എല്‍പിജി പ്രതിസന്ധി; ഗാര്‍ഹിക മേഖലക്ക് മുന്‍ഗണന, ഹോട്ടലുകൾ അടച്ചുപൂട്ടൽ പ്രതിസന്ധിയിൽ

ന്യൂഡല്‍ഹി: പാചകവാതക ക്ഷാമം രൂക്ഷമായതോടെ ഹോട്ടലുകൾ അടച്ചുപൂട്ടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി ചെന്നൈ, ബംഗളൂരു വൻനഗരങ്ങളിലെ റെസ്റ്റോറന്‍റ് ഉടമകൾ.വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽ പി ജി വിതരണത്തിലുണ്ടായ തടസ്സത്തെത്തുടർന്ന് മുംബൈയിലെ ഹോട്ടലുകളുടെയും റെസ്റ്റോറന്റുകളുടെയും പ്രവർത്തനങ്ങൾ പ്രതിസന്ധിയിൽ. നഗരത്തിലെ 20 ശതമാനത്തോളം ഹോട്ടലുകൾ ഇതിനോടകം അടച്ചുപൂട്ടിയതായി ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ (AHAR) അറിയിച്ചു. വരും ദിവസങ്ങളിലും വിതരണം പുനഃസ്ഥാപിച്ചില്ലെങ്കിൽ നഗരത്തിലെ പകുതിയോളം ഹോട്ടലുകൾ പൂട്ടേണ്ടി വരുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.

ഓരോ സ്ഥാപനങ്ങളുടെയും കൈവശമുള്ള എൽ.പി.ജി സ്റ്റോക്കിന്റെ ലഭ്യത അനുസരിച്ചായിരിക്കും ഇനി എത്ര റെസ്റ്റോറന്റുകൾ പ്രവർത്തിക്കുമെന്ന് തീരുമാനിക്കുക. എന്നിരുന്നാലും, ഹോട്ടലുകൾ കൂട്ടായി അടച്ചുപൂട്ടാൻ അസോസിയേഷൻ ഔദ്യോഗിക തീരുമാനമെടുത്തിട്ടില്ലെന്ന് സംഘടന വ്യക്തമാക്കി. റസ്റ്റോറന്റുകൾ തുറന്നിടാനോ താൽക്കാലികമായി പ്രവർത്തനം അവസാനിപ്പിക്കാനോ ഉള്ള തീരുമാനം വ്യക്തിഗത ഹോട്ടൽ ഉടമകളെയും അവരുടെ സ്ഥാപനങ്ങളിലെ ഗ്യാസ് വിതരണത്തിന്റെ ലഭ്യതയെയും ആശ്രയിച്ചിരിക്കും.ഗ്യാസ് ലഭ്യതയെ കുറിച്ചുള്ള അനിശ്ചിതത്വം കാരണം നിരവധി ഹോട്ടലുകളും റെസ്റ്റോറന്റുകളും മെനു ഇനങ്ങൾ കുറയ്ക്കുകയോ പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെന്ന് വ്യവസായ പ്രതിനിധികൾ പറയുന്നു.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ആഗോള എല്‍എന്‍ജി വിതരണത്തില്‍ തടസ്സങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍, അവശ്യവസ്തു നിയമം (1995) നടപ്പില്‍ വരുത്തി കേന്ദ്രസര്‍ക്കാര്‍ . പെട്രോളിയം, പ്രകൃതിവാതകം എന്നിവയ്ക്കാണ് നടപടി ബാധകമാകുക.വിജ്ഞാപനം പ്രകാരം ഗ്യാസ് ഉപഭോക്താക്കളെ വ്യത്യസ്ത മുന്‍ഗണനാ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഓരോ മേഖലയിലേക്കുമുള്ള വിതരണം അവരുടെ മുന്‍കാല ഉപഭോഗത്തെ അടിസ്ഥാനമാക്കി നിശ്ചയിക്കുന്നു. ദൈനംദിന ഉപയോഗത്തിനും ഊര്‍ജ്ജ വിതരണത്തിനും അത്യാവശ്യമായി കണക്കാക്കപ്പെടുന്ന മേഖലകള്‍ക്കാണ് ഏറ്റവും ഉയര്‍ന്ന മുന്‍ഗണന നല്‍കിയിരിക്കുന്നത്. ഗാര്‍ഹിക പൈപ്പ് നാച്ചുറല്‍ ഗ്യാസ് (PNG), ഗതാഗതത്തില്‍ ഉപയോഗിക്കുന്ന കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് (CNG), LPG ഉത്പാദനം, പൈപ്പ്‌ലൈന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഇന്ധനം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

കഴിഞ്ഞ ആറ് മാസത്തെ ശരാശരി ഗ്യാസ് ഉപഭോഗത്തിന്റെ 100 ശതമാനം വരെ ഈ മേഖലകള്‍ക്ക് ലഭിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതുവഴി ഗാര്‍ഹിക പാചക വാതക വിതരണം, വാഹനങ്ങള്‍ക്കുള്ള CNG ലഭ്യത, LPG ഉത്പാദനം എന്നിവ വലിയ തോതില്‍ പ്രതികൂലമായി ബാധിക്കപ്പെട്ടേക്കില്ലെന്നാണ് വിലയിരുത്തല്‍.

സിറ്റി ഗ്യാസ് വിതരണ ശൃംഖലകള്‍ വഴി ഗ്യാസ് സ്വീകരിക്കുന്ന വ്യാവസായിക, വാണിജ്യ ഉപഭോക്താക്കളെ മുന്‍ഗണനാ മേഖല നാലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, ശരാശരി ഉപഭോഗത്തിന്റെ 80 ശതമാനം വരെ ലഭിക്കും. എല്‍പിജി ക്ഷാമം ഇന്ത്യയുടെ ഗാര്‍ഹിക- വാണിജ്യ മേഖലകളെയും ബാധിക്കും. പൂഴ്ത്തിവെപ്പിനും കരിഞ്ചന്തക്കുമെതിരെ നടപടിയുണ്ടാക്കുമെന്നും സിലിണ്ടര്‍ ബുക്കിങ്ങുകള്‍ക്ക് 25 ദിവസത്തെ ഇടവേളയുണ്ടാക്കുമെന്നും അധികൃതര്‍ അറിയിച്ചു. എല്‍പിജിക്ക് പ്രതിസന്ധിയില്ലെന്നും അധികൃതര്‍ കൂട്ടിചേര്‍ത്തു. കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി, പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Share news
error: Content is protected !!
Scroll to Top