ലോക്ഡൗണില്‍ ചക്കയാണ് താരം

ഹംസ കടവത്ത്
പരപ്പനങ്ങാടി: ചക്കയോട് മലയാളിക്ക് ഏറ്റവും സ്‌നേഹം നിറഞ്ഞ നാളുകളാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കോവിഡ് 19 നെ പ്രതിരോധിക്കാന്‍ സാമൂഹ്യ അകലം പാലിച്ചതോടെയാണ് സ്വന്തം പറമ്പിലും അതിരിലും നിറഞ്ഞ് വിളഞ്ഞു നില്‍ക്കുന്ന അനുഗ്രഹങ്ങളിലേക്ക് മലയാളിയുടെ കണ്ണെത്തിയത്. വേരില്‍ വരെ വിളഞ്ഞു നിറഞ്ഞു കൊടുത്തിട്ടും വേരോടെ അവഗണിച്ചു തള്ളിയ മലയാളികളാണ് ഇപ്പോള്‍ ചക്കയെ പഴഞ്ചനെന്നൊ വരിക്ക യെന്നൊ വ്യത്യാസമില്ലാതെ സ്വീകരിക്കുന്നത്. ചക്കയുടെ പാചക വൈവിധ്യങ്ങളും രസ കൂട്ടുകളും ഒപ്പം ചക്ക സമ്മാനിക്കുന്ന ശാരീരിക ഗുണ വശങ്ങളും സോഷ്യല്‍ മീഡിയ നിറഞ്ഞതോടെയാണ് കയ്യിലൊരല്‍പ്പം ‘വിളഞീന്‍ ‘പുരണ്ടാലും കുഴപ്പമില്ലന്ന് കരുതി മലയാളി ചക്കയോട് ചങ്ങാത്തം കൂടിയത്.

തിരിഞ്ഞു നോക്കാന്‍ ആളില്ലാതെ മഴ കൊണ്ട് കരിപുരണ്ട് ചോര്‍ന്നൊലിച്ച് പോയിരുന്ന ചക്ക ചുളകള്‍ യഥാസമയം ഇരു കയ്യും നീട്ടി സ്വീകരിക്കാന്‍ മലയാളികള്‍ കാത്തിരിക്കുകയാണ്. ലോക് ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ ബന്ധങ്ങളിലേക്കും കുടുംബങ്ങളിലേക്കും ചക്ക പങ്കു വെക്കാനാവുന്നില്ലന്ന പരിഭവവുമുണ്ടെങ്കിലും പൊലീസിന്റെ കണ്ണുവെട്ടിച്ച് അതിരാവിലെയും മറ്റും ഇരുചക്രവാഹനങ്ങളില്‍ ചക്ക എത്തേണ്ടിടത്തെന്നുണ്ട്. ‘ ചക്ക കുരുവിന്റെ ആരോഗ്യ മഹാത്മ്യവും സോഷ്യല്‍ മീഡിയ നിറഞതോടെ ചക്ക പ്രിയത്തിന് പതിന്മടങ്ങ് ആര്‍ത്തിയാണ് ലോക് ഡൗണ്‍ കാലം സമ്മാനിക്കുന്നത്. മഹാരാഷട്രയിലേക്കും മറ്റുമുള്ള ചക്കയുടെ കയറ്റുമതി നിലച്ചിട്ടും ചക്ക മലയാളിക്ക് ഇപ്പോള്‍ ബാധ്യതയല്ല.

ഈ സാമൂഹ്യ സാഹചര്യം തുടര്‍ന്നാല്‍ കയ്യെത്തും ദൂരത്തുള്ള ചക്കയും ,കപ്പയും മാങ്ങയുമൊക്കെ വിശപ്പടക്കാന്‍ ഉണ്ടാവൂ എന്ന കാരണവന്മാരുടെ പഴയ കാല അനുഭവങ്ങളെ മുന്‍ നിര്‍ത്തിയുള്ള താക്കീതും പുതിയ തലമുറയുടെ സമീപനത്തില്‍ മാറ്റങ്ങളുണ്ടാക്കാന്‍ കാരണമായിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top