വിദ്യാര്‍ത്ഥികളില്‍ പഞ്ചസാരയുടെ ഉപയോഗം കൂടുന്നത് പ്രതിരോധിക്കാന്‍ ഷുഗര്‍ ബോര്‍ഡ് പദ്ധതി

വിദ്യാര്‍ത്ഥികളില്‍ പഞ്ചസാരയുടെ ഉപയോഗം കൂടുന്നത് പ്രതിരോധിക്കാന്‍ ‘ഷുഗര്‍ ബോര്‍ഡ്’ ബോധവല്‍ക്കരണ പദ്ധതിയുമായി ഭക്ഷ്യസുരക്ഷ വകുപ്പ്.ഇടവേളകളില്‍ കുട്ടികള്‍ കുടിക്കുന്ന ലഘുപാനീയങ്ങള്‍ വഴി 30 മുതല്‍ 40 ഗ്രാം വരെ പഞ്ചസാര ശരീരത്തില്‍ അധികമായി എത്തുന്നു. ഇത് ഭാവിയില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ കാരണമാകും.
ലഘുപാനീയങ്ങളില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് സൂചിപ്പിക്കുന്ന ബോധവത്കരണ ബോര്‍ഡ് (ഷുഗര്‍ ബോര്‍ഡ്) സ്‌കൂളുകളില്‍ സ്ഥാപിച്ച് കുട്ടികളില്‍ പഞ്ചസാരക്കെതിരെ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം.

ഭക്ഷ്യസുരക്ഷ വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പദ്ധതി നടക്കാവ് വൊക്കേഷണല്‍ ഹയര്‍സെക്കന്റെറി സ്‌കൂളില്‍ ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ഉദ്ഘാടനം ചെയ്തു. ഇത്തരം ബോര്‍ഡുകള്‍ സ്‌കൂളുകളുമായി സഹകരിച്ച് ജില്ലയിലെ മുഴുവന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്നതായി ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണര്‍ എ സക്കീര്‍ ഹുസൈന്‍ പറഞ്ഞു.

പരിപാടിയില്‍ പ്രിന്‍സിപ്പാള്‍ ഗിരീഷ് കുമാര്‍, ഭക്ഷ്യസുരക്ഷ ഓഫീസര്‍ അര്‍ജുന്‍ ജി എസ് എന്നിവര്‍ സംസാരിച്ചു.

ഒരാള്‍ക്ക് ഒരു ദിവസം പരമാവധി മൂന്നു ടീ സ്പൂണ്‍ (15 ഗ്രാം) പഞ്ചസാരയാണ് ഐസിഎംആര്‍ ശുപാര്‍ശ ചെയ്യുന്നത്. ഇത് രണ്ട് നേരത്തെ ചായയിലൂടെയോ പാനീയങ്ങളിലൂടെയോ ലഭിക്കും. എന്നാല്‍ ലഘുപാനീയങ്ങളില്‍ 10 മുതല്‍ 15% വരെ പഞ്ചസാര കാണപ്പെടുന്നുവെന്നാണ് കണക്ക്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top