പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; സംസ്ഥാനത്ത് ഇന്ന് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി കെ എസ് യു ഇന്ന് വിദ്യാഭ്യാസ ബന്ദ് സംഘടിപ്പിക്കും. പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പരിഹാരമായില്ലെങ്കില്‍ കെ എസ് യു അനിശ്ചിതകാല സമരം തുടങ്ങുമെന്നും സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കിയിട്ടുണ്ട്. കെ എസ് യുവിനൊപ്പം എം എസ് എഫും ശക്തമായ പ്രക്ഷോഭത്തിനാണ് നേതൃത്വം നല്‍കുന്നത്.

പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തില്‍ സര്‍ക്കാറിനെതിരെ സംസ്ഥാന വ്യാപകമായി ഇന്നലെ വിദ്യാര്‍ത്ഥി യുവജന സംഘടനകളുടെ പ്രതിഷേധം ശക്തമായിരുന്നു. പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ അനങ്ങുന്നില്ലെന്നാരോപിച്ചാണ് പ്രതിഷേധമിരമ്പിയത്. കൊല്ലത്ത് കളക്ടറേറ്റിലേക്ക് കെ എസ് യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. സീറ്റ് പ്രതിസന്ധി ഏറെയുള്ള മലപ്പുറത്തായിരുന്നു വലിയ പ്രതിഷേധം. എം എസ് എഫ് , കെ എസ് യു പ്രവര്‍ത്തകര്‍ ആര്‍ ഡി ഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി ഉപരോധിച്ചു. പ്രവര്‍ത്തകരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തത് നീക്കി. ഫ്രട്ടേണിറ്റി പ്രവര്‍ത്തകര്‍ മലപ്പുറം പെരിന്തല്‍മണ്ണ റോഡ് ഉപരോധിച്ചു. വനിത പ്രവര്‍ത്തകര്‍ മിന്നല്‍ ഉപരോധം നടത്തിയതോടെ അരമണിക്കൂര്‍ ഗതാഗത തടസ്സവുമുണ്ടായി.

സീറ്റ് ക്ഷാമമില്ലെന്ന് വിദ്യാഭ്യാസമന്ത്രി ആവര്‍ത്തിക്കുന്നതിനിടെ എസ് എഫ് ഐയും സമരത്തിനിറങ്ങി. മലപ്പുറം കളക്ട്രേറ്റിലേക്കായിരുന്നു എസ് എഫ് ഐയുടെ മാര്‍ച്ച്. ഇടതുപക്ഷ സര്‍ക്കാരില്‍ നിന്ന് വിദ്യാര്‍ത്ഥി വിരുദ്ധ സമീപനമുണ്ടാകാത്തത് കൊണ്ടാണ് ഇതുവരെ തങ്ങള്‍ സമരം ചെയ്യാത്തതെന്ന് എസ് എഫ് ഐ സംസ്ഥാന നേതാവായ അഫ്‌സല്‍ പറഞ്ഞു. അതേസമയം എസ് എഫ് ഐ സമരത്തെ വിദ്യാഭ്യാസ മന്ത്രി പരിഹസിച്ചു. കാര്യങ്ങള്‍ അറിയാതെയാണ് എസ് എഫ് ഐ പ്രതിഷേധമെന്നായിരുന്നു മന്ത്രി ശിവന്‍കുട്ടിയുടെ പ്രതികരണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top