തിരുവനന്തപുരം: ഫ്‌ലൈ ജാക്ക് ലോജിസ്റ്റിക് ഉടമ മാധവ വാര്യര്‍ തന്റെ സുഹൃത്താണെന്ന് മുന്‍ മന്ത്രി കെ.ടി.ജലീല്‍. മാധവവാര്യര്‍ ജലീലിന്റെ ബിനാമിയാണെന്നു സ്വപ്ന കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞതിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിക്കെതിരെ പറയുന്നതൊക്കെ നട്ടാല്‍ കുരുക്കാത്ത നുണയാണ് കെ ടി ജലീല്‍ പറഞ്ഞു.
മാധവ വാര്യരെ കുറച്ചു കാലമായി അറിയാം. എച്ച്ആര്‍ഡിഎസുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് ചില തര്‍ക്കങ്ങള്‍ ഉണ്ട്. അട്ടപ്പാടിയില്‍ വീട് വച്ച് നല്‍കിയതിന് പണം നല്കാത്തതിന് എച്ച്ആര്‍ഡിഎസിനെതിരെ മാധവ് ഫൗണ്ടേഷന്‍ കേസ് നല്‍കിയിട്ടുണ്ട്. അതാണ് ഈ കേസുമായി ബന്ധപ്പെടുത്തിയിരിക്കുന്നത്. തനിക്ക് മാധവ വാര്യരുമായി ഉള്ളത് സുഹൃദ് ബന്ധം മാത്രമാണ്. മാധവ് വാര്യരുടെ പ്രൈവറ്റ് സെക്രട്ടറിയാണ് കേസ് ഉള്ള വിവരം അറിയിച്ചത്. ഫൗണ്ടേഷനെതിരെ അന്വേഷണം നടത്തി മാധവ് വാര്യയരെ ബുദ്ധിമുട്ടിക്കാനാകാം ഇപ്പോഴത്തെ ശ്രമം.
ഷാര്‍ജ സുല്‍ത്താന് ഡി ലിറ്റ് നല്‍കാന്‍ ഇടപെട്ടിട്ടില്ല, ഡി ലിറ്റ് നല്‍കാന്‍ തീരുമാനിക്കുമ്പോള്‍ താന്‍ മന്ത്രിയല്ല. ഷാര്‍ജ സുല്‍ത്താന് ഡി ലിറ്റ് നല്‍കാന്‍ തീരുമാനിച്ചത് 2014ലാണ്. ഷാര്‍ജ സുല്‍ത്താന്‍ കേരളത്തില്‍ എത്തിയപ്പോള്‍ അബ്ദുറബ്ബ് ആണ് മന്ത്രി.
പിണറായിയെ കുറിച്ചു നട്ടാല്‍ കുരുക്കാത്ത നുണകള്‍ പറയുന്നു. ഇതെല്ലാം അന്വേഷിക്കണം. നേരത്തെ താന്‍ നല്‍കിയ പരാതിയില്‍ ഇതും ഉള്‍പ്പെടുത്തി അന്വേഷിക്കണം. ഷാര്‍ജ സുല്‍ത്താന് പൊന്നും പണവും നല്‍കിയെന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കും. വിദേശനേതാക്കളെ അപമാനിക്കുകയാണ്. കേസ് എടുത്ത് അന്വേഷിക്കണം.
പുട്ടിന് തേങ്ങാ ഇടുന്നത് പോലെയാണ് ഇപ്പോഴത്തെ വെളിപ്പെടുത്തലെന്നും കെ ടി ജലീല്‍ പറഞ്ഞു.




