HIGHLIGHTS : Large crater at the foot of Banasura Mountain in Wayanad; 26 families evacuated
വെള്ളമുണ്ട: വയനാട്ടില്‍ കനത്ത മഴ തുടരുന്നതിനിടെ ആശങ്കയായി വെള്ളമുണ്ട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു. ബാണാസുരമലയുടെ താഴ് വാരത്ത്, പുളിഞ്ഞാലില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ നെല്ലിക്കാചാലാണ് ഏകദേശം നാല് മീറ്ററിലധികം വ്യാസവും അത്ര തന്നെ ആഴവുമുള്ള കുഴി രൂപപ്പെട്ടത്. വൈകുന്നേരം ആറ് മണിക്കാണ് ഗര്‍ത്തം സമീപവാസികളുടെ ശ്രദ്ധയില്‍പ്പെടുന്നത്. വിവരമറിഞ്ഞ് പഞ്ചായത്ത് അധികൃതരും റവന്യു വകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.

പ്രദേശത്ത് വിശദമായ പരിശോധന നടത്താനായി ഇന്ന് വിദഗ്ധ സംഘമെത്തും. മഴ ശക്തമായി തുടരുന്നതിനാലും മലയടിവാരത്ത് വലിയ കുഴി രൂപപ്പെട്ടതിനാലും ഇതിന് സമീപത്തെ ആദിവാസി ഉന്നതിയിലെ 26 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനായിരുന്നു അധികൃതരുടെ തീരുമാനം. പുളിഞ്ഞാല്‍ സ്‌കൂളിലേക്കാണ് കുടുംബങ്ങളെ മാറ്റിയത്. ചില കുടുംബങ്ങള്‍ മാറുന്നതിനോട് വിമുഖത കാണിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതോടെ എല്ലാവരും മാറാന്‍ തയ്യാറാകുകയായിരുന്നു. ബാണാസുര മലയുടെ പരിസര പ്രദേശങ്ങളില്‍ ചില ഭാഗം പരിസ്ഥിതി ദുര്‍ബല മേഖലയാണ്.
ഇക്കാരണത്താല്‍ ഇവിടങ്ങളിലെ നിര്‍മാണ പ്രവൃത്തികള്‍ക്കടക്കം നിയന്ത്രണങ്ങള്‍ ഉണ്ട്. അതിനിടെ പെരിഞ്ചേരിമലയില്‍ വീടുകള്‍ക്ക് സമീപം ഉടലെടുത്ത ശക്തമായ ഉറവയെ തുടര്‍ന്ന് മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുകയാണ്. ഇവിടെയുള്ള ഏഴ് കുടുംബങ്ങളെയും ക്യാമ്പിലേക്ക് മാറ്റി സുരക്ഷിതരാക്കി. ഏഴ് കുടുംബങ്ങളില്‍ നിന്ന് 21 ആളുകളെയാണ് മാറ്റിയത്. എട്ട് പുരുഷന്മാര്‍, ഏഴ് സ്ത്രീകള്‍, ആറ് കുട്ടികള്‍ എന്നിവരെയാണ് ക്യാമ്പിലേക്ക് മാറ്റിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു