വിമാനത്താവള പരിസരത്തെ അനധികൃത അറവുശാലകള്‍ക്കെതിരെ നടപടി ശക്തമാക്കും; പാരിസ്ഥിതിക സമിതി

മലപ്പുറം:കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവള പരിസരത്തെ അനധികൃത അറവുശാലകള്‍ക്കെതിരെ നടപടി ശക്തമാക്കാന്‍ ജില്ലാ കലക്ടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വ്യോമ ഗതാഗത സുരക്ഷിതത്വ പാരിസ്ഥിതിക സമിതി യോഗം തീരുമാനിച്ചു. സമീപ പഞ്ചായത്തുകളിലും നഗരസഭയിലുമുള്ള ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കാന്‍ സമിതി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ നിര്‍ദ്ദേശിച്ചു.

വിമാനത്താവള ചുറ്റുമതിലിനോട് ചേര്‍ന്നും പരിസരത്തും നടക്കുന്ന അനധികൃത ഖനനത്തിനെതിരെ നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊണ്ടോട്ടി തഹസില്‍ദാറെ ചുമതലപ്പെടുത്തി. സമീപ പഞ്ചായത്തുകളിലെ ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കാനും ബോധവല്‍ക്കരണ പരിപാടികള്‍ നടത്താനും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഇതു വിലയിരുത്തുന്നതിനായി ഹരിതകേരളം, ശുചിത്വ മിഷന്‍, ഭക്ഷ്യ സുരക്ഷാ വകുപ്പ്, ആരോഗ്യവകുപ്പ്, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി നിരീക്ഷണ സമിതിയുണ്ടാക്കും. വിമാനത്താവള പരിസരത്ത് തെരുവ് നായകളെ നിയന്ത്രിക്കുന്നതിനായി എ.ബി.സി. പദ്ധതി അടിയന്തിരമായി നടപ്പാക്കും. വിമാനത്താവള പരിസരത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി നടപ്പാക്കിയ ഒറ്റവരി പാര്‍ക്കിങ് പ്രവര്‍ത്തനം വിലയിരുത്തി കുരുക്കൊഴിവാക്കാനുള്ള നടപടി ശക്തമാക്കാന്‍ യോഗം തീരുമാനിച്ചു.

മലപ്പുറം കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ.ശ്രീനാവാസ റാവു, സി.ഐ.എസ്.എഫ് അസിസ്റ്റന്റ് കമാണ്ടന്റ് പവന്‍കുമാര്‍, ഡി.എം.ഒ ഡോ.കെ.സക്കീന, കൊണ്ടോട്ടി താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ പി. അബൂബക്കര്‍, കൃഷി വകുപ്പ്  അസിസ്റ്റന്റ് ഡയറക്ടര്‍ വി.കൃഷ്ണദാസ്, ഡി. വൈ.എസ്.പി എം.രമേഷ് കുമാര്‍, എയര്‍ അതോറിറ്റി, കൊണ്ടോട്ടി നഗരസഭ, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles