Section

malabari-logo-mobile

10 ലക്ഷം വീടുകളിലേക്ക് ‘അഗ്രി ന്യൂട്രി ഗാര്‍ഡന്‍’ പദ്ധതിയുമായി കുടുംബശ്രീ

HIGHLIGHTS : Kudumbasree launches 'Agri Nutri Garden' project for 10 lakh households

തിരുവനന്തപുരം: വീടുകളില്‍ ജൈവ കാര്‍ഷിക പോഷകോദ്യാനങ്ങളൊരുക്കുന്ന കുടുംബശ്രീയുടെ ‘അഗ്രി ന്യൂട്രി ഗാര്‍ഡന്‍’ പദ്ധതിയ്ക്ക് സംസ്ഥാനത്ത് തുടക്കമായി. ഓരോ വീടിനും ആവശ്യമായ പോഷക സമൃദ്ധമായ പച്ചക്കറികളും പഴവര്‍ഗങ്ങളും ലഭ്യമാക്കിക്കൊണ്ട് പച്ചക്കറി സ്വയംപര്യാപ്തതയും അതിലൂടെ ആരോഗ്യകരമായ സമൂഹ സൃഷ്ടിയുമാണ് ലക്ഷ്യമിടുന്നത്.

ഇതിനായി 10 ലക്ഷം ഗുണഭോക്താക്കളെ കണ്ടെത്തി അവരുടെ വീടുകളില്‍ പ്രാദേശിക കാര്‍ഷിക കാലാവസ്ഥയ്ക്ക് അനുയോജ്യമായ പച്ചക്കറികളും പഴവര്‍ഗങ്ങളും കൃഷി ചെയ്യും. മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും പ്രചാരണ വീഡിയോ പ്രകാശനവും ഐ.ബി സതീഷ് എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ ശ്രീവിദ്യ പദ്ധതി വിശദീകരണം നടത്തി.

sameeksha-malabarinews

നിലവില്‍ കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കി വരുന്ന ഫാം ലൈവ്ലിഹുഡ് പദ്ധതിയുടെ ഭാഗമായി 2021-22 സാമ്പത്തിക വര്‍ഷം ഓരോ ഭവനത്തിലും പോഷകോദ്യാനങ്ങള്‍ സജ്ജീകരിക്കുന്നതിന് തീരുമാനമെടുത്തിരുന്നു. ഇതു പ്രകാരമാണ് ഓരോ വാര്‍ഡുകളിലും പോഷകോദ്യാനങ്ങളുടെ രൂപീകരണം. പോഷക സമൃദ്ധമായ കാര്‍ഷിക വിളകളായ തക്കാളി, പാവല്‍, ചീര, മത്തന്‍, മല്ലി, പുതിന വെണ്ട, വഴുതന, വെള്ളരി എന്നിവയില്‍ ഏതെങ്കിലും അഞ്ചെണ്ണവും രണ്ടിനം ഫലവൃക്ഷങ്ങളുമാണ് അഗ്രി ന്യൂട്രി ഗാര്‍ഡനില്‍ കൃഷി ചെയ്യുക. ഓരോ ഗുണഭോക്താക്കളും കുറഞ്ഞത് മൂന്നു സെന്റില്‍ ജൈവരീതിയില്‍ കൃഷി ചെയ്യണം.
ഗ്രാമപഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുക. ഇതിനായി ഓരോ വാര്‍ഡിലും 50 കുടുംബങ്ങളെ വീതം തിരഞ്ഞെടുത്ത് ഒരു ക്ലസ്റ്റര്‍ ആയി രൂപീകരിക്കും.

ഓരോ ക്ലസ്റ്ററിനും പ്രസിഡന്റ്, സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി തുടങ്ങിയ ഭാരവാഹികളും ഉണ്ടാകും. കൃഷി ചെയ്യുന്നതിനുള്ള വിത്തും പരിശീലനവും നല്‍കുന്നത് കുടുംബശ്രീയാണ്. കാര്‍ഷിക മേഖലയിലെ പരിശീലകരായ ജീവ, മാസ്റ്റര്‍ കര്‍ഷകര്‍ എന്നിവരുടെ നേതൃത്വത്തില്‍ നിലമൊരുക്കല്‍, വിത്തിടല്‍, വളപ്രയോഗം, വിളപരിപാലനം എന്നിവയില്‍ പരിശീലനം ലഭ്യമാക്കും. ഓരോ മാസവും ക്ലസ്റ്റര്‍ ലെവല്‍ മീറ്റിംഗ് നടത്തി പദ്ധതിയുടെ പുരോഗതി വിലയിരുത്തും. ഇതിനായി പഞ്ചായത്തുതലത്തില്‍ ജനപ്രധിനിധികളെ ഉള്‍പ്പെടുത്തി സംഘാടക മോണിറ്ററിംഗ് സമിതികളുടെ രൂപീകരണം ഊര്‍ജിതമായിട്ടുണ്ട്. ഗാര്‍ഹികാവശ്യങ്ങള്‍ക്കായി മാറ്റി വച്ചതിനു ശേഷം അധികമായി വരുന്ന കാര്‍ഷികോല്‍പന്നങ്ങള്‍ കുടുംബശ്രീ നാട്ടുചന്തകള്‍, കൃഷി ഭവന്‍ വഴിയുള്ള വിപണന കേന്ദ്രങ്ങള്‍ എന്നിവ വഴി വിറ്റഴിക്കുന്നതിനുള്ള ഇടപെടലുകള്‍ സി.ഡി.എസ് തലത്തില്‍ നടപ്പാക്കും. പദ്ധതിയുടെ ഭാഗമായുള്ള ക്യാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനമൊട്ടാകെ നടന്നു വരികയാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!