തിരുത്തണം. മമ്മൂട്ടി ഫാന്‍സുകാര്‍ മധുരരാജക്കന്‍മാരെ

മധുരരാജ : മധുരയില്‍ നിന്നും മാലിന്യം കയറ്റിവന്ന വണ്ടിയോ?
സിനിമാ റിവ്യു വി.കെ. ജോബിഷ്

‘നൂറുകോടി ക്ലബുകളിലല്ല… നൂറുകോടി പ്രേക്ഷക ഹൃദയങ്ങളിലാണ് ഈ മഹാനടന്റെ സ്ഥാനം’ എന്ന വാക്യം കേരളത്തിലെ മിക്കവാറും തിയറ്ററുകള്‍ക്കുമുന്നില്‍ മമ്മൂട്ടി ഫാന്‍സുകാര്‍ വലിച്ചുകെട്ടിയ ബാനറുകളിലെതാണ്. അതില്‍ത്തന്നെ ന്യൂഡല്‍ഹി, വടക്കന്‍ വീരഗാഥ, അമരം, പ്രാഞ്ചിയേട്ടന്‍ തുടങ്ങിയ സിനിമകളുടെ പേരും കാണാം. ഈ സിനിമകളൊക്കെ ജനപ്രിയ സിനിമകളായിരുന്നു. ഒപ്പം വാണിജ്യവിജയം നേടിയ സിനിമകളുമായിരുന്നു. സിനിമയ്ക്കും സ്‌പോര്‍ട്‌സിനും മ്യൂസിക്കിനും എന്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കുവരെ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തിക്കുന്ന നാടായി ഇന്ന് കേരളം മാറിക്കഴിഞ്ഞു.ഇതിന്റെയൊക്കെ പ്രധാന ലക്ഷ്യം തങ്ങളുടെ ഇഷ്ടതാരങ്ങളുടെ എല്ലാത്തരത്തിലുള്ള വിനിമയങ്ങള്‍ക്കും പ്രമോഷന്‍ നല്‍കുക എന്നുതന്നെയാണ്.

സിനിമാതാര ഫാന്‍സുകാര്‍ പലതരത്തിലുള്ള കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാറുണ്ടെങ്കിലും തിയറ്ററില്‍ ഓരോ കാലത്തും റിലീസ് ചെയ്യുന്ന സിനിമകളുടെ വിജയം ഉറപ്പുവരുത്താനുള്ള പലതരം പ്രകടനങ്ങളാണ് ഇവരുടെ പ്രഥമ കര്‍ത്തവ്യം. ഇന്നിപ്പോള്‍ ഫാന്‍സുകള്‍ വളര്‍ന്ന് വളര്‍ന്ന് സിനിമാമണ്ഡലത്തില്‍ പരസ്പരം കൂവിത്തോല്‍പ്പിക്കുന്ന സംഘടനകളായി മാറിക്കഴിഞ്ഞു. മാത്രമല്ല സിനിമയെക്കുറിച്ചോ താരത്തെക്കുറിച്ചോ ഒരെതിരഭിപ്രായം ആരെങ്കിലും പങ്കുവെച്ചാല്‍ ആ അഭിപ്രായം പങ്കുവെച്ച ആള്‍ക്ക് ആക്ഷേപങ്ങളുടെയും തെറികളുടെയും പൂരം അനുഭവിക്കേണ്ടി വരുന്നതും സമീപകാല അനുഭവമാണ്.!
ഇങ്ങനെയൊക്കെയാണെങ്കിലും തിയറ്ററുകളില്‍ ആദ്യ ആഴ്ചകളില്‍ വാണിജ്യ സിനിമകള്‍ക്ക് കാണികളെ എത്തിക്കുന്നതില്‍ ഈ ഫാന്‍സുകാര്‍ക്ക് വലിയ പങ്കുണ്ടെന്നതുറപ്പാണ്.പക്ഷെ മധുരരാജ പോലുള്ള സിനിമകള്‍ക്കാണ് ഇനിയും നിങ്ങള്‍ കാണികളെയെത്തിക്കുന്നതെങ്കില്‍ ഈ മഹാനടനത്തിന് പകര്‍ന്നാടാന്‍ ജനപ്രിയ സിനിമകളില്‍ ഇനി കാമ്പുള്ള കഥാപാത്രങ്ങളുണ്ടാകില്ല. ആ മഹാനടനം നേരത്തെ പറഞ്ഞ ബാനറുകളിലവസാനിക്കും.

