കോവിഡ് 19: മലപ്പുറം ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു : ഊരകം,എടയൂര്‍

മലപ്പുറം:  ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. മെയ് 17 ന് അബുദബിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലെത്തിയ ഊരകം പുത്തന്‍പീടിക സ്വദേശി 39 കാരന്‍, മെയ് 27 ന് ദുബായില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ കരിപ്പൂര്‍ വഴിയെത്തിയ എടയൂര്‍ മന്നത്ത്പറമ്പ് സ്വദേശി 26 കാരന്‍ എന്നിവര്‍ക്കാണ് രോഗബാധയെന്ന് ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം. എന്‍.എം. മെഹറലി അറിയിച്ചു. ഇരുവരും മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലാണ്. ഇവര്‍ക്ക് പുറമെ മലപ്പുറം സ്വദേശിയായ ഒരാള്‍ക്ക് പാലക്കാടും കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായവര്‍ വീടുകളില്‍ പൊതു സമ്പര്‍ക്കമില്ലാതെ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം.

വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

Share news
error: Content is protected !!
Scroll to Top