പീഢനസ്വാമിയുടെ ലിംഗം മുറിച്ച യുവതിക്ക് സാര്‍വ്വദേശീയമാധ്യമങ്ങളുടെ ഐക്യദാര്‍ഢ്യം

തിരു : തന്നെ കൗമാരകാലം മുതല്‍ പീഡിപ്പിച്ച ആത്മീയാചാര്യന്റെ ജനനേന്ദ്രിയം മുറിച്ച യുവതിക്ക് ലോകമാധ്യമങ്ങളുടെ പിന്തുണ. ബിബിസിയാണ് യുവതിയുടെ ഈ പ്രതികരണം സ്ത്രീപീഢനം കുറക്കാന്‍ സഹായകരമാകുമെന്ന് അഭിപ്രായപ്പെട്ടത്. സ്ത്രീപീഢകര്‍ക്കുള്ള ശക്തമായ മുന്നറിയിപ്പായി ബിബിസി ഈ സംഭവത്തെ പറയുന്നു. ഇത്തരം ചെയ്തികളോട് പ്രതിരോധിക്കാന്‍ കരുത്തുനേടിയ കേരളത്തിലെ സ്ത്രീകളെ അഭിനന്ദിക്കാനും അവര്‍ മറന്നില്ല. ദില്ലി നിര്‍ഭയക്കേസിനെ കുറിച്ചും വാര്‍ത്തയില്‍ പരാമര്‍ശമുണ്ട്.ഈ കേസില്‍ പെണ്‍കുട്ടി സ്വയം നീതി തേടുകയായിരുന്നുവെന്നും അവര്‍ വിലയിരുത്തുന്നു. ദേശീയമാധ്യമങ്ങളും വളരെ പ്രാധന്യത്തോടെയാണ് ഈ വാര്‍ത്ത നല്‍കിയിരിക്കുന്നത്.
ലോകത്തിന്റെ വിവിധകോണുകളില്‍ നിന്നും പെണ്‍കുട്ടിക്ക് ഐക്യദാര്‍ഢ്യം പ്രകടപ്പിച്ച് സമുഹത്തിന്റെ വിവിധകോണുകളില്‍ നിന്നുള്ളവര്‍ രംഗത്തെത്തി. ധീരമായ നടപടിയെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. സമുഹമാധ്യമങ്ങളില്‍ ഗംഗേശാനന്ദ തീര്‍ഥപാദസ്വാമിയെ കടുത്തഭാഷയിലാണ് വിചാരണ ചെയ്യപ്പെടുന്നത്.
സ്വാമിയുടെ സംഘപരിവാര്‍ ബന്ധവും ഏറെ ചര്‍ച്ചയാണ് പിതാവിന്റെ രോഗം മാറ്റാന്‍ എന്നപേരില്‍ നിര്‍ദ്ധനകുടംബത്തിലെ ഈ പെണ്‍കുട്ടിയെ ഭക്തിയുടെ മറവില്‍ വര്‍ഷങ്ങളായി മൃഗീയപീഢനത്തിന് വിധേയമാക്കിക്കൊണ്ടിരുന്ന ഈ സ്വാമി പൂര്‍വ്വാശ്രമത്തില്‍ ചായക്കച്ചവടക്കാരനായിരുന്നത്രെ. പിന്നീട് തന്റെ തട്ടകം തലസ്ഥാനത്തേക്ക് മാറ്റിയ ശേഷം ഇപ്പോഴത്തെ ബിജെപി പ്രസിഡന്റ് കുമ്മനം രാജശേഖരനടക്കമുള്ളവരുമായി വളരെ അടുത്തബന്ധം പുലര്‍ത്തിയിരുന്നു.
മലബാറിലെ 120 ക്ഷേത്രങ്ങള്‍ ഏറ്റെടുക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചപ്പോള്‍ ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ നടന്ന സമരത്തിന്റെ മുന്‍നിരയിലായിരുന്നു സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദ. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വിഎസ്സിനെ കാണാന്‍ ഹിന്ദുഐക്യവേദി നേതാവായിരുന്ന കുമ്മനം രാജശേഖരന്‍, വര്‍ക്കലയില്‍ നിന്നുള്ള സ്വാമി വിമലാനന്ദ, നെട്ടയത്തെ സ്വാമി വിദ്യാനന്ദഗിരി, ചെങ്കോട്ടുകോണത്തെ ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം എന്നിവര്‍ക്കൊപ്പം സ്വാമി ഗംഗേശാനന്ദയുമുണ്ടായിരുന്നു. പിന്നീട് ആറന്‍മുളയിലെ പരിസ്ഥിതി സംരക്ഷണ പരിപാടികളിലും ഇയാള്‍ സജീവസാനിദ്ധ്യമായിരുന്നു.
എറണാകുളം കോലഞ്ചേരി സ്വദേശിയായ ശ്രീഹരിയാണ് കാഷായ വസ്ത്രധാരിണിയായി ഗംഗേശാനന്ദ തീര്‍ഥപാദയാകുന്നത്. ആദ്യ കാലത്ത് ബുള്ളറ്റില്‍ സഞ്ചരിച്ചരുന്നതിനാല്‍ സ്വാമിയായപ്പോള്‍ നാട്ടുകാര്‍ ബുള്ളറ്റ് സ്വാമിയെന്നാണ് വിളിച്ചിരുന്നത്. കൊല്ലം പന്മന ആശ്രമത്തില്‍ വെച്ചാണ് ഇയാള്‍ സന്യാസം സ്വീകരിച്ചത്. എന്നാല്‍ പന്മനാശ്രമവുമായി ഇയാള്‍ക്ക് ഇപ്പോള്‍ യാതൊരു ബന്ധവുമില്ലെന്ന് ആശ്രമം ഭാരവാഹികള്‍ പറഞ്ഞു.
ഇതിനിടെ പോലീസിനുപുറമെ മനുഷ്യാവകാശ കമ്മീഷനും,വനിതാകമ്മീഷനും സ്വാമിക്കെതിരെ കേസെടുത്തു.

Related Articles