അത്ര അസഹനീയമാണ് പോക്കിരിരാജയുടെ രണ്ടാം ഭാഗമെന്ന നിലയില്‍ വന്ന ‘മധുരരാജ’.സിനിമ അവസാനിക്കുമ്പോള്‍ ‘മിനിസ്റ്റര്‍ രാജ’ എന്ന പേരില്‍ ഇതിനൊരു മൂന്നാം ഭാഗവും വരുന്നുണ്ടെന്ന സൂചനയും സംവിധായകന്‍ വൈശാഖ് നല്‍കുന്നുണ്ട്. ഇവിടെയാണ് മമ്മൂട്ടി ഫാന്‍സുകാര്‍ ഇടപെടേണ്ടത്. ഇല്ലെങ്കില്‍ മമ്മൂട്ടി എന്ന മഹാനടന്റെ ശത്രുക്കള്‍ ഇന്നത്തെ ഫാന്‍സുകാരായിരുന്നു എന്ന് ചരിത്രം അടയാളപ്പെടുത്തും. കാരണം മധുരരാജ ഒരു ‘ഫാന്‍സുപടമാണെന്നാണ് പലരുടെയും അഭിപ്രായം.അതായത് മാസ്സിനുവേണ്ടിയുള്ള ഫാന്‍സ് മസാല.പക്ഷെ ആ മസാല ഇത്രത്തോളം മാലിന്യമായാല്‍ അതിനോട് ആദ്യം ഇഷ്ടക്കേട് പങ്കു വെക്കേണ്ടത് ഈ ഫാന്‍സുതന്നെയാണ്. ഇല്ലെങ്കില്‍ നിങ്ങള്‍ നല്ലനടന്റെ മോശം കാണികളായിരുന്നു എന്ന സന്ദേശമാകും സമൂഹത്തിന് നല്‍കുക. ഇനിയും ഇത്തരം സിനിമകളുടെ കാവല്‍ക്കാരായി നിന്നാല്‍ ഒടുക്കം നിങ്ങള്‍ മാത്രം ബാക്കിയാവുകയും മമ്മൂട്ടി എന്ന താരം സിനിമയില്‍ അവസാനിക്കുകയും ചെയ്യും. അതുകൊണ്ട് ഫാന്‍സുകാര്‍ രാജകളാകുക.അതിന് മധുര രാജതന്നെ ചില സൂചനകള്‍ നല്‍കുന്നുണ്ട്. ആ സൂചനയാണ് ഈ സിനിമയില്‍ നിന്ന് നിങ്ങള്‍ക്ക് പഠിക്കാനുള്ള ഏക പാഠം.

