Section

malabari-logo-mobile

200 രൂപയ്ക്ക് കോഴിക്കോട് നഗരം ചുറ്റി കാണാന്‍ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ്

HIGHLIGHTS : KSRTC bus service to see Kozhikode city for 200 rupees

കോഴിക്കോട്: കോഴിക്കോട് നഗരം ചുറ്റി കാണാന്‍ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് തുടങ്ങി. ‘കോഴിക്കോടിനെ അറിയാന്‍ സാമൂതിരിയുടെ നാട്ടിലൂടെ ഒരു യാത്ര’ എന്ന പേരില്‍ ആരംഭിച്ച ബസ് സര്‍വീസ് ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഢി ഫ്‌ലാഗ് ഓഫ് ചെയ്തു. ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം ഒരുക്കുന്നതിലൂടെ വിദ്യാര്‍ത്ഥികളുടെ അറിവ് വര്‍ധിപ്പിക്കാനാകുമെന്ന് കലക്ടര്‍ അഭിപ്രായപ്പെട്ടു .

മലബാറിനെ സംബന്ധിച്ചിടത്തോളം വളരെയധികം ചരിത്ര പ്രാധാന്യമുള്ള നഗരമാണ് കോഴിക്കോട്. കാപ്പാട് പോലെയുള്ള ടൂറിസം കേന്ദ്രങ്ങളിലും ഇത്തരം ബസ് സര്‍വീസുകള്‍ നടത്തിയാല്‍ കൂടുതല്‍ ഉചിതമായിരിക്കുമെന്നും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും കലക്ടര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ജില്ലാ കലക്ടറും ആനവണ്ടിയില്‍ നഗരം ചുറ്റി.

sameeksha-malabarinews

കെഎസ്ആര്‍ടിസി ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം നടപ്പാക്കുന്ന ടൂര്‍ പാക്കേജിന്റെ ഭാഗമാണ് നഗരം ചുറ്റാം ആനവണ്ടിയില്‍ എന്ന യാത്ര. ബഡ്ജറ്റ് ടൂറിസം സെല്ലുമായി കൈകോര്‍ത്ത് 200 ഓളം ട്രിപ്പുകള്‍ ആണ് കോഴിക്കോട് ജില്ലയില്‍ നടത്തുന്നത്. ചരിത്രപരമായ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് കോഴിക്കോടിനെ പരിചയപ്പെടുക എന്നതാണ് യാത്രയുടെ ഉദ്ദേശം. ദിവസവും ഒരു ബസ് സര്‍വീസാണുണ്ടാവുക. 200 രൂപയായിരിക്കും ചാര്‍ജ്. ഉച്ചയ്ക്ക് 1 മുതല്‍ രാത്രി 8 വരെ നഗരം ചുറ്റി കാണാം. 30 വയസ്സുമുതല്‍ 80 വയസ്സുവരെയുള്ളവര്‍ പങ്കെടുത്തുകൊണ്ടാണ് വ്യാഴാഴ്ചത്തെ യാത്ര. യാത്ര പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രാവിലെ 9.30 മുതല്‍ രാത്രി ഒമ്പതുവരെ 9846100728, 9544477954 എന്നീ നമ്പറുകളില്‍ വിളിച്ച് ബുക്ക് ചെയ്യാം.

കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്‍ഡില്‍ നിന്ന് യാത്ര ആരംഭിക്കുന്ന ബസ് പ്ലാനെറ്റോറിയം, തളി ക്ഷേത്രം, കുറ്റിച്ചിറ മിശ്കാല്‍ പള്ളി, കുറ്റിച്ചിറ കുളം, കോതി ബീച്ച്, നൈനാം വളപ്പ്, സൗത്ത് ബീച്ച്, ഗാന്ധി പാര്‍ക്ക്, ഭട്ട്‌റോഡ് ബീച്ച്, ഇംഗ്ലീഷ് പള്ളി, മാനാഞ്ചിറ സ്‌ക്വയര്‍ എന്നിവ വഴിയാണ് കടന്നുപോകുന്നത്.

കോഴിക്കോട് ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ കെ.യൂസഫ് , കെഎസ്ആര്‍ടിസി ജില്ലാ ഓഫീസര്‍ പി.കെ പ്രശോഭ്, നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രധാനധ്യാപകന്‍ അബ്ദുറഹിമാന്‍, ഉദ്യോഗസ്ഥര്‍, കെഎസ്ആര്‍ടിസി അംഗീകൃത ട്രെഡ് യൂണിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബി ടി സി ജില്ലാ കോര്‍ഡിനേറ്റര്‍ പി.കെ ബിന്ദു സ്വാഗതവും ബി എം എസ് നോര്‍ത്ത് സോണ്‍ കോര്‍ഡിനേറ്റര്‍ ബിനു. ഇ എസ് നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!