‍ പി.എം അനിലും നിര്‍വഹിച്ചു. ടാലന്റ് ഹണ്ട് പ്രോജക്ട്, ആര്‍ട്ട് ത്രൂ എജ്യുക്കേഷന്‍ പ്രോജക്ട് എന്നിവ വി എച്ച് എസ്ഇ അഡീഷണല്‍ ഡയറക്ടര്‍ പി.ഉബൈദുല്ലയും ലാംഗ്വേജ് ലാബ് പ്രോജക്ട് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ല കോര്‍ഡിനേറ്റര്‍ എം.മണിയും ഉദ്ഘാടനം ചെയ്തു. എല്‍ ഇ ഡി ബള്‍ബ് നിര്‍മാണ പ്രൊജക്ട് എസ്.എസ്.കെ. ഡി.പി.ഒ ടി .എസ്. മുരളീധരനും ഗണിതം ജീവിതത്തില്‍ പ്രൊജക്റ്റ് നിലമ്പൂര്‍ എ ഇ ഒ ടി. പി.മോഹന്‍ദാസും ഉദ്ഘാടനം ചെയ്തു. എസ്.എസ്.കെ ഡിപിഒ ടി.രത്‌നാകരന്‍ എന്‍ഡോവ്‌മെന്റ് വിതരണം നടത്തി. പി.ടി.എ പ്രസിഡന്റ് കെ. രാധാകഷ്ണന്‍, പ്രിന്‍സിപ്പല്‍ ബി നാരായണ, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് അബ്ദുറഹ്മാന്‍ കല്ലേങ്ങര, ബിപിഒ കെ.ജി മോഹനന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.കെ ചന്ദ്രന്‍, ഷൈനി പാലക്കുഴി, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് അനില്‍ ലൈലാക്ക് എന്നിവര്‍ സംസാരിച്ചു. എസ്എസ്‌കെ ജില്ല പ്രൊജക്ട് ഓഫീസര്‍ എന്‍.നാസര്‍ സ്വാഗതവും പ്രധാനധ്യാപകന്‍ മാത്യു പി തോമസ് നന്ദിയും പറഞ്ഞു.

ഈ അധ്യയന വര്‍ഷത്തില്‍ 112 കുട്ടികളാണ് എടക്കര ഗവ.സ്‌കൂളില്‍ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയിരിക്കുന്നത്. പ്രീ പ്രൈമറി വിഭാഗത്തില്‍ 75 കുട്ടികളുമുണ്ട്. ഇവരുള്‍പ്പെടെ 1000 ത്തോളം കുട്ടികള്‍ക്ക് സൗജന്യ പഠനോപകരണ കിറ്റും സ്‌കൂള്‍ യൂണിഫോമും വിതരണം ചെയ്തു. ഹയര്‍ സെക്കന്‍ഡറിയടക്കം 2820 വിദ്യാര്‍ത്ഥികളാണ് ഈ മാതൃകാ വിദ്യാലയത്തില്‍ പഠിക്കുന്നത്.
തോരണങ്ങളാലും ബലൂണുകളാലും മുഴുവനായി അലങ്കരിച്ച സ്‌കൂളില്‍ ഉദ്ഘാടന ചടങ്ങുകള്‍ക്ക് മുമ്പായി മുരുകന്‍ കാട്ടാക്കട രചിച്ച് ഈണമിട്ട പ്രവേശനോല്‍സവ ഗാനത്തിന്റെ നൃത്താവിഷ്‌ക്കാരം വേദിയില്‍ അരങ്ങേറി. ചിലങ്ക കെട്ടി പെണ്‍കുട്ടികള്‍ ആടി തിമിര്‍ക്കുമ്പോള്‍ ആയിരങ്ങള്‍ പങ്കെടുത്ത വേദിയില്‍ ആണ്‍കുട്ടികളുടെ ചടുലതാളവും കൊഴുപ്പേകി. എടക്കര ടൗണില്‍ നിന്ന് വാദ്യഘോഷങ്ങളോടെ സ്‌കൗട്ട് ആന്റ് ഗൈഡ്സ് അംഗങ്ങളും സോക്കര്‍ അക്കാദമിയിലെ താരങ്ങളും ചേര്‍ന്ന് അതിഥികളെ സ്വീകരിച്ചു. പ്രൈമറി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുളള കുട്ടികള്‍ക്കുള്ള മുഖ്യമന്ത്രിയുടെ പ്രത്യേക കത്തും കുട്ടികള്‍ക്ക് നല്‍കി.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!