മലപ്പുറത്ത് മലബാര്‍ കാര്‍ണിവലിന് ഇന്ന് തുടക്കമാവും

മലപ്പുറം : ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ നടത്തുന്ന സൂര്യ മലബാര്‍ കാര്‍ണിവലിന് ഇന്ന് തുടക്കമാവും. കോട്ടക്കുന്ന് ടൂറിസം പാര്‍ക്കില്‍ നടക്കുന്ന മേള മലബാറിന്റെ സാംസ്‌കാരി പ്രദര്‍ശനത്തിന് കൂടി വേദിയാവും. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ഡിസംബര്‍ 29ന് സ്പീകര്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും. പി ഉബൈദുള്ള എംഎല്‍എ അധ്യക്ഷത വഹിക്കും. പികെ കുഞ്ഞാലിക്കുട്ടി എംപി, എംഎല്‍എ മാരായ പിവി അന്‍വര്‍, വി അബ്ദുറഹ്മാന്‍, നഗരസഭ ചെയര്‍പേഴ്‌സന്‍ സിഎച്ച് ജമീല ജില്ല കലക്ടര്‍ ജാഫര്‍ മലിക് എന്നിവര്‍ പങ്കെടുക്കും.

ജില്ലയിലെ ചെറുകിട വ്യവസായികള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന മേളയില്‍ 60 സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്. കുടുംബശ്രീ ഉത്പന്നങ്ങളുടെ പ്രത്യേക സ്റ്റാളുകളും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്. മലബാറിന്റെ തനത് രുച പരിചയപ്പെടുത്തുന്ന സ്റ്റാളുകള്‍ മേളയുടെ പ്രധാന ആകര്‍ഷണമാണ്. ഓരോ ദിവസവും കലാപരിപാടികളും മേളയിലുണ്ടാവും. ഇന്ന് (ഡിസംബര്‍ 28) കുടുംബശ്രീ അംഗങ്ങളുടെയും സ്‌കൂള്‍ കലോത്സവ ജേതാക്കളുടെയും പരിപാടികള്‍ അരങ്ങേറും. ഉദ്ഘാടന ദിവസമായ 29ന് പിന്നണി ഗായകന്‍ അന്‍വര്‍ സാദത്തും സംഘവും അവതരിപ്പിക്കുന്ന സംഗീത വിരുന്നുണ്ടാവും. 30ന് സമീര്‍ ബിന്‍സിയുടെ നേതൃത്വത്തില്‍ സൂഫി ഖവാലിയും 31ന് ചൈനീസ് ഡാന്‍സും വയലിന്‍ ഫ്യൂഷന്‍ മ്യൂസികും നടക്കും. ജനുവരി രണ്ടിന് നാടന്‍പാട്ടും മൂന്നിന് പഴയ ഗാനങ്ങളുടെ ആവിഷ്‌കാരവും നാലിന് കാലിക്കറ്റ് വി ഫോര്‍ യുവിന്റെ കോമഡി ഷോയും അരങ്ങേറും. സമാപന ദിവസമായ ജനുവരി അഞ്ചിന് കാലിക്കറ്റ് റെഡ് ബാന്‍ഡിന്റെ ഗാനമേളയും പരിപാടിയിലുണ്ടാവും.

Share news
error: Content is protected !!
Scroll to Top