മെയ്ഡ് ഇന്‍ കേരള ബ്രാന്‍ഡ് സംരംഭകര്‍ക്ക് ആത്മവിശ്വാസം പകരും: മന്ത്രി പി രാജീവ്

സംസ്ഥാനത്തെ സംരംഭകരെ കൈപിടിച്ചുയര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഉത്പന്നങ്ങള്‍ക്ക് കേരളബ്രാന്‍ഡിങ് നല്‍കുന്നതെന്നും ഗുണനിലവാരം, എത്തിക്കല്‍ ഉത്പാദനം എന്നിവയെ ആധാരമാക്കി നല്‍കുന്ന മെയ്ഡ് ഇന്‍ കേരള ബ്രാന്‍ഡിങ് സംസ്ഥാനത്തെ സംരംഭകര്‍ക്ക് വലിയ ആത്മവിശ്വസം പകരുമെന്നും വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. കേരള ബ്രാന്‍ഡിങ്ങിന്റെ ആദ്യഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ആറ് വെളിച്ചെണ്ണ ഉത്പാദകര്‍ക്ക് മെയ്ഡ് ഇന്‍ കേരള ബ്രാന്‍ഡ് സര്‍ട്ടിഫിക്കറ്റ് സമ്മാനിക്കുന്ന ചടങ്ങ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിന് അഭിമാനകരമായ നിമിഷമാണിത്. കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ ആവിഷ്‌കരിച്ച ഘട്ടത്തില്‍ തന്നെ വ്യവസായ സംരംഭകരുടെ ഉത്പന്നങ്ങള്‍ക്ക് മാര്‍ക്കറ്റ് എങ്ങിനെ ഉറപ്പുവരുത്താന്‍ കഴിയും, വിപണി എങ്ങിനെ വിപുലപ്പെടുത്താന്‍ കഴിയും എന്ന് ആലോചിച്ചിരുന്നു. അതിലൊന്ന് ചെറുകിട സംരംഭകരുടെ ഉത്പന്നങ്ങള്‍ക്ക് കെ സ്റ്റോര്‍ വഴി അതത് പ്രദേശത്ത് വില്‍ക്കാനുള്ള സംവിധാനം ഒരുക്കലായിരുന്നു.
അതിന് വ്യവസായ വകുപ്പ് പൊതുവിതരണവകുപ്പുമായി ധാരണപത്രം ഒപ്പിടുകയും സംവിധാനം ഒരുക്കുകയും ചെയ്തു. ഒരു കോടി രൂപയുടെ ഉത്പന്നങ്ങള്‍ ഇത്തരത്തില്‍ പ്രാദേശികതലത്തില്‍ വില്‍പന നടത്താന്‍ കഴിഞ്ഞു. കൂടാതെ ഇ കൊമോഴ്‌സ് പ്ലാറ്റ് ഫോമുകള്‍ വഴിയും, സഹകരണ, സ്വകാര്യ മാളുകള്‍ വഴിയും പ്രത്യേക പരിഗണനയോടെ പ്രാദേശിക ഉത്പന്നങ്ങളുടെ വില്‍പനക്ക് അവസരം ഒരുക്കി. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ കേരളബ്രാന്‍ഡിങ് നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

കേരളം ലോകം അറിയുന്ന ഒരു ബ്രാന്‍ഡാണ്. നമ്മുടെ മാനവവിഭവ സൂചകം, കേരള മോഡല്‍ വികസനം, കേരളത്തിന്റെ ടൂറിസം ഒക്കെ ലോകത്ത് അംഗീകരിക്കപ്പെട്ട ബ്രാന്‍ഡാണ്. ഇതിനെ എങ്ങിനെ നമ്മുടെ നാട്ടിലെ ഉത്പന്നങ്ങളുടെ വിപണനത്തിന് ഉപയോഗപ്പെടുത്താം എന്ന ആലോചനയില്‍ നിന്നാണ് മെയ്ഡ് ഇന്‍ കേരള എന്ന കേരള ബ്രാന്‍ഡ് ഉണ്ടാവുന്നതെന്ന് മന്ത്രി പറഞ്ഞു.

