എട്ടു ദിവസം കൊണ്ട് ലൂസിഫര്‍ 100 കോടി ക്ലബ്ബിലേക്ക്

സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം ലൂസിഫര്‍ 100 കോടി ക്ലബ്ബിലേക്ക്. പ്രിഥിരാജ് സംവിധാനം ചെയ്ത ചിത്രം വെറും എട്ടു ദിവസം കൊണ്ടാണ ് ആഗോള ബോക്‌സ് ഓഫീസില്‍ 100കോടി കളക്ഷന്‍ കടന്നതെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. ആശിര്‍വാദ് സിനിമാസാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ഈ നേട്ടം കൈവരിക്കാന്‍ തങ്ങളോട് സഹകരിച്ച പ്രേക്ഷകര്‍ക്ക് നന്ദിയുണ്ടെന്ന് അറിയിച്ചുകൊണ്ട് ആശിര്‍വാദ് സിനിമാസ് ഔദ്യോഗിക കുറിപ്പ് പുറത്തിറക്കി.
മാര്‍ച്ച് 28നാണ് ചിത്രം റിലീസ് ചെയ്തത്. കേരളത്തില്‍ മാത്രം 400 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്ത ചിത്രം ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമേ യുഎസിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഒരേ സമയം പുറത്തിറങ്ങി.
ഇവിടെ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഇതും കളക്ഷന്‍ ലിസ്‌ററില്‍ ഒരു കുതിപ്പുണ്ടാക്കാന്‍ ലൂസിഫറിനെ സഹായിച്ചു.

ആശിര്‍വാദ് സിനിമാസിന്റെ കുറിപ്പ്

പ്രിയപ്പെട്ടവരേ, വളരെ സന്തോഷമുള്ള ഒരു വാര്‍ത്ത നിങ്ങളെ അറിയിക്കാനാണ് ഈ കുറിപ്പ്. ഞങ്ങളുടെ ‘ലൂസിഫര്‍’ എന്ന സിനിമ നൂറു കോടി ഗ്രോസ് കളക്ഷന്‍ എന്ന മാന്ത്രിക വര ലോക ബോക്‌സോഫിസില്‍ കടന്നു എന്നറിയിച്ചുകൊള്ളട്ടെ. റിലീസ് ചെയ്ത് എട്ട് ദിവസത്തിനുള്ളില്‍ ഇത് സാധ്യമായത് നിങ്ങളേവരും ഈ സിനിമയെ സ്‌നേഹാവേശത്തോടെ നെഞ്ചിലേറ്റിയത് കൊണ്ടും ഈശ്വരാനുഗ്രഹം കൊണ്ടുമാണ്. ഇതാദ്യമായാണ് കളക്ഷന്‍ വിവരങ്ങള്‍ ഔദ്യോഗികമായി നിങ്ങളോടു ഞങ്ങള്‍ പങ്കുവയ്ക്കുന്നത്. കാരണം, മലയാള സിനിമയുടെ
ഈ വന്‍ നേട്ടത്തിന് കാരണം നിങ്ങളുടെ ഏവരുടെയും സ്‌നേഹവും നിങ്ങള്‍ തന്ന കരുത്തും ആണ്. ഇത് നിങ്ങളെ തന്നെയാണ് ആദ്യം അറിയിക്കേണ്ടത്. വലിയ കുതിപ്പാണ് ‘ലൂസിഫര്‍’ നടത്തിക്കൊണ്ടിരിക്കുന്നത്. നിങ്ങളെയേവരെയും ഈ സിനിമയിലൂടെ രസിപ്പിക്കാന്‍ കഴിഞ്ഞു എന്നത് വലിയ ഒരു കാര്യമാണ് ഞങ്ങള്‍ക്ക്. ഇന്ത്യന്‍ സിനിമ വ്യവസായം ഒന്നടങ്കം ‘ലൂസിഫറി’നെ ഉറ്റുനോക്കുന്ന ഈ വേളയില്‍, നമുക്ക് ഏവര്‍ക്കും അഭിമാനിക്കാം, ആഹ്ലാദിക്കാം. എന്ന്, നിങ്ങളുടെ സ്വന്തം ടീം എല്‍

 

മോഹന്‍ലാല്‍ ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്ന ഈ ചിത്രത്തില്‍ ഒരു വന്‍ താരനിരതന്നെയൂണ്ട്. വിവേക് ഒബറായി പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ മഞ്ജുവാര്യര്‍ ടോവിനോ തോമസ്,ഇന്ദ്രജിത്ത്, പൃഥ്വിരാജ് എന്നിവരും വേഷമണിയുന്നുണ്ട്. മുരളി ഗോപിയാണ് ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത്.

 

 

Related Articles