Section

malabari-logo-mobile

1000 പേർക്ക് ഡിജിറ്റൽ ഹിയറിംഗ് എയ്ഡുകൾ നൽകുന്ന ‘ശ്രവൺ’ പദ്ധതിക്ക് തുടക്കം

HIGHLIGHTS : Launch of 'Shravan' project to provide digital hearing aids to 1000 people

തിരുവനന്തപുരം: സഹായ ഉപകരണങ്ങൾ ആവശ്യമായ സംസ്ഥാനത്തെ മുഴുവൻ ഭിന്നശേഷിക്കാർക്കും സഹായ ഉപകരണങ്ങൾ ലഭ്യമാക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. അതിനാവശ്യമായ തുക വികലാംഗ ക്ഷേമ കോർപറേഷന് നൽകും. കഴിഞ്ഞ നാലുവർഷമായി വികലാംഗ ക്ഷേമ കോർപറേഷൻ വിവിധ പദ്ധതികളിലൂടെ സഹായ ഉപകരണങ്ങൾ ലഭ്യമാക്കുന്നു. ശുഭയാത്ര, കാഴ്ച തുടങ്ങിയവ ഇത്തരത്തിലുള്ള ശ്രദ്ധേയ പദ്ധതികളാണ്. കേഴ്വി പരിമിതി നേരിടുന്ന 1000 പേർക്ക് ഈ വർഷം ഇയർമോൾഡോട് കൂടിയ ഡിജിറ്റൽ ഹിയറിംഗ് എയ്ഡുകൾ വിതരണം ചെയ്യുന്ന വികലാംഗക്ഷേമ കോർപറേഷന്റെ ‘ശ്രവൺ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ശ്രവണ സഹായികൾക്കായി നിരവധി അപേക്ഷകൾ ലഭിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അടിയന്തിരമായി 1000 പേർക്ക് ഗുണനിലവാരമുള്ള ഡിജിറ്റൽ ശ്രവണ സഹായികൾ ഇയർമോൾഡോഡു കൂടി വിതരണം ചെയ്യാൻ തീരുമാനിച്ചത്. തിരുവനന്തപുരം കരിക്കകം സ്വദേശി ഹരിദാസ്, ചിറയിൻകീഴ് സ്വദേശിനി ജി. ചന്ദ്രിക എന്നിവർക്കാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തത്. വിവിധ ജില്ലകളിൽ പ്രത്യേക ക്യാമ്പുകൾ നടത്തി മറ്റുള്ളവർക്ക് ശ്രവണ സഹായികൾ വിതരണം ചെയ്യും.
സംസ്ഥാനത്തെ ഭിന്നശേഷിക്കാർക്ക് സഹായകമായ നിരവധി നൂതന സഹായ ഉപകരണങ്ങളാണ് വികലാംഗക്ഷേമ കോർപ്പറേഷൻ സൗജന്യമായി വിതരണം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി ചലന പരിമിതിയുള്ള 1,500 ഓളം പേർക്ക് മുച്ചക്ര വാഹനവും കാഴ്ച പരിമിതിയുള്ള 1000 പേർക്ക് സ്മാർട്ട് ഫോണും അതുപയോഗിക്കുന്നതിനുള്ള ദ്വിദിന പരിശീലനവും നൽകിയിരുന്നു. കൂടാതെ 120ഓളം ഇനത്തിലുള്ള സഹായ ഉപകരണങ്ങൾ കോർപ്പറേഷന്റെ ഹെഡ് ഓഫീസ് വഴിയും ഉപകരണ നിർമ്മാണ യൂണിറ്റായ എം.ആർ.എസ്.റ്റി. വഴിയും റീജിയണൽ ഓഫീസുകൾ വഴിയും വിവിധ ജില്ലകളിൽ ക്യാമ്പുകൾ നടത്തിയും വിതരണം ചെയ്തു വരികയാണ്. ഇതിനുപുറമെയാണ് 1000 പേർക്ക് ഡിജിറ്റൽ ശ്രവണ സഹായികൾ വിതരണം ചെയ്യുന്നത്.
വികലാംഗക്ഷേമ കോർപ്പറേഷൻ ചെയർമാൻ അഡ്വ. പരശുവയ്ക്കൽ മോഹനൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മാനേജിംഗ് ഡയറക്ടർ കെ. മൊയ്തീൻ കുട്ടി സ്വാഗതം ആശംസിച്ചു. സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ഷീബ ജോർജ്ജ് മുഖ്യ പ്രഭാഷണം നടത്തി. കോർപ്പറേഷൻ ഡയറക്ടർ ബോർഡ് മെമ്പർമാരായ ഒ. വിജയൻ, ഗിരീഷ് കീർത്തി, കെ.ജി. സജൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ജൂനിയർ സൂപ്രണ്ട് സി.എസ്. രാജാംബിക കൃതജ്ഞത പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!