കോഴിക്കോട്:റോഡുകളും കെട്ടിടങ്ങളും മാത്രമല്ല വേരുകളുള്ള മനുഷ്യരും വസിക്കുന്ന നഗരമായി മാറുന്നതാണ് കോഴിക്കോടിന്റെ വികസനമെന്ന് കോര്‍പ്പറേഷന്‍ മേയര്‍ ബീന ഫിലിപ്പ്. ‘വേരുകളുള്ള മനുഷ്യര്‍
പാര്‍ക്കുന്ന നഗരമേ സംസ്‌കാരമുള്ള നഗരമായി മാറുകയുള്ളൂ. എല്ലാം ദാനം ചെയ്യുന്നതാണ് കോഴിക്കോടിന്റെ പ്രത്യേകത. അതിനാല്‍ തന്നെ കോഴിക്കോട്ട് ഇല്ലായ്മ കുറവാണ്. വീടില്ലാത്തവര്‍ക്ക് വീട് വെച്ച് കൊടുക്കാനും ഗള്‍ഫില്‍ ജോലി ശരിയാക്കി കൊടുക്കാനുമൊക്കെ ആളുകള്‍ അങ്ങോട്ടുമിങ്ങോട്ടും സഹായിക്കും,’ ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിനോടനുബന്ധിച്ച് കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിച്ച ‘ആഘോഷങ്ങളുടെ കോഴിക്കോട്’ എന്ന തുറന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു മേയര്‍.
ഇന്ന് യുനെസ്‌കോ സാഹിത്യനഗരി പദവി ലഭിച്ച നഗരമാണ് കോഴിക്കോട്. ഒട്ടേറെ പുസ്തകശാലകളുടെ കേന്ദ്രം. കോലായ പോലുള്ള സാഹിത്യകൂട്ടായ്മകളെ വളര്‍ത്തിയ കച്ചവടക്കാരാണ് ഈ നാട്ടിലുള്ളത്, മേയര്‍ പറഞ്ഞു.
എല്ലാ തരം സിനിമകളുടേയും വലിയ ചരിത്രം കോഴിക്കോടിന് ഉണ്ടെന്ന്
മാധ്യമപ്രവര്‍ത്തകനും ഡോക്യുമെന്ററി സംവിധായകനുമായ പ്രേംചന്ദ് നിരീക്ഷിച്ചു.
കേരളത്തിന് ഒരു ചലച്ചിത്രോത്സവ സംസ്‌കാരം പകരുന്നതിന് കോഴിക്കോട് വഹിച്ച പങ്കു വലുതാണ്. കേരളത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചലച്ചിത്രോത്സവം 1980 ല്‍ ചെലവൂര്‍ വേണുവിന്റെ നേതൃത്വത്തില്‍ നടന്നത് കോഴിക്കോടാണ്. 14 ദിവസം നീണ്ട ആ ചലച്ചിത്രോത്സവം സംഘടിപ്പിച്ചത് പുഷ്പ തിയ്യറ്ററില്‍ ആയിരുന്നു. അതിനുശേഷമാണ് കേരളത്തില്‍ വലുതും ചെറുതുമായ ചലച്ചിത്രോത്സവം സാധ്യമാണ് എന്ന ബോധത്തിലേക്ക് നാം നടന്നടുത്തത്, പ്രേംചന്ദ് വിശദീകരിച്ചു.
ആഗോള വിനോദസഞ്ചാര രംഗത്ത് സമാധാന പ്രദേശങ്ങള്‍ക്ക് പ്രിയം കൂടിവരികയാണെന്നും യുദ്ധമോ സംഘര്‍ഷമോ വൈരമോ ഇല്ലാത്ത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനാണ്
ഡിമാന്‍ഡ് എന്നും അത്തരമൊരു സന്ദര്‍ഭത്തില്‍ ലോകത്തിനുമുന്നില്‍ മികച്ച ദേശമാണ് കേരളമെന്നും കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കെകെഐഎല്‍) ചെയര്‍മാന്‍ എസ് കെ സജീഷ് ചൂണ്ടിക്കാട്ടി. മരുഭൂമി ഒഴികെ എന്താണ് കേരളത്തില്‍ ഇല്ലാത്തത്. കോഴിക്കോട്ടെ കരിയാത്തന്‍പാറയെ കേരളത്തിന്റെ സ്വിറ്റ്‌സര്‍ലന്‍ഡ് എന്നാണ് വിശേഷിപ്പിക്കുന്നത്. വയലടയെ കേരളത്തിന്റെ ഊട്ടി എന്നും വിളിക്കുന്നു. ഇത്തരത്തില്‍ വിഭിന്നമായ ഭൂ പ്രകൃതിയാല്‍ അനുഗ്രഹിക്കപ്പെട്ട നാടാണ് നമ്മുടേത്.
സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് കമാല്‍ വരദൂര്‍, മാധ്യമപ്രവര്‍ത്തകനായ ഡി കെ രാജേഷ് കുമാര്‍, ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് സാംസ്‌കാരിക കമ്മിറ്റി ചെയര്‍മാന്‍ കെ സജീവ് കുമാര്‍ എന്നിവരും സംവാദത്തില്‍ പങ്കെടുത്തു സംസാരിച്ചു. എ കെ അബ്ദുല്‍ ഹക്കീം മോഡറേറ്ററായി.




