Section

malabari-logo-mobile

മലപ്പുറം ജില്ലയിലെ അഞ്ച് തീരദേശ റോഡുകളുടെ ഉദ്ഘാടനവും 15 റോഡുകളുടെ നിര്‍മാണോദ്ഘാടനവും മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിച്ചു

HIGHLIGHTS : മലപ്പുറം:ജില്ലയിലെ തീരദേശ റോഡുകളുടെ ഉദ്ഘാടനവും റോഡുകളുടെ നിര്‍മാണോദ്ഘാടനവും ഫിഷറീസ് – ഹാര്‍ബര്‍ എഞ്ചിനീയറി്ങ് വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട...

മലപ്പുറം:ജില്ലയിലെ തീരദേശ റോഡുകളുടെ ഉദ്ഘാടനവും റോഡുകളുടെ നിര്‍മാണോദ്ഘാടനവും ഫിഷറീസ് – ഹാര്‍ബര്‍ എഞ്ചിനീയറി്ങ് വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ ഓണ്‍ലൈനിലൂടെ  നിര്‍വഹിച്ചു. ജില്ലയില്‍ നിര്‍മാണം പൂര്‍ത്തിയായ 184.8 ലക്ഷം രൂപയുടെ അഞ്ച് തീരദേശ റോഡുകളുടെ ഉദ്ഘാടനവും 720.25 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മാണം ആരംഭിക്കുന്ന 15 റോഡുകളുടെ നിര്‍മാണോദ്ഘാടനവുമാണ് മന്ത്രി നിര്‍വഹിച്ചത്. തീരദേശ മേഖല വികസനത്തിനായി നിരവധി പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന്  ചടങ്ങില്‍ മന്ത്രി പറഞ്ഞു. തീരദേശ മേഖലയില്‍ ഫിഷര്‍മാന്‍ ഫ്‌ളാറ്റും പുനര്‍ഗേഹം പദ്ധതിയും ഹാര്‍ബര്‍ വികസനം തുടങ്ങിയവ നടപ്പിലാക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തീരദേശ റോഡുകള്‍ യുദ്ധകാടിസ്ഥാനത്തില്‍ നവീകരിക്കുകയാണെന്ന് ചടങ്ങില്‍ അധ്യക്ഷനായ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. തീരദേശ മേഖലയ്ക്ക് സംരക്ഷണവും ശ്രദ്ധയും ഫിഷറീസ് വകുപ്പ് നല്‍കുന്നുവെന്നും പൊന്നാനിയില്‍ പുനര്‍ഗേഹം പദ്ധതി ദ്രുതഗതിയില്‍ നടന്നുവരികയാണെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. പൊന്നാനി, വള്ളിക്കുന്ന്, താനൂര്‍, തിരൂരങ്ങാടി, തവനൂര്‍ നിയോജകമണ്ഡലത്തിലെ റോഡുകളുടെ ഉദ്ഘാടനവും നിര്‍മാണോദ്ഘാടനവുമാണ് മന്ത്രി നിര്‍വഹിച്ചത്.

പൊന്നാനി മണ്ഡലത്തില്‍ 298.4 ലക്ഷം രൂപ ചെലവഴിച്ച്  നിര്‍മിക്കുന്ന അഞ്ച് റോഡുകളുടെ നിര്‍മാണോദ്ഘാടനമാണ് നടന്നത്. 46 ലക്ഷം ചെലവഴിച്ച് പെരുമ്പടപ്പ് പഞ്ചായത്തിലെ അയിരൂര്‍ പുതിയിരുത്തി കടവ് റോഡും 84.20 ലക്ഷം രൂപ ചെലവഴിച്ച് വെളിയങ്കോട് പഞ്ചായത്തിലെ താഴത്തേതു പടി – പെരുമുടിശ്ശേരി കോതമുക്ക് റോഡും നിര്‍മിക്കും. പൊന്നാനി ഐ.എച്ച്.എസ്.ഡി.പി ഫിഷര്‍മെന്‍ കോളനി റോഡ് 35.2 ലക്ഷവും പൊടിപറമ്പ് റോഡ് 34.5 ലക്ഷവും പൊന്നാനി ഫിഷിങ് ഹാര്‍ബര്‍ പാര്‍ക്കിങ് ഏരിയ അപ്രോച്ച് റോഡ് 98.5 ലക്ഷവും ചെലവഴിച്ചാണ് നിര്‍മിക്കുന്നത്. ചടങ്ങില്‍ 17.5 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച പാലപ്പെട്ടി ആരോടി കോളനി റോഡിന്റെ പൂര്‍ത്തീകരണോദ്ഘാടനവും നടന്നു. പൊന്നാനി നഗരസഭയില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി, കൗണ്‍സിലര്‍മാരായ ഒ.ഒ ഷംസു, അഷ്‌റഫ് പറമ്പില്‍, റീന പ്രകാശന്‍, ഹാര്‍ബര്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം.ടി രാജീവ്, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

sameeksha-malabarinews

വള്ളിക്കുന്ന് മണ്ഡലത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച  പാരോള്‍ ചെറായ പടിക്കപ്പുറം മണ്ണട്ടാം പാറ റോഡാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഫിഷറീസ് വകുപ്പില്‍ നിന്ന് അനുവദിച്ച 49.4 ലക്ഷം രൂപ വിനിയോഗിച്ചായിരുന്നു റോഡ് നിര്‍മാണം. ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പിനായിരുന്നു നിര്‍മാണ ചുമതല. പി.അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ അധ്യക്ഷനായി. വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് വി എന്‍ ശോഭന, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ടി.പ്രഭാകരന്‍,  ബിന്ദു പുഴയ്ക്കല്‍, പഞ്ചായത്തംഗം   കെ വിശ്വനാഥന്‍, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ്  അസിസ്റ്റന്റ് എഞ്ചിനീയര്‍ പ്രണവ് മലോല്‍ എന്നിവര്‍ പങ്കെടുത്തു.

