കുടുംബശ്രീ മലപ്പുറം ജില്ലാതല ഓണം മേള 30 മുതല്‍ വള്ളിക്കുന്നില്‍; മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും

മലപ്പുറം:നബാര്‍ഡിന്റെ സഹകരണത്തോടെ കുടുംബശ്രീ ജില്ലാ മിഷനും വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല ഓണം മേളയ്ക്കും, വിപണന മേളയ്ക്കും ആഗസ്റ്റ് 30ന് തുടക്കമാവും. മേള ആഗസ്റ്റ് 30ന് വൈകിട്ട് 4.30ന് കായിക, ഹജ്ജ് വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും.

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിനടുത്തുള്ള മൈതാനത്ത് ആഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 3 വരെ അഞ്ചു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ഓണമേളയില്‍ ജില്ലയിലെ മികച്ച സംരംഭകരുടെ 10 ലൈവ് കാറ്ററിംഗ് യൂണിറ്റ്, ഭക്ഷ്യസ്റ്റാളുകളും വിവിധ ഉല്‍പ്പന്ന യൂണിറ്റുകളുടെ 20 ഉല്‍പ്പന്ന വിപണന സ്റ്റാളുകളും സന്ദര്‍ശകര്‍ക്കായി ഒരുക്കും.

ഓണമേളയെ കൂടുതല്‍ വര്‍ണ്ണാഭമാക്കാന്‍ ആദ്യദിനം മുതല്‍ മേളയുടെ അവസാന ദിനം വരെ വള്ളിക്കുന്ന്, തേഞ്ഞിപ്പാലം, നന്നമ്പ്ര, പരപ്പനങ്ങാടി, മുന്നിയൂര്‍, തിരൂരങ്ങാടി, പെരുവല്ലൂര്‍, വള്ളിക്കുന്ന് എന്നീ സി.ഡി.എസ് അംഗങ്ങളുടെ വിവിധ കലാപരിപാടികളും കേക്കുകള്‍, പായസങ്ങള്‍, സലാഡുകള്‍ തുടങ്ങിയ വിഭവങ്ങളുടെ പാചക മത്സരങ്ങളും സാംസ്‌കാരിക സമ്മേളനങ്ങളും ദിനംപ്രതി അരങ്ങേറും. ജില്ലാതല ഓണമേളയ്ക്ക് പുറമേ ഓരോ സി.ഡി.എസിലും രണ്ട് പഞ്ചായത്ത് തല ഓണ വിപണമേളകളും കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കും.

 

Share news
error: Content is protected !!
Scroll to Top