കോഴിക്കോട്:പത്താം എഡിഷന്‍ ഈ മാസം 25 ന് തുടങ്ങാനിരിക്കെ ചാലിപ്പുഴയിലും ഇരുവഞ്ഞിയിലും മീന്‍തുള്ളിപ്പാറയിലും സാഹസികതയുടെ ആവേശ തുഴയെറിയുന്ന മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ ഇതിനകം തന്നെ ലോക വിനോദസഞ്ചാര ഭൂപടത്തില്‍ ഇടം നേടിയതായി ലിന്റോ ജോസഫ് എംഎല്‍എ. ‘പത്താം പതിപ്പിന്റെ പ്രീ-ഇവന്റുകള്‍ നടന്നുകൊണ്ടിരിക്കുന്ന എട്ട് ഗ്രാമപഞ്ചായത്തുകളിലും മുക്കം മുനിസിപ്പാലിറ്റിയിലും വലിയ ആവേശമാണ് ഫെസ്റ്റ് ഉണ്ടാക്കിയിരിക്കുന്നത്,’ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന മലബാര്‍ റിവര്‍ ഫെസ്റ്റ് സംഘാടകസമിതിയുടെ അവലോകന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കവേ എംഎല്‍എ അഭിപ്രായപ്പെട്ടു.
പ്രീ-ഇവന്റുകളില്‍ തിരുവമ്പാടിയില്‍ നടന്ന മീന്‍ പിടുത്ത മത്സരവും പുലിക്കയം കൈനടി എസ്റ്റേറ്റില്‍ നടന്ന ഓഫ്റോഡ് സംസ്ഥാന ചാമ്പ്യന്‍ഷിപ്പും വലിയ തോതില്‍ ജനശ്രദ്ധ നേടി. ലോകത്തിലെ ഏറ്റവും വലിയ ഓഫ്റോഡ് ചാമ്പ്യന്‍ഷിപ്പായ ഗോവയില്‍ നടക്കുന്ന ആര്‍എഫ്‌സി (റെയിന്‍ ഫോറസ്റ്റ് ചലഞ്ച്) അടുത്ത വര്‍ഷം കോടഞ്ചേരിയില്‍ എത്തിക്കാനുള്ള പ്രവര്‍ത്തനം തുടങ്ങിയതായി എംഎല്‍എ അറിയിച്ചു.
പ്രീ-ഇവെന്റുകളില്‍ മൂന്ന് ജില്ലകളില്‍ നിന്ന് കോടഞ്ചേരിയിലേക്ക് നടത്തുന്ന സൈക്കിള്‍ റാലി, സംസ്ഥാനതല കബഡി മത്സരം, മഡ് ഫുഡ്ബോള്‍, ചളിയുത്സവം, നീന്തല്‍ മത്സരം, വാട്ടര്‍പോളോ, ട്രെക്കിങ് എന്നിവ വരും ദിവസങ്ങളില്‍ നടക്കും.
പ്രീ-ഇവന്റുകളിലും റിവര്‍ ഫെസ്റ്റിലും നാട്ടുകാരുടെ പങ്കാളിത്തം പ്രധാനമാണെന്ന് യോഗത്തില്‍ സംസാരിച്ച ഫെസ്റ്റിന്റെ സംഘാടകസമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ചൂണ്ടിക്കാട്ടി.
ഈ മാസം 25 മുതല്‍ 28 വരെ നടക്കുന്ന ഫെസ്റ്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള വര്‍ണാഭമായ ഘോഷയാത്ര 24 ന് വൈകീട്ട് മൂന്ന് മണി മുതല്‍ കോടഞ്ചേരി ടൗണില്‍ നടത്താന്‍ തീരുമാനിച്ചു.
പ്രാദേശിക പങ്കാളിത്തം ഉറപ്പാക്കുന്നതിനായി പുലിക്കയത്ത് ജൂലൈ 16 ന് വൈകീട്ട് മൂന്ന് മണിക്കും പുല്ലുരാംപാറയില്‍ 17 ന് രാവിലെ 11 മണിക്കും യോഗങ്ങള്‍ ചേരും.
യോഗത്തില്‍ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ് അധ്യക്ഷത വഹിച്ചു. കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി (കെഎടിപിഎസ്)
ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബിനു കുര്യാക്കോസ് വിവിധ സബ്കമ്മിറ്റികളുടെ ഇതുവരെയുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ് ചെമ്പകശ്ശേരി, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോണ്‍സണ്‍, കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്ന അശോകന്‍, അസി. കളക്ടര്‍ ആയുഷ് ഗോയല്‍, ഡിടിപിസി സെക്രട്ടറി നിഖില്‍ ദാസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വിവിധ സബ് കമ്മിറ്റി കണ്‍വീനര്‍മാര്‍, പോലിസ്, അഗ്‌നിശമന സേന, ആരോഗ്യം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പുകളിലെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
*അന്താരാഷ്ട്ര കയാക്കര്‍മാര്‍ 19 മുതല്‍ എത്തിതുടങ്ങും*
മലബാര്‍ റിവര്‍ ഫെസ്റ്റില്‍ തുഴയെറിയാന്‍ 8 രാജ്യങ്ങളില്‍ നിന്നുള്ള 13 അന്താരാഷ്ട്ര കയാക്കര്‍മാര്‍ ജൂലൈ 19 മുതല്‍ എത്തി തുടങ്ങും. ബെഞ്ചമിന്‍ ജേക്കബ് (ഫ്രാന്‍സ്), മനു വാക്രനഗല്‍ (ന്യൂസിലാന്റ്), എറിക് ഹാന്‍സന്‍ (നോര്‍വേ), മാര്‍ട്ടിന റോസ്സി, പൗളോ രോഗ്‌ന (ഇരുവരും ഇറ്റലി), മരിയ കോറിനവ, ഡാരിയ കുഴിസ്‌ചേവ, ആന്റണ്‍ സ്വെഷ്‌നികോവ് (മൂവരും റഷ്യ), മൈക് ക്രൂട്ടന്‍സ്‌കി (സ്‌പെയിന്‍) എന്നിവരാണ് പങ്കാളിത്തം സ്ഥിരീകരിച്ചത്. മനു വാക്രനഗല്‍ ജൂലൈ എട്ടിനു തന്നെ എത്തി പരിശീലനം തുടങ്ങിക്കഴിഞ്ഞു. ഇതിന് പുറമെ നേപ്പാളില്‍ നിന്നും മറ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും കയക്കര്‍മാര്‍ എത്തും.
*ഈ ആഴ്ചയിലെ പ്രീ-ഇവന്റുകള്‍*
1. ജൂലൈ 13 : വൈകീട്ട് മൂന്ന് മണിക്ക് ഓമശ്ശേരി റൊയാദ് ഫാം ഹൗസില്‍ മഡ് ഫുട്‌ബോള്‍
2. ജൂലൈ 13 : കോടഞ്ചേരി പുലിക്കയം മരിയന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് ആറിന് ഷട്ടില്‍ ടൂര്‍ണമെന്റ്
3. ജൂലൈ 14: മുക്കം ടൗണില്‍ സംസ്ഥാനതല കബഡി ചാമ്പ്യന്‍ഷിപ്പ് രാവിലെ 9 മുതല്‍
4. ജൂലൈ 14: കോഴിക്കോട് ചെറുവണ്ണൂര്‍ ജെല്ലി ഫിഷ് വാട്ടര്‍ സ്പോര്‍ട്‌സ് കേന്ദ്രത്തില്‍ കയാക്കിങ് ഫോര്‍ ബിഗിനേഴ്‌സ്, രാവിലെ 9.