വ്യാജമദ്യം വിളമ്പി ആളുകളെക്കൊന്നു കൊണ്ടിരിക്കുന്ന വി.ആര്‍.നടേശന്‍ മുതലാളിയുടെയും അയാളോട് ചേര്‍ന്നുനില്‍ക്കുന്ന അധികാരത്തിനെതിരെയും അതിന്റെ ഉപകരണമായ പോലീസിന്റെ അധാര്‍മ്മികതക്കെതിരെയും കൊലപാതകമുള്‍പ്പെടെയുള്ള അസഹ്യമായ അനീതിയോട് പ്രതികരിക്കാനും ആ ദേശം ശുദ്ധീകരിക്കാനുമാണ് രാജ ഇലക്ഷന്‍ ചൂടിനിടയില്‍ മധുരയില്‍ നിന്നെത്തുന്നത്. ഒരു ജനതയെ,ദേശത്തെ ആകെ തകര്‍ത്തു കളയുന്നത് വ്യാജ ലഹരിയും അതിന് കൂട്ടുനില്‍ക്കുന്നവരുമാണെന്നറിയുമ്പോള്‍ അതിനെതിരായാണ് മധുരരാജ ആദ്യം വിരലനക്കുന്നത്. അന്‍പതു രൂപ ചെലവിലുണ്ടാക്കുന്ന വ്യാജമദ്യം ഒറിജിനല്‍ മദ്യത്തിന്റെ സ്റ്റിക്കറൊട്ടിച്ച് അയ്യായിരം രൂപ വിലയിട്ട് ബീവറേജ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്വകാര്യ ബാറുകളിലും വിറ്റിട്ട് ഇരുനൂറിരട്ടി ലാഭമുണ്ടാക്കുന്ന വിപണി ബോധമാണ് ഇതിലെ വില്ലനായ നടേശന്റെത്. ഈ വ്യാജമദ്യത്തിന്റെ വിപണിയെ നിലനിര്‍ത്തുന്ന വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്കയാണ് ഈ സിനിമ പങ്കുവെക്കുന്നത്.ആ വ്യാജനെതിരാണ് ഈ സിനിമ. യഥാര്‍ത്ഥത്തില്‍ ആ ആശങ്ക മധുരരാജയുടെ തിരക്കഥാകൃത്തായ ഉദയകൃഷ്ണന്റെ ആത്മപരിശോധനയാകേണ്ടതാണ്.കാരണം സിനിമയും ഒരു ‘ലഹരി’യാണ്. മനുഷ്യ മനസിനെ കാര്‍ന്നുതിന്നുന്ന ലഹരി.ആ ലഹരിയെ ഇന്ത്യന്‍ജനത കഴിഞ്ഞ ഒരു നൂറ്റാണ്ടായി എങ്ങനെ ആഹരിക്കുന്നു എന്ന് ഈ തിരക്കഥാകൃത്തിനും സംവിധായകനും നന്നായറിയാം. മലയാളത്തിലെ ആ ജനപ്രിയ സിനിമാ ലഹരിയിയുടെ ലോകത്തിലേക്കാണ് വലിയ ബ്രാന്റിന്റെ വ്യാജസ്റ്റിക്കര്‍ ഒട്ടിച്ച് ഉള്ളു കേടാവുന്ന ഇത്തരം ഉല്‍പ്പന്നങ്ങള്‍ തിയറ്ററിലേക്ക് ഉദയകൃഷ്ണമാര്‍ കടത്തിവിടുന്നത്.

വ്യാജമദ്യം പോലെ തന്നെ ഇതൊരു ‘മാഫിയ’യായി മലയാളത്തില്‍ വളര്‍ന്നു കഴിഞ്ഞു.മാസ്സിന്റെ പേരു പറഞ്ഞ് വളരുന്ന മാഫിയ.!
മലയാളി സിനിമാ പ്രേക്ഷകരുടെ ഭാവുകത്വത്തെ തകര്‍ത്തു കൊണ്ട്,മഹാനടന്മാരുടെ മഹത്വത്തെ തകര്‍ത്തുകൊണ്ട്, ജനപ്രിയ സിനിമകളുടെ കലാമൂല്യത്തെ തകര്‍ത്തു കൊണ്ട്,ആകപ്പാടെ സിനിമ എന്ന മാധ്യമം ആവശ്യപ്പെടുന്ന എല്ലാത്തരം പ്രാഥമിക കലാസങ്കേതങ്ങളെയും രചനാസങ്കേതങ്ങളെയും തകര്‍ത്തുകൊണ്ട് ഈ ‘വ്യാജലഹരി’ ഇവിടെ പിടിമുറുക്കിക്കഴിഞ്ഞു.ഈ ‘കള്ളച്ചാരായ വാറ്റു കേന്ദ്രങ്ങള്‍ അല്ലെങ്കില്‍ ദൃശ്യമദ്യകേന്ദ്രങ്ങള്‍ അടച്ചു പൂട്ടി സീലുവെക്കേണ്ടതാണ്.!
‘രാജയും പിള്ളേരും ഡബ്ള്‍ സ്‌ട്രോങ്ങല്ല. ട്രിപ്പിള്‍ സ്‌ട്രോങ്ങാണ്’ എന്നാണ് മധുരരാജ പറയുന്നത്. എന്നാല്‍ മമ്മൂട്ടിയുടെ നല്ല സിനിമകളുടെ കാണി എന്ന നിലയില്‍ ഫാന്‍സുകാര്‍ ട്രിപ്പിള്‍ സ്‌ട്രോങ്ങായാല്‍ ‘മിനിസ്റ്റര്‍രാജ’യുമായി വരാന്‍ ഈ സിനിമാസംഘം ഇനി ധൈര്യം കാണിക്കില്ല.

