എം മുകുന്ദന്റെ ‘മയ്യഴിപുഴയുടെ തീരങ്ങളില്‍’ വെള്ളിത്തിരയിലേക്ക്; സംവിധാനം രഞ്ജിത്ത്

എം മുകുന്ദന്റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’ സിനിമയാകുന്നു. ഇരുപത്തി ഏഴാമത് ഐഎഫ്എഫ്‌കെ സമാപന വേദിയില്‍ ആയിരുന്നു പ്രഖ്യാപനം. സാംസ്‌കാരിക മന്ത്രി വിഎന്‍ വാസവനാണ് ഇക്കാര്യം അറിയിച്ചത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കൂടിയായ സംവിധായകന്‍ രഞ്ജിത്താണ് ചിത്രം ഒരുക്കുന്നത്.

മയ്യഴിപ്പുഴയുടെ തീരങ്ങളിലെ ദാസനേയും ചന്ദ്രികയേയും ആര്‍ക്കും മറക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു. ഇങ്ങനെയൊരു വാര്‍ത്ത അറിയുമ്പോള്‍ എല്ലാവരും സന്തോഷിക്കും. അതുകൊണ്ടാണ് ഈ വേദിയില്‍ വെച്ച് ഇക്കാര്യം പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചലച്ചിത്രമേളയിലേക്ക് വന്നത് നന്നായെന്നും മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ സിനിമയാവുന്നു എന്ന നല്ല വാര്‍ത്തയുംകൊണ്ടാണ് തിരികെ മാഹിയിലേക്ക് പോകുന്നതെന്നും എം. മുകുന്ദന്‍ പറഞ്ഞു.

ഒട്ടും പ്രതീക്ഷിക്കാതെയാണ് മന്ത്രിയുടെ പ്രഖ്യാപനമെന്നായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം. അദ്ദേഹത്തോട് രഹസ്യമായി പറഞ്ഞ കാര്യം ഇത്രയും വലിയ വേദിയില്‍ പ്രഖ്യാപിച്ചതിനാല്‍ തന്നെ മികച്ച സിനിമയാക്കേണ്ട ഉത്തരവാദിത്വം തനിക്കുണ്ടെന്ന് രഞ്ജിത്ത് പറയുന്നു. നോവല്‍ സിനിമയാക്കുക എന്നത് വലിയ വെല്ലുവിളിയാണെന്നും സംവിധായകന്‍ പറഞ്ഞു. സിനിമയുടെ മറ്റുവിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

എം. മുകുന്ദന്‍ ആദ്യമായി തിരക്കഥയെഴുതിയ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രം ഈയിടെയാണ് തിയേറ്ററുകളിലെത്തിയത്. 2018-ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ഡ്രാമയാണ് രഞ്ജിത് സംവിധാനം ചെയ്ത് ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം.

അതേസമയം, 27-ാമത് ഐഎഫ്എഫ്‌കെയ്ക്ക് ഇന്ന് കൊടിയിറങ്ങിയിരിക്കുകയാണ്. ഡിസംബര്‍ 9 മുതല്‍ 16 വരെയായിരുന്ന മേളയില്‍ 70 രാജ്യങ്ങളില്‍ നിന്നുള്ള 186 സിനിമകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അന്താരാഷ്ട്ര മല്‍സരവിഭാഗത്തില്‍ 14 സിനിമകളും മലയാള സിനിമ റ്റുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് സിനിമകളും പ്രദര്‍ശിപ്പിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top