മലപ്പുറം ജില്ലാ പഞ്ചായത്തിന് സംസ്ഥാന സര്‍ക്കാരിന്റെ വയോ സേവാ പുരസ്‌കാരം

മലപ്പുറം: വയോജനങ്ങളുടെ ക്ഷേമവും സുരക്ഷയും ഉറപ്പു വരുത്തുന്നതിനായി വിവിധ പദ്ധതികളും പദ്ധതിയേതര പ്രവര്‍ത്തനങ്ങളും നടപ്പിലാക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യ നീതി വകുപ്പ് നല്‍കുന്ന ഈ വര്‍ഷത്തെ വയോസേവ അവാര്‍ഡിന് മലപ്പുറം ജില്ലാ പഞ്ചായത്ത് അര്‍ഹമായി . ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും മൊമെന്റോയും അടങ്ങിയതാണ് അവാര്‍ഡ്.

ജില്ലയില്‍ വയോജനങ്ങള്‍ക്കായി നടപ്പിലാക്കിയ നിരവധി മാതൃകാപരമായ പദ്ധതികള്‍ പരിഗണിച്ചാണ് പുരസ്‌കാരം. കേരള സാമൂഹ്യ നീതി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദുവാണ് വിവിധ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

കഴിഞ്ഞ 3 വര്‍ഷമായി വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, സമൂഹത്തില്‍ അവശത അനുഭവിക്കുന്ന മറ്റു വിഭാഗങ്ങള്‍ എന്നിവര്‍ക്ക് പ്രത്യേകമായി തന്നെ നിരവധി പദ്ധതികള്‍ ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച് നടപ്പാക്കിയിരുന്നു.വളവന്നൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ ചെലവില്‍ നിര്‍മിച്ച കെട്ടിട സമുച്ചയത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ വയോജന ചികിത്സാ കേന്ദ്രം സ്ഥാപിച്ചു. 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരെ ബാധിക്കുന്ന എല്ലാത്തരം രോഗങ്ങള്‍ക്കും മികച്ച ആയുര്‍വേദ ചികിത്സയും മരുന്നുകളും ഇവിടെ നല്‍കുന്നുണ്ട്. ഇതിനായി സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും 5 സ്‌പെഷ്യാലിറ്റി കിടക്കകള്‍ വീതമുള്ള പ്രത്യേക വാര്‍ഡുകള്‍ സജ്ജീകരിക്കുകയും പ്രത്യേക തെറാപ്പിസ്റ്റുകളെയും കെയര്‍ ടേക്കര്‍മാരെയും ക്രമീകരിക്കുകയും ചെയ്തു.
വയോജനങ്ങള്‍ക്ക് വ്യായാമത്തിനായി ജില്ലയില്‍ തന്നെ ആദ്യത്തെ പ്രത്യേക വ്യായാമപാതയും ഓപ്പണ്‍ ജിംനേഷ്യവും തിരുനാവായയില്‍ സ്ഥാപിച്ചത് ഏറെ ശ്രദ്ധേയമായ പദ്ധതിയായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വയോജനങ്ങളുടെ മാനസിക ഉല്ലാസത്തിനും ആരോഗ്യ സംരക്ഷണത്തിനുമായി കൂടുതല്‍ ഓപ്പണ്‍ ജിംനേശ്യങ്ങളും, ഹാപ്പിനെസ്സ് പാര്‍ക്കുകളും ആരംഭിക്കുന്ന പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് തുടക്കമിട്ടു.
വയോജനങ്ങള്‍ക്ക് ഒത്തു കൂടുന്നതിനും സംതൃപ്തിയോടെ പകല്‍ സമയം ചെലവിടുന്നതിനും ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ പകല്‍ വീടുകളും സ്ഥാപിച്ചു. വയോജനങ്ങള്‍ക്കായി പ്രതിവര്‍ഷം പത്ത് ലക്ഷം രൂപ വകയിരുത്തി ജില്ലയിലെ 46 ഗ്രാമ പഞ്ചായത്തുകളിലായി നടപ്പിലാക്കിയ ഹോമിയോപതിക് ഹോം കെയര്‍ പദ്ധതിയാണ് മറ്റൊരു ശ്രദ്ധേയമായ പദ്ധതി. 1600 ഓളം രോഗികള്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോചനം നേരിട്ട് ലഭിക്കുന്നത്.

ജില്ലയില്‍ എല്ലാ വര്‍ഷവും വിപുലമായ പരിപാടികളോടെയാണ് വയോജന ദിനാഘോഷം സംഘടിപ്പിച്ചു വരുന്നത് . ജില്ലാതല വയോജന കമ്മിറ്റി യോഗം ചേര്‍ന്ന് വയോജന ഗ്രാമ സഭകള്‍ ചേരുന്നുണ്ടെന്നും പഞ്ചായത്തുകളുടെ പദ്ധതികളില്‍ നിശ്ചിത വിഹിതം വയോജന ക്ഷേമത്തിനായി നീക്കി വെക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുന്നു. വേള്‍ഡ് എല്‍ഡര്‍ അബ്യൂസ് അവയര്‍നസ് ഡേയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. ഒറ്റെപ്പെട്ട് കഴിയുന്ന വയോജനങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ പോലീസ് വകുപ്പുമായി സഹകരിച്ച് ശേഖരിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചു.

മലപ്പുറം ജില്ലയെ സമ്പൂര്‍ണ വയോജന സൌഹൃദ ജില്ലയായി മാറ്റിയെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായാണ് മുന്നോട്ട് പോകുന്നതെന്നും മലപ്പുറം ജില്ലാ പഞ്ചായത്തിന് ലഭിച്ച ഈ അവാര്‍ഡ് മുന്നോട്ടുള്ള പ്രയാണത്തിന് ഊര്‍ജ്ജം പകരുന്നതാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം എന്നിവര്‍ അറിയിച്ചു.

അവാര്‍ഡ് നേട്ടത്തിന് ജില്ലാ പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച ഭരണസമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, ഇതര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവരോട് നന്ദിയും കടപ്പാടും അറിയിക്കുന്നതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top