പത്തനംതിട്ടയില്‍ ഉരുള്‍പൊട്ടല്‍; മലയോരമേഖലയില്‍ രാത്രി യാത്രകള്‍ക്ക് നിരോധനം

പത്തനംതിട്ടയില്‍ കനത്ത മഴ. വൈകീട്ടോടെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. ഇക്കണ്ടവാരിയര്‍ റോഡില്‍ വെളളക്കെട്ട് രൂക്ഷമായി. ജില്ലയിലെ മറ്റിടങ്ങളിലും സമാനസ്ഥിതിയാണ്. റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു. തൃശൂരിന്റെ മലയോരമേഖലയായ അതിരപ്പിള്ളി, വാഴച്ചാല്‍ മേഖലയിലാണ് ശക്തമായ മഴ പെയ്തത്. പത്തനംതിട്ടയിലെ ഇലന്തൂരിലും ചെന്നീര്‍ക്കരയിലും ഉരുള്‍ പൊട്ടല്‍ ഉണ്ടായി. പതിനൊന്നു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കലഞ്ഞൂരില്‍ രണ്ടുവീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. തീവ്രമഴ കണക്കിലെടുത്ത് ഇന്ന് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഒറ്റപ്പെട്ട അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടുകള്‍, മണ്ണിടിച്ചില്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യതയുണ്ട്. ദുരന്തസാധ്യതകള്‍ – ഒഴിവാക്കുന്നതിനായി ജില്ലയിലെ എല്ലാ മലയോരമേഖലകളിലേക്കുമുള്ള എല്ലാ യാത്രകളും രാത്രി ഏഴ് മുതല്‍ രാവിലെ ആറ് വരെയും, തൊഴിലുറപ്പ് ജോലികള്‍, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിംഗ്/ കുട്ടവഞ്ചി സവാരി, ബോട്ടിംഗ് എന്നിവയും ഇന്ന് മുതല്‍ 24 ാം തീയതി വരെ നിരോധിച്ചിരിക്കുകയാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

ദുരന്തനിവാരണം, ശബരിമല തീര്‍ഥാടനം എന്നിവയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നതിനും ശബരിമല തീര്‍ഥാടകര്‍ക്കും ഈ നിരോധനം ബാധകമല്ല. എന്നാല്‍ ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് തീര്‍ഥാടകര്‍ സുരക്ഷ മുന്‍ നിര്‍ത്തി ശബരിമലയിലേക്കും തിരിച്ചുമുള്ള രാത്രി യാത്രകളില്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്നും അറിയിപ്പില്‍ പറയുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top