ഇവരില്‍ നിന്ന് മലയാള സിനിമയെ രക്ഷിച്ചെടുക്കേണ്ടതുണ്ട്.
സമ്പൂര്‍ണ്ണമായ ഒരു ചലച്ചിത്രാനുഭവം സൃഷ്ടിച്ചുകൊണ്ട് രക്ഷിച്ചെടുക്കണമെന്നല്ല. ഒരപൂര്‍ണമായ ഒരു സിനിമാനുഭവമെങ്കിലും പ്രേക്ഷകര്‍ക്ക് നല്‍കാന്‍ ഇപ്പോഴത്തെ സംവിധായകര്‍ക്കും എഴുത്തുകാര്‍ക്കും ഉത്തരവാദിത്ത്വമില്ലേ.ഒരു ഉല്‍പ്പന്നം എന്ന നിലയില്‍ ഒരു തര്‍ക്കത്തിനുപോലും ചര്‍ച്ചയ്‌ക്കെടുക്കാവുന്ന ഒരു കലാനുഭവവും മധുരരാജയിയിലില്ല. ആക്ഷന്‍ കൊറിയോഗ്രാഫി ചെയ്ത പീറ്റര്‍ ഹെയ്ന്‍ പോലും ഇതുപോലെ നിസ്സഹായനായ സിനിമാ സന്ദര്‍ഭങ്ങളുണ്ടാകില്ല. അയാളുടെ ആത്മകഥയില്‍ അയാളത് വെളിവാക്കട്ടെ.!
ജനപ്രിയ സിനിമകളുടെ പൊതു ചേരുവകളായ നര്‍മ്മത്തിലും, പ്രണയത്തിലും, സംഘട്ടനത്തിലും, ഡാന്‍സിലുമൊന്നും ഈ സിനിമയോട് ഒട്ടും താദാത്മ്യം പ്രാപിക്കാന്‍ കാണികള്‍ക്കവസരമില്ല. ഉദയകൃഷ്ണ സിബി കെ തോമസ് സിനിമകളൊക്കെ അങ്ങനെതന്നെ. ഒരാള്‍ മാറിനിന്നിട്ടും അത് മാറിയിട്ടില്ല.!
നിങ്ങളുടെ സിനിമ നിങ്ങളുടെ കുട്ടികളെപ്പോലെയാണെന്ന് ചലച്ചിത്രകാരന്‍മാരെ ഓര്‍മ്മിപ്പിച്ചത് ജര്‍മ്മന്‍ സംവിധായകനായ വെര്‍ണര്‍ ഹെര്‍സോഗാണ്. അങ്ങനെയാണെങ്കില്‍ മലയാളത്തിലെ ഏറ്റവും മോശം ‘കുട്ടികള്‍’ ഈ തിരക്കഥാകൃത്തുകളുടേതാവും.!

മലയാളത്തിലെ ജനപ്രിയ സിനിമയെ ഇത്രമാത്രം വള്‍ഗറാക്കിയതാരാണെന്ന ചോദ്യത്തിന് ഏതുത്തരം പഴകിയാലും ഉദയകൃഷ്ണ സിബി കെ തോമസിന്റെ പേര് ചരിത്രം ബാക്കി വെക്കും.

