മലപ്പുറം ജില്ലയെ പുകയില രഹിതമാക്കാന്‍ തയ്യാറെടുത്തതായി ജില്ലാ കളക്ടര്‍

HIGHLIGHTS : Malappuram District Collector has prepared to make the district tobacco free

മലപ്പുറം:ജില്ലയിലെ ജനങ്ങളെ പുകയിലയുടെ പിടിയില്‍ നിന്നും രക്ഷിക്കുന്നതിനും ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും തയ്യാറെടുത്തതായി ജില്ലാ കളക്ടര്‍ അറിയിച്ചു. യെല്ലോ ലൈന്‍ ക്യാമ്പയിന്‍ എന്ന പേരില്‍ ഇതിനായി പ്രത്യേക പരിപാടി ആസൂത്രണം ചെയ്തിട്ടുണ്ട്. ലോക പരിസ്ഥിതി ആരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ദേശീയ പുകയില നിയന്ത്രണ പരിപാടിയുടെ ഭാഗമായി വിവിധ വകുപ്പുകളിലെ ബ്ലോക്ക് തല ഉദ്യോഗസ്ഥര്‍ക്ക് നടത്തിയ ജില്ലാതല പരിശീലന പരിപാടി മലപ്പുറം ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അബ്ദുറഹ്‌മാന്‍ നഗര്‍ പഞ്ചായത്ത് സമ്പൂര്‍ണ്ണ പുകയില രഹിത വിദ്യാലയങ്ങളുള്ള പഞ്ചായത്തായി 2024 ജനുവരി മാസത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഇതേ രീതിയില്‍ ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളും പഞ്ചായത്തുകളും പുകയിലരഹിതമാക്കുകയും പുകയിലയുടെയും മറ്റു ലഹരിവസ്തുക്കളുടെയും ഉപയോഗം കുറയ്ക്കുകയും ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് യെല്ലോ ലൈന്‍ ക്യാമ്പയിന്‍ പദ്ധതി ലക്ഷ്യമിടുന്നത്. വിവിധ വകുപ്പുകളുടെ സംയുക്തമായ പരിശ്രമത്തിലുടെ മാത്രമേ ജില്ലയ്ക്ക് ഈ നേട്ടം കൈവരിക്കുവാന്‍ സാധിക്കുകയുള്ളൂ എന്നും ജില്ല കളക്ടര്‍ ഓര്‍മ്മപ്പെടുത്തി.

sameeksha-malabarinews

ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അധ്യക്ഷത വഹിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അനൂപ് ടി എന്‍, എന്‍ സി ഡി നോഡല്‍ ഓഫീസര്‍ ഡോ. ഫിറോസ് ഖാന്‍ വി, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ രമേഷ് കുമാര്‍ കെ പി, ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍ മീഡിയ ഓഫീസര്‍ പി എം ഫസല്‍, പാലിയേറ്റീവ് കോഡിനേറ്റര്‍ ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.

ജില്ല മെഡിക്കല്‍ ഓഫീസിലെ ടെക്നിക്കല്‍ അസിസ്റ്റന്റ് സുരേഷ് കുമാര്‍ സി കെ, റിട്ട. ജില്ലാ എജുക്കേഷന്‍ മീഡിയ ഓഫീസര്‍ രാജു പി എന്നിവര്‍ COTPA (കോട്പ) നിയമത്തെ സംബന്ധിച്ചും നിയമം ജില്ലയില്‍ സമഗ്രമായി നടപ്പില്‍ വരുത്തുന്നതിനെ സംബന്ധിച്ചും ക്ലാസുകള്‍ നല്‍കി. എക്സൈസ് വകുപ്പ്, പോലീസ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, ആരോഗ്യ വകുപ്പ് തുടങ്ങിയ വിവിധ വകുപ്പുകളിലെ ബ്ലോക്ക് തല ഉദ്യോഗസ്ഥന്മാര്‍, ഫീല്‍ഡ് തല ഉദ്യോഗസ്ഥന്മാര്‍ എന്നിവര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു. സംയുക്ത ഫീല്‍ഡ് തല പരിശോധനക്കായി രൂപരേഖ തയ്യാറാക്കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!