Section

malabari-logo-mobile

രാത്രിമഴ തോര്‍ന്നു..ലെനിന്‍ രാജേന്ദ്രന്‍ അനുസ്മരണം

HIGHLIGHTS : സതീഷ് തോട്ടത്തില്‍ 1980ല്‍ ‘വേനലി’ല്‍ തുടങ്ങി 2016 ല്‍ ‘ഇടവപ്പാതി’യില്‍ അവസാനിച്ച പതിനഞ്ചോളം സിനിമകള്‍ മലയാളികള്‍ക്ക് സമ്മാ...

സതീഷ് തോട്ടത്തില്‍

1980ല്‍ ‘വേനലി’ല്‍ തുടങ്ങി 2016 ല്‍ ‘ഇടവപ്പാതി’യില്‍ അവസാനിച്ച പതിനഞ്ചോളം സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച ലെനിന്‍ രാജേന്ദ്രന്‍ വിടവാങ്ങി. കാലത്തില്‍ കൊത്തിവെച്ച ശില്‍പ്പങ്ങളായിരുന്നു ലെനിന്‍ രാജേന്ദ്രന്റെ ഓരോ സിനിമകളും. തികഞ്ഞ രാഷ്ട്രീയ ബോധവും ആവിഷ്‌ക്കാരത്തിലെ വിട്ടുവീഴ്ച്ചയില്ലാത്ത കലാപരതയും ഇദേഹത്തിന്റെ സിനിമകളെ വേറിട്ട് നിര്‍ത്തി. 1980 ല്‍ ‘വേനലി’ലൂടെയാണ് ഇദേഹം സ്വതന്ത്ര സംവിധായകനായി രംഗപ്രവേശനം ചെയ്തത്. അതുവരെയും പ്രശസ്ത സംവിധായകനായ പി എ ബക്കറിനോടൊപ്പം സഹസംവിധായകന്റെ വേഷത്തിലായിരുന്നു. ബക്കറുമായുള്ള ഹൃദയബന്ധമാണ് ഇദേഹത്തിന്റെ ചിന്തകളെയും നിലപാടുകളെയും മാറ്റിമറിച്ചത്. മരണം വരെയും ഇടതുപക്ഷ അവബോധം കാത്തുസൂക്ഷിക്കാന്‍ ഇദേഹത്തിന് ആവുകയും ചെയ്തു. ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനും ഒടുവില്‍ ചലചിത്ര വികസനകോര്‍പ്പറേഷന്റെ ചെയര്‍മാന്‍വരെയും ഇടതുപക്ഷബന്ധം ഇദേഹത്തെ എത്തിച്ചു. ആദ്യ സിനിമകളിലൂടെ തന്നെ അതുവരെയും കാണാത്ത യൗവനത്തിന്റെ ഒരു പുതിയമുഖം വരച്ചുകാട്ടുകയായിരുന്നു ആദ്യ ചിത്രങ്ങളായ വേനലിലൂടെയും ചില്ലിലൂടെയും. രണ്ടിലും അതുവരെയും കാണാത്ത ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ കൊണ്ടുവരാനും ഈ സിനിമകള്‍ക്കായി.

sameeksha-malabarinews

മഴയെ സര്‍ഗാത്മകമായി സിനിമകളില്‍ ഒപ്പിയെടുത്തവരായിരുന്നു പത്മരാജനും ലെനിനും. മഴയൊരു കഥാപാത്രം തന്നെയാണ് ഇവരുടെ സിനിമകളില്‍. മഴയെന്നാണ് ലെനിന്‍ രാജേന്ദ്രന്റെ ഒരു സിനിമയുടെ പേരുതന്നെ. ബാല്യകാലത്തെ മഴയോര്‍മകളും ഭയവും തനിക്ക് അതിന് പ്രേരണയായിട്ടുണ്ടെന്ന് അദേഹം പറഞ്ഞിട്ടുണ്ട്.

എം മുകന്ദന്റെ മയ്യഴിപുഴയുടെ തീരങ്ങള്‍ ദൈവത്തിന്റെ വികൃതികള്‍ എന്ന പേരില്‍ ചലച്ചിത്രാവിഷ്‌ക്കാരമായപ്പോള്‍ നോവലുകള്‍ സിനിമയ്ക്ക് വഴങ്ങുകയില്ല എന്ന നിലപാടുകളെ തിരുത്തുകയായിരുന്നു. നോവലിന്റെ സാഹിത്യമൂല്യം നഷ്ടപ്പെടാതെ തന്നെ കാഴ്ച്ചക്കാരെ സിനിമയിലെത്തിക്കാന്‍ ലെനിന്‍ രാജേന്ദ്രന് കഴിഞ്ഞു. ആകാലഘട്ടത്തെ സിനിമയിലൂടെ കൊണ്ടുവരുവാനും ഇദേഹത്തിന് സാധിച്ചിട്ടുണ്ട്. കയ്യൂര്‍ സമരത്തെ മുന്‍നിര്‍ത്തി മീനമാസത്തിലെ സൂര്യന്‍ എന്ന സിനിമ ആവിഷ്‌കൃതമായപ്പോള്‍ മറ്റൊരു കാലഘട്ടത്തെകൂടി സാക്ഷ്യപ്പെടുത്തുകയായിരുന്നു. മുന്‍പ് ജോണ്‍ എബ്രഹാമിന് സാധിക്കാതെ പോയത് അദേഹം ഏറ്റെടുക്കുകയായിരുന്നു. സ്വാതി തിരുന്നാള്‍ എന്ന സിനിമയിലൂടെ ആരും പറയാത്ത ചില സന്ദര്‍ഭങ്ങള്‍ അദേഹത്തിന് കൊണ്ടുവരാനായി. പല അധികാര രൂപങ്ങളെയും തന്റെ സിനിമകളിലൂടെ ഇദേഹം ചോദ്യം ചെയ്തിട്ടുണ്ട്.
ഇദേഹത്തിന്റെ ഓരോ സിനിമകളും വ്യത്യസ്ത കാഴ്ചാനുഭവങ്ങളാണ് കാഴ്ച്ചക്കാര്‍ക്ക് നല്‍കിയത്.

ജീവിതത്തില്‍ നിന്ന് വിടവാങ്ങിയെങ്കിലും ഇദേഹത്തിന്റെ സിനിമകളിലൂടെ മലയാളികള്‍ എന്നും ഓര്‍ക്കുകതന്നെ ചെയ്യും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!