യുവതിയെ കാറില്‍ കടത്താന്‍ ശ്രമിച്ച നാലംഗ സംഘം പിടിയില്‍

crimതിരുവല്ല : യുവതിയെ കാറില്‍ കടത്തി കൊണ്ട് പോകാന്‍ ശ്രമിച്ച നാല് യുവാക്കളെ പോലീസ് പിടികൂടി. തൃശ്ശൂര്‍ പുന്നയൂര്‍ക്കുളം ചേമ്പലക്കാട്ടില്‍ പി എ അനസ് (19), തേക്കേലെ വളപ്പില്‍ പികെ ദില്‍ഷാദ് (22), വിടവന്നൂര്‍ പുളിക്കുന്നേല്‍ ജുനൈദ് (19), പുന്നയൂര്‍ക്കുളം കൊട്ടിലിക്കല്‍ ഫെബില്‍ 22 എന്നിവരാണ് പിടിയിലായത്.

മാവേലിക്കരയിലെ ഒരു മൊബൈല്‍ഷോപ്പിലെ ജീവനക്കാരിയായ യുവതിയെ ഈ യുവാക്കള്‍ കാറില്‍ വലിച്ച് കയറ്റികൊണ്ട് പോവുകയായിരുന്നു. സംഭവം കണ്ട നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെ തിരുവല്ലക്ക് സമീപം നിരണം പഞ്ചായത്തിലെ കൊമ്പങ്കരിയിലാണ് സംഭവം നടന്നത്.

സംഭവത്തെ തുടര്‍ന്ന് എസ്‌ഐ എംകെ വില്‍സണ്‍ കവലയിലെ ഓട്ടോഡ്രൈവര്‍മാരെ വിളിച്ച് കാറിന്റെ വിവരങ്ങള്‍ കൈമാറുകയും കാറെത്തിയാല്‍ തടയാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്ന് കവലയിലെത്തിയ കാറിനെ ഓട്ടോ ഡ്രൈവര്‍മാരുടെ സംഘം തടയുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു.

അതേസമയം പ്രതികളെ തനിക്ക് പരിചയമില്ലെന്നാണ് യുവതി പോലീസില്‍ നല്‍കയിരിക്കുന്ന മൊഴി. എന്നാല്‍ സുഹൃത്തിന്റെ വീട്ടിലെത്തിയ തങ്ങള്‍ക്ക് അവിടെവെച്ചാണ് യുവതിയുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ ലഭിച്ചതെന്നും ഇതേ തുടര്‍ന്ന് ഫോണ്‍ മുഖേന പരിചയപ്പെടുകയായിരുന്നു എന്നും യുവാക്കള്‍ പോലീസിനോട് പറഞ്ഞു. അനേ്വഷണം ഊര്‍ജ്ജിതമാക്കിയതായി എസ്‌ഐ വില്‍സണ്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top