കൊറോണ; മലപ്പുറം ജില്ലയില്‍ ഫലം ലഭിച്ച 36 സാമ്പിളുകളില്‍ ആര്‍ക്കും വൈറസ് ബാധയില്ല

മലപ്പുറം: ജില്ലയില്‍ കൊറോണ വൈറസ് ആശങ്ക അകലുന്നു. പരിശോധനക്കയച്ചിരുന്ന കൂടുതല്‍ സാമ്പിളുകളുടെ ഫലം ലഭ്യമായി. രണ്ടുഘട്ട വിദഗ്ധ പരിശോധനക്കയച്ച 39 സാമ്പിളുകളില്‍ 36

മലപ്പുറം: ജില്ലയില്‍ കൊറോണ വൈറസ് ആശങ്ക അകലുന്നു. പരിശോധനക്കയച്ചിരുന്ന കൂടുതല്‍ സാമ്പിളുകളുടെ ഫലം ലഭ്യമായി. രണ്ടുഘട്ട വിദഗ്ധ പരിശോധനക്കയച്ച 39 സാമ്പിളുകളില്‍ 36 എണ്ണത്തിന്റെ ഫലങ്ങള്‍ ലഭിച്ചതില്‍ ആര്‍ക്കും വൈറസ് ബാധയില്ലെന്നു സ്ഥിരീകരിച്ചു. വൈറസ് ബാധിത രാജ്യങ്ങളില്‍ നിന്നെത്തി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രത്യേക നിരീക്ഷണത്തില്‍ ഇപ്പോഴുള്ളത് നാലുപേര്‍ മാത്രമാണ്. വൈറസ് ബാധയില്ലെന്നു സ്ഥിരീകരിച്ച ആറു പേര്‍ ഫെബ്രുവരി 11 ന് ആശുപത്രി വിട്ടു. ഇതോടെ ആശുപത്രിയിലെ പ്രത്യേക നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കിയവരുടെ എണ്ണം 36 ആയി.

വൈറസ് ബാധിത രാജ്യങ്ങളില്‍ നിന്നെത്തിയ രണ്ടു പേര്‍ക്ക് ഫെബ്രുവരി 11 മുതല്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സകീന അറിയിച്ചു. ഇതില്‍ ഒരാള്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലും ഒരാള്‍ വീട്ടിലുമാണ്. ആശുപത്രിയിലും വീടുകളിലുമായി 294 പേരാണ് ഇപ്പോള്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്.

രോഗബാധ സംബന്ധിച്ചു ആശങ്ക വേണ്ടന്നു കൊറോണ പ്രതിരോധ മുഖ്യ സമിതിയുടെ പ്രതിദിന അവലോകന യോഗത്തില്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്ക് അറിയിച്ചു. വൈറസ് ബാധ ഇതുവരെ റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെങ്കിലും മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി പുരോഗമിക്കുകയാണ്.

രോഗബാധിത പ്രദേശങ്ങളില്‍നിന്നു എത്തിയവരും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുമായ 5,381 പേര്‍ ജില്ലാതല കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെട്ടു. ഇവര്‍ക്ക് മാനസികവും ആരോഗ്യപരവുമായ പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്. വൈറസ് ഭീഷണിയുയര്‍ത്തുന്ന രാജ്യങ്ങളില്‍നിന്നു ജില്ലയിലേക്കു തിരിച്ചെത്തുന്നവരുടെ എണ്ണം കുറഞ്ഞു വരികയാണെന്നും യോഗം വിലയിരുത്തി. അസിസ്റ്റന്റ് കലക്ടര്‍ രാജീവ് കുമാര്‍ ചൗധരി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി. ബിന്‍സിലാല്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ രാജു പ്രഹ്‌ളാദ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.