പരപ്പനങ്ങാടി: മലപ്പുറം ജില്ലയിലെ പ്രധാന കഞ്ചാവു കച്ചവടക്കാരന്‍ എ.ആര്‍ നഗര്‍ ചേലക്കോട് സ്വദേശി പുത്തലത്ത് മുഹമ്മദ് കുട്ടി മകന്‍ അബ്ദുള്‍ സലാം (46) അറസ്റ്റില്‍. തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി എല്‍ ജോസിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി ഇതിനുപുറമെ നിരവധി കഞ്ചാവു കേസുകളില്‍ പ്രതിയാണ്.
പരപ്പനങ്ങാടി എക്‌സൈസ് റേഞ്ച് എടുത്ത കഞ്ചാവ് കേസില്‍ ഒളിവില്‍ കഴിഞ്ഞുവരവെയാണ് പ്രതി സലാം പിടിയിലായത്. കേസിലെ രണ്ടാം പ്രതിയും ഇയാളുടെ ഭാര്യയുമായ ജംഷിയയെ നേരത്തെ അറസ്റ്റു ചെയ്തു റിമാന്റ് ചെയ്തിരുന്നു.
ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് നിന്ന് 110 കിലോ കഞ്ചാവുമായി പിടിയിലായ പ്രതി ജാമ്യത്തില്‍ ഇറങ്ങി നാട്ടില്‍ വീണ്ടും കഞ്ചാവ് കച്ചവടം നടത്തിവരുകയായിരുന്നു.
സിഐക്ക് പുറമേ പ്രിവന്റീവ് ഓഫീസര്‍ കെ.എസ് സുര്‍ജിത്, പി.ബിജു, സിവില്‍ ഓഫീസര്‍മാരായ പ്രദീപ് കുമാര്‍, രജീഷ്, സമേഷ്, ദിലീപ്, ജിന രാജ് ,വനിതാ ഓഫീസര്‍മാരായ സിന്ധു, ലിഷ, എക്‌സൈസ് ഡ്രൈവര്‍ ചന്ദ്രമോഹന്‍, ഷജില്‍ എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.