കോവിഡിന് ശേഷം ആളുകളുടെ ഉപഭോഗരീതികളില്‍ വലിയ മാറ്റം ഉണ്ടായി. ഗുണനിലവാരത്തിനൊപ്പം ഉത്പാദനം എത്തിക്കലാണോ എന്നതൊക്കെ ആളുകള്‍ ഇന്ന് പരിഗണിക്കുന്നുണ്ട്. വലിയ ബ്രാന്‍ഡുകള്‍ക്കപ്പുറം നാട്ടിലെ ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ക്ക് ആളുകള്‍ മുന്‍ഗണന നല്‍കിത്തുടങ്ങി. എത്തിക്കല്‍ ഉത്പാദനരീതികള്‍ ഇന്ന് ഉത്പന്നങ്ങള്‍ക്ക് വിപണിയില്‍ മൂല്യവര്‍ധനവ് നല്‍കുന്നുണ്ട്. ഗുണനിലവാരം, എത്തിക്കല്‍ ഉത്പാദനം എന്നീ രണ്ട് സംഗതികള്‍ പരിഗണിച്ചാണ് കേരളബ്രാന്‍ഡിങ്ങില്‍ സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്. ഇത്തരത്തില്‍ ആറ് വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ക്കാണ് ഇന്ന് മെയ്ഡ് ഇന്‍ കേരള സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്. അടുത്ത ഘട്ടത്തില്‍ കുടിവെള്ളം, ഫുട് വെയര്‍, നെയ്യ്, തേന്‍ എന്നിവ അടക്കം 14 ഉത്പന്നങ്ങള്‍ക്ക് കൂടി സര്‍ട്ടിഫിക്കേഷന്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

ഒക്ടോബറില്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും സംരംഭകസഭകള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. സംരംഭകര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ തത്സമയം നല്‍കുക, തടസ്സങ്ങള്‍ നീക്കുക തുടങ്ങിയവയാണ് സംരംഭകസഭകളിലൂടെ ഉദ്ദേശിക്കുന്നതെന്നും അത് സംരംഭകര്‍ക്ക് വലിയ ആത്മവിശ്വാസം പകരുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ചടങ്ങില്‍ സംസ്ഥാനത്തെ ആറ് വെളിച്ചെണ്ണ ഉത്പാദകര്‍ക്ക് മന്ത്രി കേരള ബ്രാന്‍ഡിങ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ആലപ്പുഴ ജില്ലയിലെ എആര്‍എല്‍ കുട്ടനാടന്‍ കോക്കനട്ട് ഓയില്‍, കോട്ടയത്തെ കെഡിസണ്‍ എക്‌സ്‌പെല്ലേഴ്‌സ്, എറണാകുളത്തെ വാരപ്പെട്ടി കോക്കനട്ട് ഓയില്‍, കണ്ണൂരിലെ കെ എം ഓയില്‍ ഇന്‍ഡസ്ട്രീസ്, സഹകാരി ഓയില്‍, കാസര്‍കോട്ടെ കല്ലത്ര ഓയില്‍ മില്‍സ് എന്നിവര്‍ക്കാണ് മെയ്ഡ് ഇന്‍ കേരള സര്‍ട്ടിഫിക്കേഷന്‍ നല്‍കിയത്. മെയ്ഡ് ഇന്‍ കേരള ലോഗോ ഡിസൈന്‍ ചെയ്ത ലതീഷ് ലക്ഷ്മണിനെ ചടങ്ങില്‍ മന്ത്രി ആദരിച്ചു.

തിരുവനന്തപുരം ഹില്‍ട്ടണ്‍ ഗാര്‍ഡനില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് അധ്യക്ഷത വഹിച്ചു. കെ എസ് ഐ ഡി സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹരികൃഷ്ണന്‍ ആര്‍, പബ്ലിക് സെക്ടര്‍ ട്രാന്‍സ്ഫര്‍മേഷന്‍ ബോര്‍ഡ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ അജിത് കുമാര്‍ കെ, കിന്‍ഫ്ര മാനേജിങ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ്, കെ എസ് എസ് ഐ എ സംസ്ഥാന പ്രസിഡന്റ് എ നിസാറുദ്ധീന്‍, സി ഐ ഐ കേരള പ്രതിനിധി രവീന്ദ്രന്‍ നായര്‍, ഫിക്കി കേരള പ്രതിനിധി രഘുചന്ദ്രന്‍ നായര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഫോറിന്‍ ട്രേഡ് അസി. ഡയറക്ടര്‍ ജനറല്‍ ഹസന്‍ ഉസെയ്ദ് എന്‍. എ, കെ ബി ഐ പി സിഇഒ സുരാജ് എസ്, കോക്കനട്ട് ഡെവലപ്‌മെന്റ് ബോര്‍ഡ് ഡെ. ഡയറക്ടര്‍ രശ്മി, ബി ഐ എസ് ജോയിന്റ് ഡയറക്ടര്‍ സന്ദീപ് എസ് കുമാര്‍ എന്നിവര്‍ സാന്നിധ്യമായി. വ്യവസായ, വാണിജ്യ വകുപ്പ് ഡയറക്ടര്‍ എസ് ഹരികിഷോര്‍ സ്വാഗതവും വ്യവസായ, വാണിജ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ രാജീവ് ജി നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top