കോഴിക്കോട് മൂന്ന് പേര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ 50 അടി താഴ്ചയിലേക്ക് മറിഞ്ഞു; രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

കോഴിക്കോട്: ആനകല്ലുംപാറ വളവില്‍ ഇരുചക്ര വാഹനം താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ അപകടത്തില്‍ പെട്ടു. ഇവരില്‍ രണ്ട് പേര്‍ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. മലപ്പുറം കൊണ്ടോട്ടി ഇഎംഇഎ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥികളായ അസ്ലം, അര്‍ഷദ് എന്നിവരാണ് മരിച്ചത്. മലപ്പുറം വേങ്ങര സ്വദേശികളാണ് ഇവര്‍. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മുഹമ്മദ് ഡാനിയേല്‍ ഇപ്പോള്‍ കോഴിക്കോട് കെഎംസിടി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

ഇറക്കത്തില്‍ ഇരുചക്ര വാഹനത്തിന്റെ നിയന്ത്രണം വിട്ട് അമ്പത് അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകട സമയത്ത് മൂന്ന് പേരാണ് സ്‌കൂട്ടറില്‍ ഉണ്ടായിരുന്നത്. നാട്ടുകാരാണ് താഴ്ചയിലേക്ക് ഇറങ്ങി അപകടത്തിപെട്ടവരെ ആശുപത്രിയിലാക്കിയത്. റോഡില്‍ നിന്നും കുത്തനെയുള്ള താഴ്ചയാണിത്. അപകടത്തിന് ശേഷം നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ താഴെയുള്ള തോടിലാണ് മൂന്ന് പേരെയും പരിക്കേറ്റ് കിടന്ന നിലയില്‍ കണ്ടെത്തിയത്. കുത്തനെയുള്ള കാട് വെട്ടിത്തെളിച്ച് നാട്ടുകാരാണ് മൂന്ന് പേരെയും മുകളിലേക്ക് എത്തിച്ചത്.

മൂന്ന് പേരും ആനക്കല്ലുംപാറ വെള്ളച്ചാട്ടം കാണാന്‍ പോയതാണെന്നാണ് വിവരം. മടങ്ങിവരും വഴിയാണ് റോഡില്‍ നിന്ന് തെന്നിയ സ്‌കൂട്ടര്‍ താഴ്ചയിലേക്ക് പതിച്ചത്. അസ്ലം, അര്‍ഷദ് എന്നിവരെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയക്കും.

അതിനിടെ വര്‍ക്കലയിലും വാഹനാപകടത്തില്‍ 22 കാരന്‍ മരിച്ചു. പാലച്ചിറ സ്വദേശി പുഷ്പകവിലാസത്തില്‍ സരുണ്‍ ആണ് മരിച്ചത്. എതിര്‍ ദിശയില്‍ നിന്നും വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ സരുണ്‍ ഓടിച്ചിരുന്ന ബുള്ളറ്റ് നിയന്ത്രണം തെറ്റി വൈദ്യുതി പോസ്റ്റിലിടിച്ച് ഓടയിലേക്ക് വീഴുകയായിരുന്നു. വര്‍ക്കല നരിക്കല്ലുമുക്കില്‍ ഇന്ന് വൈകിട്ട് 3.30 നായിരുന്നു അപകടം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top