എല്ലാത്തരം സിനിമകളിലും ഒറ്റനോട്ടത്തില്‍ പിടി തരുന്ന ഈ വ്യാജനുണ്ട്. എല്ലാത്തരം ജനപ്രിയ സിനിമകളും മോശം കലാസൃഷ്ടിയാണെന്ന് പറയാന്‍ കഴിയില്ല. കാരണം മനുഷ്യഭാവനയുടെ വൈവിധ്യമാര്‍ന്ന ലോകത്തെ നമ്മുടെ ജനപ്രിയ സിനിമയിലൂടെ നാം അനുഭവിച്ചിട്ടുണ്ട്.പക്ഷെ മലയാളത്തില്‍ അക്കാദമിക് വ്യവഹാരത്തിലുള്‍പ്പെടെ സമീപകാലമാണ് ഇതിനോടുള്ള നിഷേധാത്മക സ്വഭാവം മാറ്റിയത്. എന്നിട്ടും വരേണ്യം ജനപ്രിയം എന്ന വേര്‍തിരിവ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. കമ്പോള ജനപ്രിയസിനിമയെയും കലാസിനിമയെയും ഒരേ മാനദണ്ഡം വെച്ച് സമീപിക്കാമോ എന്ന ചോദ്യം ഇപ്പോഴും പ്രധാനമാണ്. മലയാളത്തില്‍ത്തന്നെ എഴുപതുകളോടെ രണ്ടു പാരമ്പര്യങ്ങളായി വളര്‍ന്നു വന്നതാണ് സിനിമ. അതില്‍ രണ്ടിടങ്ങളിലും കാണാം വ്യാജ ഉല്‍പ്പന്നങ്ങള്‍.എന്നാല്‍ സമാന്തരസിനിമകളിലെ വ്യാജനെക്കുറിച്ച് വേണ്ടത്ര ചര്‍ച്ച ഇവിടെ ഉണ്ടാവാറില്ല. കഴിഞ്ഞ വര്‍ഷത്തെ മികച്ച സിനിമയായിരുന്ന ഷെരീഫ് ഈസയുടെ ‘കാന്തന്‍ ദ ലവര്‍ ഓഫ് കളര്‍’ കണ്ടാല്‍ ഈ സംശയം ബലപ്പെടുകയേയുള്ളൂ. ജനപ്രിയ സിനിമയുടെ ചേരുവ പോലെത്തന്നെ ചില സമീപകാല സമാന്തരസിനിമയുടെ ചേരുവ കണ്ടാല്‍ നാം ഞെട്ടിപ്പോകും.!
കെ.ജി.ജോര്‍ജും അടൂരും അരവിന്ദനുമൊക്കെ ഉണ്ടാക്കിയ ഭാവുകത്വത്തിന്റെ ഇങ്ങേത്തലമുറയില്‍ ഇതുപോലുള്ള ചിലരുടെ പ്രതിഭാദാരിദ്യം നമ്മെ ‘അത്ഭുത’പ്പെടുത്തുന്നതുപോലെ കെ.എസ്.സേതുമാധവന്‍,ഐ.വി.ശശി, ജോഷി, പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട് തുടങ്ങിയവരുണ്ടാക്കിയ ജനപ്രിയ സിനിമകളുടെ തുടര്‍ച്ചയില്‍ മധുരരാജമാരോട് ചേര്‍ത്ത് ജനപ്രിയ ‘കല എന്ന വാക്കുവരെ ഉച്ചരിക്കാന്‍ നാം മടിക്കും. കാരണം വാണിജ്യസിനിമകളുടെ സിനിമാച്ചേരുവകളില്‍പ്പെടുത്താവുന്നതല്ല ഇതിലെ സന്ദര്‍ഭങ്ങളൊന്നും. മമ്മൂട്ടി എന്ന മഹാനടന്‍ ഇതുപോലെ ആത്മപുച്ഛവും, ആത്മസംഘര്‍ഷവും അനുഭവിച്ച് പറഞ്ഞ ഡയലോഗു പീസുകള്‍ അദ്ദേഹത്തിന്റെ മുന്‍ അനുഭവങ്ങളിലില്ലെന്നു തോന്നുന്നു. അത്രമാത്രം ഭീകരമാണിത്. അനുശ്രീ ചെയ്ത വാസന്തി എന്ന കഥാപാത്രത്തോട് നമുക്ക് ‘ജട്ടി മാറി മാറിയിട്ടാലോ, അതല്ലേ സൗകര്യം’ എന്നു മഹാനടനെക്കൊണ്ട് പറയിപ്പിക്കാന്‍ കാണിച്ച ആ സംവിധാന രചനാധൈര്യത്തിനും ആ സംഭാഷണത്തിന് അനുബന്ധമായി വരുന്ന മറ്റ് കഥാപാത്രങ്ങളുടെ പെരുമാറ്റത്തിനുമൊക്കെ സ്തുതി.!
പുലിമുരുകനില്‍ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച കഥാപാത്രത്തെക്കൊണ്ട് എന്തൊക്കെ നെഗറ്റീവ് ലൈംഗിക ഇക്കിളികള്‍ ചെയ്യിപ്പിച്ചോ അതൊക്കെ പലരിലൂടെയും മധുരരാജയിലും തുടരുന്നുണ്ട്.

