തിരൂര്‍ മാര്‍ക്കറ്റില്‍ മിന്നല്‍ പരിശോധന: ഫോര്‍മാലിന്‍ കലര്‍ത്തിയ 150 കിലോ മത്സ്യം പിടിച്ചെടുത്തു

ഓപ്പറേഷന്‍ സാഗരറാണിയുടെ ഭാഗമായി തിരൂര്‍ മാര്‍ക്കറ്റില്‍ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയ 150 കിലോ മത്സ്യം പിടിച്ചെടുത്തു. മതിയായ അളവില്‍ ഐസ് ചേര്‍ക്കാത്തതിനാല്‍ ഭക്ഷ്യയോഗ്യമല്ലാതായ 80 കിലോ മത്സ്യവും പിടികൂടി. ഇന്നലെ പുലര്‍ച്ചെ മൂന്നോടെയായിരുന്നു പരിശോധന.

എല്ലാ കച്ചവടക്കാരുടെയും മത്സ്യശേഖരത്തില്‍ നിന്നും സാമ്പിളുകള്‍ ശേഖരിക്കുകയും അവ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മൊബൈല്‍ ലാബില്‍ പരിശോധിക്കുകയുമായിരുന്നു. ഈ പരിശോധനയിലാണ് 150 കിലോ തളയന്‍ മത്സ്യത്തില്‍ ഫോര്‍മാലിന്റെ സാന്നിധ്യം കണ്ടെത്തിയത്.

ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് ചെറുകിട മത്സ്യകച്ചവടക്കാര്‍ തിരൂര്‍ മാര്‍ക്കറ്റില്‍ നിന്നാണ് മത്സ്യം വാങ്ങി വില്‍പ്പനക്കായി കൊണ്ടുപോകുന്നത്. കേരളത്തിലെ വിവിധ ജില്ലകളിലെ മത്സ്യവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മത്സ്യവും വലിയ കണ്ടെയ്നറുകളില്‍ മാര്‍ക്കറ്റില്‍ എത്തിച്ചിരുന്നു. ഇതിനിടയിലായിരുന്നു മിന്നല്‍ പരിശോധന.

രാസവസ്തുക്കള്‍ ചേര്‍ന്ന മത്സ്യ ഉപഭോഗത്തിന്റെ ഭവിഷത്തുകളെക്കുറിച്ച് കച്ചവടക്കാരെ ബോധവത്കരിച്ച ഉദ്യോഗസ്ഥര്‍ തുടര്‍ന്നും കര്‍ശനമായ പരിശോധനകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തുടരുമെന്നും നിയമാനുസൃത നടപടികള്‍ സ്വീകരിക്കുമെന്നും വ്യക്തമാക്കി.ഫിഷറീസ് ഓഫീസര്‍ ഇബ്രാഹിംകുട്ടി, ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥരായ മുഹമ്മദ് മുസ്തഫ, അരുണ്‍കുമാര്‍ ,അര്‍ജുന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Share news
error: Content is protected !!
Scroll to Top