സമൂഹത്തില്‍ നിയമ അവബോധം ശക്തിപ്പെടുത്തണം: മന്ത്രി പി. രാജീവ്

നിയമത്തെ കുറിച്ചുള്ള അജ്ഞത നമുക്കിടയില്‍ വ്യാപകമാണെന്നും സമൂഹത്തില്‍ നിയമ അവബോധം ശക്തിപ്പെടുത്തണമെന്നും വ്യവസായ-നിയമ വകുപ്പ് മന്ത്രി പി. രാജീവ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നിയമ അവബോധം നല്‍കുന്നതിന് നിയമ (ഔദ്യോഗികഭാഷ-പ്രസിദ്ധീകരണസെല്‍) വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മാറ്റൊലി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

നിയമ സംരക്ഷണം എല്ലാവര്‍ക്കും ലഭിക്കുന്നുണ്ട് എന്ന പൊതു അവബോധം രൂപപ്പെടുത്തുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് നിയമം അറിയുക എന്നത്. നിയമം അറിയില്ല എന്നത് കുറ്റകൃത്യത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനുള്ള അവകാശമായി ഒരു കോടതിയും പരിഗണിക്കില്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമം രാജ്യത്ത് വര്‍ധിച്ചുവരികയാണ്. ഇന്നത്തെ സാമൂഹിക സാഹചര്യങ്ങള്‍ അതിനുതകുംവിധത്തില്‍ മാറിയിരിക്കുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷ നല്‍കുന്ന നിയമങ്ങളെക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കേണ്ടതുണ്ട്. അതിനുള്ള ചുവടുവയ്പ്പിനാണ് മാറ്റൊലിയിലൂടെ നിയമ വകുപ്പ് തുടക്കം കുറിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിയമ സെക്രട്ടറി കെ.ജി സനല്‍കുമാര്‍ അധ്യക്ഷത വഹിച്ചു. അഡീഷണല്‍ നിയമ സെക്രട്ടറി എന്‍. ജ്യോതി, നിയമ (ഔദ്യോഗികഭാഷ-പ്രസിദ്ധീകരണസെല്‍ വകുപ്പ്) ജോയിന്റ് സെക്രട്ടറി കെ. പ്രസാദ്, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് ഇന്ത്യന്‍ ഭരണഘടനയും പ്രധാന ക്രിമിനല്‍ നിയമങ്ങളും ഉറപ്പാക്കുന്ന സ്ത്രീസുരക്ഷിതത്വം എന്ന വിഷയത്തില്‍ അഡ്വ. രശ്മിത രാമചന്ദ്രനും (ഗവ.പ്ലീഡര്‍, കേരള ഹൈക്കോടതി) സ്ത്രീശാക്തീകരണത്തില്‍ പ്രത്യേക നിയമങ്ങള്‍ വഹിക്കുന്ന പങ്ക് എന്ന വിഷയത്തില്‍ അഡ്വ. പ്രീത കെ.കെയും (സീനിയര്‍ ഗവ. പ്ലീഡര്‍, കേരള ഹൈക്കോടതി) ക്ലാസുകള്‍ നയിച്ചു.

 

Share news
error: Content is protected !!
Scroll to Top