കോഴ്‌ക്കോട്: വിപുലമായ ആഘോഷ പരിപാടികളോടെ രണ്ടാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് ജൂണ്‍ 22ന് ജില്ലയില്‍ തുടക്കം കുറിക്കും. 22ന് രാവിലെ 11ന് തുഷാരഗിരിയില്‍ ടൂറിസം വകുപ്പ് മന്ത്രി എ.പി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ജൂലൈ 25, 26, 27 തീയതികളില്‍ നടക്കുന്ന അന്താരാഷ്ട്ര കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളും മത്സരിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. അമേരിക്ക, ബ്രിട്ടന്‍, ഇറ്റലി, ന്യൂസിലാന്റ്, കൊറിയ, ചൈന, സ്‌കോട്ട്‌ലന്റ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുക്കും.
പൊതുജനങ്ങള്‍ക്ക് എട്ട് കിലോ മീറ്റര്‍ വൈറ്റ് വാട്ടര്‍ റാഫ്റ്റിംഗില്‍ പങ്കെടുക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ചാലിപ്പുഴയില്‍ പറപ്പറ്റ പാറമല മുതല്‍ പൂത്തല്‍ കണ്ടന്‍ കടവ് വരെയും ഇലവഞ്ഞിപ്പുഴയില്‍ അരിപ്പാറ മുതല്‍ തമ്പലമണ്ണ വരെയുമാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. 1,300 രൂപയാണ് ഫീസ്. വിദേശികള്‍ക്കായി ആനസവാരി, കേരളീയ കലാരൂപങ്ങളുടെ അവതരണം തുടങ്ങിയവ ഉണ്ടാകും. സംസ്ഥാന അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, സംസ്ഥാന കയാക്കിംഗ് അക്കാദമി എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ചാമ്പ്യന്‍ ഷിപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മത്സര ഇനങ്ങള്‍: കയാക്ക് സ്പ്രിന്റ്(വ്യക്തിഗതം), ബോട്ടര്‍ക്രോസ്റ്റ് (നാല് പേര്‍ ഒരേ സമയം), ഫ്രീസ്റ്റൈല്‍ കോമ്പിനേഷന്‍, മാസ്സ് ബോട്ടര്‍ ക്രോസ്റ്റ്(60 അത്‌ലറ്റുകള്‍). പരിപാടിയുടെ സംഘാടനത്തിനായി ജില്ലാകളക്ടര്‍ സി.എ.ലത ചെയര്‍പേഴ്‌സണായി സമിതി രൂപീകരിച്ചു. ജില്ലാ പഞ്ചായത്തംഗം വി.ഡി.ജോസഫ് ജനറല്‍ കണ്‍വീനറും, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ആന്റണി നീര്‍വേലി വര്‍ക്കിംഗ് ചെയര്‍മാനുമാണ്.