താനൂര്‍ മണ്ഡലത്തില്‍ നിറമരുതൂര്‍ പഞ്ചായത്തിലെ പോസ്റ്റ് ഓഫീസ് – പത്തമ്പാട് റോഡാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. ഫിഷറീസ് വകുപ്പില്‍ നിന്ന് അനുവദിച്ച   47 ലക്ഷം രൂപ ചെലവിലാണ് റോഡ് യാഥാര്‍ത്ഥ്യമാക്കിയത്. വി. അബ്ദുറഹ്മാന്‍ എം.എല്‍.എ അധ്യക്ഷനായി. പഞ്ചായത്ത്  പ്രസിഡന്റ് വി.വി സുഹറ റസാഖ്, വൈസ് പ്രസിഡന്റ് കെ വി സിദ്ധീഖ്, സ്ഥിരം സമിതി അധ്യക്ഷ രായ സുബൈദ ഷാലിമാര്‍, കെ പ്രേമ, പഞ്ചായത്തംഗങ്ങളായ കെ വി നാരായണന്‍ കുട്ടി മാസ്റ്റര്‍, കെ ടി ശശി, സി.ഡി.എസ് പ്രസിഡന്റ് ഐ.പി ശര്‍മിള, അസിസ്റ്റന്റ് സെക്രട്ടറി ബിന്ദു, ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ അര്‍ജ്ജുന്‍ എന്നിവര്‍ പങ്കെടുത്തു.

തിരൂരങ്ങാടി മണ്ഡലത്തില്‍ നാല് തീരദേശ റോഡുകളുടെ നിര്‍മാണമാണ് തുടങ്ങിയത്. ചെട്ടിപ്പടി കനിയാളില്‍ റോഡ്, തൊട്ടിത്തറ പൂവത്തിങ്കല്‍ എതുരുത്തിക്കടവ് റോഡ്, മാപ്പൂട്ടില്‍പ്പാടം നമ്പുളം നോര്‍ത്ത് റോഡ്, പ്രയാഗ് റോഡ് ഫ്രം നമ്പുളം ജംഗ്ഷന്‍ ടു പുത്തന്‍ കടപ്പുറം എന്നിവയുടെ നിര്‍മാണ പ്രവൃത്തിയാണ് തുടങ്ങിയത്. ഫിഷറീസ് വകുപ്പില്‍ നിന്ന് അനുവദിച്ച  1.90 കോടി രൂപ ചെലവിലാണ് റോഡ് പ്രവൃത്തി. ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പിനാണ് നിര്‍മാണ ചുമതല. പരപ്പനങ്ങാടി അഞ്ചപ്പുര ജിം റോഡ്, പരപ്പനങ്ങാടി ചാപ്പ പടി ഫിഷറീസ് ഹോസ്പിറ്റല്‍ റോഡ് എന്നിവയുടെ നിര്‍മാണവും പൂര്‍ത്തീകരിച്ചു. 65.4 ലക്ഷം രൂപ വിനിയോഗിച്ചായിരുന്നു പ്രവൃത്തി. പരപ്പനങ്ങാടി നഗരസഭ ചെയര്‍ പേഴ്‌സണ്‍ വി.വി ജമീല ടീച്ചര്‍, വൈസ് ചെയര്‍മാന്‍ എച്ച് ഹനീഫ, കൗണ്‍സിലര്‍മാരായ സക്കീന കോ യ, കടവത്ത് സൈതലവി, കെ.പി.എം കോയ, ടി.പി നഫീസു, ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്‍ കെ മുഹമ്മദ് കോയ എന്നിവര്‍ പങ്കെടുത്തു.

തവനൂര്‍ മണ്ഡലത്തില്‍ 2.32 കോടി ചെലവഴിച്ച് നിര്‍മിക്കുന്ന ആറ് റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്. ചടങ്ങില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അധ്യക്ഷനായി. പുറത്തൂര്‍ പഞ്ചായത്തില്‍ നാലും മംഗലം പഞ്ചായത്തില്‍ രണ്ടും റോഡുകളാണ് നവീകരിക്കുന്നത്. പുറത്തൂര്‍ പഞ്ചായത്തിലെ കയര്‍ സൊസൈറ്റി മുട്ടന്നൂര്‍ പട്ടികജാതി കോളനി റോഡ് നവീകരണത്തിന് 48.3 ലക്ഷവും ചൂരപ്പാടം പട്ടിക ജാതി കോളനി റോഡിന് 22.5 ലക്ഷം, പുഴകെട്ട് ഉള്ളാടിപ്പടി റോഡിന് 25.8, ജെട്ടിലൈന്‍ അഴിമുഖം റോഡിന് 32.5 ലക്ഷം എന്നിങ്ങനെയാണ് നിര്‍മാണ ചെലവ്. മംഗലം പഞ്ചായത്തില്‍ ഹരിജന്‍ കോളനി പേരാല്‍ത്തറ മലമരുതൂര്‍ റോഡ് 28.2 ലക്ഷവും പെരുന്തിരുത്തി തൂക്കുപാലം റോഡ് 74.3 ലക്ഷവും ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!