ഇതില്‍ മീറ്റവും, ‘സോളാറും, വനിതാ മതിലുമൊക്കെ പരാമര്‍ശിക്കുമ്പോള്‍ സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും മനോനിലയെക്കുറിച്ചാലോചിച്ച് പിന്നെയും നമുക്ക് അസ്വസ്ഥപ്പെടാം.

ഇതേപോലെ മറ്റൊരു തുരുത്തിന്റെ കഥ പറഞ്ഞതാണ് സമീപകാലത്തെ ജനപ്രിയ സിനിമയായ ‘കുമ്പളങ്ങി നൈറ്റ്‌സ്’. സിനിമയിലെ പോക്കിരിരാജമാര്‍ അതൊക്കെ കാണുന്നുണ്ടോ ആവോ! അതില്‍ ജീവിതമുണ്ടായിരുന്നു. കലയുണ്ടായിരുന്നു. സിനിമ എന്ന മാധ്യമമുണ്ടായിരുന്നു.സമീപകാല ജനപ്രിയ സിനിമകളില്‍ പലതും ;1983,സുഡാനി ഫ്രം നൈജീരിയ, ദൃശ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ്, ചന്ദ്രേട്ടന്‍ എവിടെയാ, ചാര്‍ളി, തുടങ്ങി ഏതെടുത്താലും, അതിനോടൊക്കെ എങ്ങനെ നിന്ന് വിയോജിച്ചാലും അതിലൊക്കെ സംവിധായകന് ഒരു കഥ പറയാനുണ്ടായിരുന്നു. സിനിമയുള്‍പ്പെടെയുള്ള നമ്മുടെ എല്ലാ കലകളും നമുക്കുണ്ടാക്കിയ ഏറ്റവും വലിയ നേട്ടം ഈ കഥ പറയാനുള്ള ശേഷിയാണ്. ഈ ശേഷിയെയാണ് ഫാന്‍സിനുവേണ്ടി എന്ന പേരില്‍ ഇങ്ങനെ നശിപ്പിക്കുന്നത്.

