Section

malabari-logo-mobile

മെസ്സി ബാഴ്‌സയിൽ തന്നെ, കരാർ അഞ്ച് വർഷത്തേക്ക്

HIGHLIGHTS : Messi stays at Barcelona for five years

ഒടുവില്‍ മെസ്സിയുടെയും ബാഴ്‌സയുടെയും ആരാധകര്‍ കാത്തിരുന്ന വാര്‍ത്തയെത്തി. ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി ബാഴ്സയുമായി പുതിയ കരാര്‍ ഒപ്പുവെച്ചു. കഴിഞ്ഞ കൊല്ലം മുതല്‍ താരത്തിന്റെ പേരില്‍ ഉയര്‍ന്ന ട്രാന്‍സ്ഫര്‍ അഭ്യുഹങ്ങള്‍ക്കെല്ലാം ഒടുവില്‍ വിരാമമായി. തന്റെ പ്രിയപ്പെട്ട ക്ലബ്ബുമായി നീണ്ട അഞ്ച് വര്‍ഷത്തേക്കാണ് താരത്തിന്റെ പുതിയ കരാര്‍ എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. മെസ്സി ബാഴ്സ വിട്ടു പോകുന്നില്ല എന്ന വാര്‍ത്ത ബാഴ്സയുടെയും മെസ്സിയുടെയും ആരാധകര്‍ക്ക് ഇരട്ടിമധുരമായി.

നേരത്തെ മെസ്സിയുമായി കരാറിലെത്താന്‍ ഉണ്ടായിരുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ ബാഴ്സ പരിഹരിച്ചതോടെയാണ് താരം നൗകാമ്പില്‍ തന്നെ തുടരുമെന്ന് ഉറപ്പായത്. പ്രധാനമായും മെസ്സിയുടെ വേതനത്തെ ചൊല്ലിയായിരുന്നു പ്രശ്നം ഉയര്‍ന്നിരുന്നത്. കഴിഞ്ഞ സീസണുകളില്‍ മെസ്സിക്ക് ബാഴ്സ നല്‍കിയ ശമ്പളം പുതിയ സീസണിലും നല്‍കാന്‍ കഴിയില്ല എന്ന ലാലിഗ പ്രസിഡന്റ് ഹവിയര്‍ ടെബാസിന്റെ പ്രഖ്യാപനം മെസ്സിയും ബാഴ്സയും തമ്മിലുള്ള കരാറിനെ കൂടുതല്‍ സങ്കീര്‍ണമാക്കിയിരുന്നു. എന്നാല്‍ തന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ക്ലബ്ബില്‍ തുടരാന്‍ സൂപ്പര്‍ താരം പ്രതിഫലം കുറയ്ക്കാന്‍ തയ്യാര്‍ ആയതോടെ ഈ പ്രശ്നം നീങ്ങുകയായിരുന്നു. തനിക്ക് ഉണ്ടായിരുന്ന വേതനത്തിന്റെ പകുതിയോളം കുറച്ചാണ് മെസ്സി കരാര്‍ ഒപ്പിട്ടതെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. മെസ്സിയുടെ കരാര്‍ ലാലിഗ അംഗീകരിച്ചതോടെ ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ബാക്കിയുള്ളത്. ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നാണ് കരുതുന്നത്.

sameeksha-malabarinews

മെസ്സിയുടെ പുതിയ കരാര്‍ പ്രകാരം 600 മില്യണ്‍ റിലീസ് ക്ലോസ് ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നേരത്തെ ജൂണ്‍ 30 അര്‍ദ്ധരാത്രിയോടെ ബാഴ്സയുമായുള്ള കരാര്‍ അവസാനിച്ച മെസ്സി ഫ്രീ ഏജന്റ് ആയി മാറുകയായിരുന്നു. സൂപ്പര്‍ താരത്തെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റി, പി എസ് ജി പോലുള്ള വമ്പന്‍ ക്ലബ്ബുകള്‍ രംഗത്ത് ഉണ്ടായിരുന്നെങ്കിലും താരത്തിന്റെ വേതനം പ്രശ്‌നമായതിനാല്‍ ഇവര്‍ താരവുമായി കരാറിലെത്താന്‍ മടിച്ചു നില്‍ക്കുകയായിരുന്നു. ബാഴ്സിലോണ തങ്ങളുടെ സൂപ്പര്‍ താരത്തെ ഒപ്പം നിര്‍ത്താന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയായിരുന്നു. നിലവിലെ ബാഴ്സ പ്രെസിഡന്റായ ജുവാന്‍ ലപ്പോര്‍ട്ട നടത്തിയ ശ്രമങ്ങളാണ് ഒടുവില്‍ ഫലം കണ്ടത്. ലപ്പോര്‍ട്ടക്ക് മെസ്സിയുമായുള്ള അടുത്ത ബന്ധവും ഇതിന് കാരണമായെന്ന് വേണം കരുതാന്‍.

ഇതിനു പുറമെ മെസ്സിയെ ടീമില്‍ പിടിച്ചുനിര്‍ത്താന്‍ വേണ്ടി മികച്ച താരങ്ങളെ ബാഴ്സ ടീമിലെടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍ താരവും അര്‍ജന്റീന ടീമിലെ മെസ്സിയുടെ സഹതാരവും ഉറ്റസുഹൃത്തുമായ സെര്‍ജിയോ അഗ്വേറോയെ ബാഴ്സ ടീമിലെടുത്തത്. ഇതിനു പുറമെ മെംഫിസ് ഡീപേ, എമേഴ്സണ്‍ റോയല്‍, എറിക് ഗാര്‍ഷ്യ എന്നിങ്ങനെ ഒരുപിടി മികച്ച താരങ്ങളെ കൂടി ബാഴ്സ ടീമിലെടുത്തിരുന്നു. ഇനി കുറച്ച് താരങ്ങളെ വിറ്റു കൊണ്ട് സാലറി ക്യാപ് കുറക്കുക ആകും ബാഴ്സയുടെ ലക്ഷ്യം.

കോപ്പ അമേരിക്കയിലെ കിരീട നേട്ടത്തിന്റെ നിറവില്‍ നില്‍ക്കുന്ന താരം നിലവില്‍ തന്റെ കുടുംബത്തോടൊപ്പം അവധിയിലാണ്. കരാര്‍ പുതുക്കിയ സാഹചര്യത്തില്‍ തന്റെ ക്ലബ്ബിനൊപ്പം പിന്നീട് ചേരുന്നതായിരിക്കും. അന്താരാഷ്ട്ര മത്സരങ്ങള്‍ എല്ലാം അവസാനിച്ച അവസരത്തില്‍ ലീഗുകളെല്ലാം പുതിയ സീസണിനായി തയ്യാറെടുക്കുകയാണ്. ലാലിഗയില്‍ റയല്‍ സോസിഡാഡിനെതിരായ സീസണിലെ ആദ്യ മത്സരത്തിന് മുന്‍പ് മെസ്സി തന്റെ ടീമിനൊപ്പം ചേരും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!