Section

malabari-logo-mobile

എം. സിപ്; ഇന്ത്യയിൽ ആദ്യമായി സോഷ്യൽ ഇന്റേൺഷിപ് പ്രോഗ്രാം മലപ്പുറം ജില്ലയിൽ

HIGHLIGHTS : M. Zip; The first social internship program in India in Malappuram district

ജില്ലയിൽ 2021 ലോ അതിന് ശേഷമോ പഠനം പൂർത്തിയാക്കിയ ഡിപ്ലോമ, ബിരുദ – ബിരുദാനന്തര ബിരുദ ധാരികളായ യുവതീ യുവാക്കൾക്ക് ആറുമാസക്കാലം സർക്കാർ, സർക്കാറിതര പൊതുമേഖലാ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പിന് അവസരമൊരുക്കുന്ന നൂതന പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്‌.
ഇന്ത്യയിൽ തന്നെ ഇത്തരമൊരു ആശയം നടപ്പിലാക്കുന്ന ആദ്യത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനമായി മാറുകയാണ് ജില്ലാ പഞ്ചായത്ത്‌ ഭരണസമിതി. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക നടപടികൾ പൂർത്തിയായി. നേരത്തെ വിദേശ രാജ്യങ്ങളിൽ മാത്രം നടന്നു വന്നിരുന്ന ഈ പദ്ധതി ജില്ലയിലും നടപ്പിലാക്കുന്നതിലൂടെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടെ പ്രൊഫഷണൽ സ്കില്ലും തൊഴിൽ ആഭിമുഖ്യവും വർധിപ്പിക്കുവാനും ബന്ധപ്പെട്ട മേഖലയിൽ മികച്ച ഉദ്യോഗാർത്ഥികളെ സൃഷ്ടിച്ചെടുക്കാനും കഴിയും. വിദ്യാർഥികൾക്ക് പഠനം പൂർത്തിയാക്കിയ ഉടൻ തന്നെ വിവിധ തൊഴിൽ മേഖലകൾ കൃത്യമായി പരിചയപ്പെടുവാനും തൊഴിൽ പരിശീലനം നേടുവാനും കഴിയുന്നതാണ് സോഷ്യൽ ഇന്റേൺഷിപ് പ്രോഗ്രാം.
   കഴിഞ്ഞ മാസം നിലമ്പൂരിൽ ജില്ലാ പഞ്ചായത്ത്‌ നടത്തിയ ‘ഉദ്യോഗ് മലപ്പുറം’ ജോബ് ഫെയറിൽ കണ്ട ഉദ്യോഗാർത്ഥികളുടെയും കമ്പനികളുടെയും വൻ തോതിലുള്ള പങ്കാളിത്തവും അവരിൽ നിന്ന് ലഭിച്ച ഫീഡ് ബാക്കുമാണ് ഉത്തരമൊരു ആശയത്തിലേക്ക് ജില്ലാ പഞ്ചായത്തിനെ എത്തിച്ചത്.
   പഠനം കഴിഞ്ഞിറങ്ങുന്ന ഉടൻ തന്നെ താല്പര്യമുള്ള എല്ലാവർക്കും സർക്കാർ ഓഫീസിലോ സ്വകാര്യ സ്ഥാപനങ്ങളിലോ തൊഴിൽ പരിചയം നേടുന്നതിന് അവസരം ലഭിക്കുന്നു എന്നതാണ് പദ്ധതിയുടെ സവിശേഷത. നിലവിൽ സർക്കാർ ആപ്പീസുകളിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്ത അവസ്ഥക്ക് പരിഹാരം കാണുന്നതിനും സർക്കാർ, സ്വകാര്യ മേഖലയിലെ ഉദ്യോഗ രംഗത്തും സേവന രംഗത്തും ഗുണകരവും കാര്യക്ഷമാവുമായ മാറ്റം ഉണ്ടാക്കുന്നതിനും ഇത് വഴി സാധിക്കും.
ജില്ലയിലെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും ഏറെ ഗുണകരമാകുന്ന രീതിയിൽ യുവാക്കളുടെ കർമ്മശേഷിയും, ചിന്താ ശേഷിയും വിനിയോഗിക്കാൻ കഴിയുന്നു എന്നത് പദ്ധതിയുടെ വലിയ പ്രത്യേകതയും പ്രതീക്ഷയുമാണ്. സ്വകാര്യ മേഖലക്ക് കൂടി ആവശ്യമായ മനുഷ്യ വിഭവ ശേഷി നൽകുന്നതിലൂടെ ഇന്റേൺഷിപ്പ് നേടുന്ന പരിശീലനാർത്ഥികൾക്ക് കൂടുതൽ തൊഴിൽ നൈപ്പുണ്യം നേടുവാനും വ്യക്തിഗത മികവ് ആർജ്ജിക്കാനും കഴിയും.
    റവന്യൂ ഓഫീസുകൾ, ഗ്രാമ പഞ്ചായത്ത്‌ ഓഫീസ്, കൃഷി ഭവൻ, പൊതു മരാമത്ത് കാര്യാലയങ്ങൾ, സ്കൂളുകൾ, പോലീസ് സ്റ്റേഷൻ, തുടങ്ങിയ എല്ലാ സർക്കാർ ഓഫീസുകളുടെയും പ്രവർത്തനങ്ങൾക്ക് ഇവരെ പ്രയോജനപ്പെടുത്താൻ കഴിയുന്ന വിധത്തിലാണ് ഇന്റേൺഷിപ്.  പി. ജി, യു.ജി, പ്രൊഫഷണൽ ഡിഗ്രി, ഡിപ്ലോമ, ഐ.ടി.ഐ അലൈഡ് ഹെൽത്ത് ആൻഡ് പാരാ മെഡിക്കൽ കോഴ്സ് തുടങ്ങിയ കോഴ്‌സുകൾ പൂർത്തിയാക്കിയ മലപ്പുറം ജില്ലയിലെ സ്ഥിര താമസക്കാരായ ഏത് വിദ്യാർത്ഥികൾക്കും ഈ പ്രോഗ്രാമിൽ ചേരാൻ കഴിയും. ഇന്റേൺഷിപ്പിന് ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് പേരും വിവരങ്ങളും രജിസ്റ്റർ ചെയ്യുന്നതിന് വേണ്ടിയുള്ള ഓൺലൈൻ ലിങ്കിൽ ഇന്ന് മുതൽ അപേക്ഷ സമർപ്പിക്കുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്. താല്പര്യമുള്ളവർ
https://bit.ly/Social_Internship_Malappuram
എന്ന ഓൺലൈൻ ലിങ്ക് വഴിയോ ഇതോടൊപ്പം കാണുന്ന ക്യു. ആർ. കോഡ് വഴിയോ ജൂൺ 30 ന് മുൻപായി പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടതാണെന്നും സംശയങ്ങൾക്ക് 7012007200 എന്ന മൊബൈൽ നമ്പറിൽ വിളിക്കാവുന്നതാണെന്നും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. കെ. റഫീഖ, വൈസ് പ്രസിഡന്റ്‌ ഇസ്മായിൽ മൂത്തേടം, കോ ഓർഡിനേറ്റർ അബ്ദുൽ ജബ്ബാർ അഹമ്മദ് എന്നിവർ അറിയിച്ചു.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!