കഥകളില്‍ കഥാപാത്രങ്ങളില്‍ പരകായപ്രവേശം നേടി കാണികള്‍ കയ്യടിച്ചതിന്റെ പേരിലാണ് മലയാളത്തില്‍ മമ്മൂട്ടി ഫാന്‍സ് പോലും രൂപപ്പെട്ടത്.വടക്കന്‍ വീരഗാഥയുടെ വിജയമാഘോഷിക്കാന്‍ വേണ്ടി തിരുവനന്തപുരം കൃപ തിയറ്ററില്‍ വലിച്ചുകെട്ടിയ മൂന്ന് മീറ്റര്‍ തുണിയിലാണത്രെ ഫാന്‍സിന്റെ തുടക്കം. അതാണ് ഇപ്പോള്‍ ഈ നടന് തന്നെ ബാധ്യതയായിരിക്കുന്നത്. ഒരു നല്ല സിനിമയുടെ പേരിലായിട്ടുപോലും അത്തരം ഒരു സംഘടനയുടെ ആവശ്യമുണ്ടോ എന്ന് മമ്മൂട്ടി തന്നെ അന്ന് ചോദിച്ചിരുന്നു.ആ ചോദ്യത്തിനു ശേഷമാണ് ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ ഈ സംഘടന ഇടപെട്ടു തുടങ്ങിയതത്രെ.
അതേ ചോദ്യം മധുരരാജയ്ക്കു വേണ്ടി, തന്നിലെ എക്കാലത്തെയും മോശം കഥാപാത്രത്തിനുവേണ്ടി, പ്രമോഷന്‍ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരോട് ഈ നടന്‍ ചോദിക്കേണ്ടിയിരിക്കുന്നു. ഇല്ലെങ്കില്‍ മമ്മൂട്ടി എന്ന നടനെ സ്‌ക്രീനില്‍ ആഗ്രഹിക്കുന്നവരുടെ സത്യസന്ധതയ്ക്കു നേരെ സൈബര്‍ ആക്രമണം നടത്തുന്ന ‘കൊട്ടേഷന്‍’ ടീമായി ഈ സംഘവും അവസാനിച്ചേക്കും. മുഖസ്തുതികള്‍ ആളെക്കൊല്ലുമെന്നത് കേവലമൊരു വാക്യമല്ലെന്നത് ഫാന്‍സുകാരും ഈ നടനും ഓര്‍ക്കുന്നത് നന്നാവും.

ഫാന്‍ എന്നതിനെ നിഷേധാര്‍ത്ഥത്തിലല്ല ഇവിടെ അഭിസംബോധന ചെയ്തത്. ഫാന്‍സിനും മികച്ച മാതൃകകളാകാം.പക്ഷെ ആരാധനയുടെ മാനദണ്ഡം എന്താകണം എന്നതിലേ അഭിപ്രായ വ്യത്യാസമുള്ളൂ. നമ്മുടെ ജനപ്രിയമായ സിനിമയുടെ ആസ്വാദന മണ്ഡലത്തില്‍,അതിന്റെ ചരിത്രത്തില്‍ ഈ നടന് വലിയ സ്ഥാനമുണ്ട്. വിഷുവും ഓണവും ഉള്‍പ്പെടെയുള്ള മലയാളിയുടെ ഉത്സവകാല നൊസ്റ്റാള്‍ജിയയില്‍ ഒരു ചലച്ചിത്രകേരളവുമുണ്ട്. അതില്‍ നിങ്ങള്‍ തന്നെ ഫ്‌ലക്‌സില്‍ എഴുതി വെച്ച ന്യൂഡല്‍ഹിയും, അമരവും, പപ്പയുടെ സ്വന്തം അപ്പൂസും, മഴയെത്തും മുന്‍പേയും,ബെസ്റ്റ് ആക്ടറും, ബിഗ്ബിയുമൊക്കെയുണ്ട്. ആ ജനപ്രിയ സിനിമകളിലൊക്കെ ഈ നടന് എന്തെങ്കിലും ചെയ്യാനുമുണ്ടായിരുന്നു. ആ ചലച്ചിത്രകേരളത്തിന്റെ ജനപ്രിയ ഹൈവേയില്‍ മധുരയില്‍ നിന്ന് മാലിന്യം കയറ്റിവരുന്ന ഈ വണ്ടികൊണ്ട് ദയവു ചെയ്ത് തടസം സൃഷ്ടിക്കരുത്.

Related Articles