Section

malabari-logo-mobile

കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ ആഗസ്റ്റ് 26 ന് പ്രവര്‍ത്തനം ആരംഭിക്കും

HIGHLIGHTS : കോഴിക്കോട് :കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ ആഗസ്റ്റ് 26ന് ധാരണാപത്രം ഒപ്പുവെച്ച് തുറന്നുപ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത...

കോഴിക്കോട് :കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ ആഗസ്റ്റ് 26ന് ധാരണാപത്രം ഒപ്പുവെച്ച് തുറന്നുപ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാവൂര്‍ റോഡില്‍ കെ.എസ്.ആര്‍.ടി.സിയുടെ സ്ഥലത്ത് കെ.റ്റി.ഡി.എഫ്.സിയാണ് ടെര്‍മിനല്‍ കോംപ്ലക്‌സ് നിര്‍മിച്ചത്.

3,70,244 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള, 75 കോടി രൂപ ചെലവിലുള്ള ബഹുനില കെട്ടിടത്തിന്റെ നിര്‍മാണം 2009 ല്‍ ആരംഭിച്ച് 2015 ല്‍ പൂര്‍ത്തിയായിരുന്നു. എന്നാല്‍, കരാറടിസ്ഥാനത്തില്‍ 30 വര്‍ഷത്തേക്ക് വാടകയ്ക്ക് നല്‍കാനുള്ള നടപടികള്‍ 2015 ല്‍ ആരംഭിച്ചെങ്കിലും കെ.എസ്.ആര്‍.ടി.സിയും കെ.റ്റി.ഡി.എഫ്.സിയും കരാറുകാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാത്തതു കാരണം കരാര്‍ ഒപ്പുവെച്ച് ടെര്‍മിനല്‍ പ്രവര്‍ത്തനസജ്ജമാക്കാന്‍ കഴിഞ്ഞിരുന്നില്ല.

sameeksha-malabarinews

ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം നിരന്തരമായ ചര്‍ച്ചകളെത്തുടര്‍ന്ന് തര്‍ക്കങ്ങള്‍ പരിഹരിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ 2021 ഫെബ്രുവരി 17 ലെ മന്ത്രിസഭായോഗം അംഗീകരിച്ച വ്യവസ്ഥകള്‍ പ്രകാരം മടക്കി നല്‍കേണ്ടാത്ത 17 കോടി രൂപയും, പ്രതിമാസം 43.20 ലക്ഷം രൂപ വാടകയും, മൂന്നുവര്‍ഷം കൂടുമ്പോള്‍ വാടക ഇനത്തില്‍ 10 ശതമാനം വീതം വര്‍ധനയും എന്ന ഉയര്‍ന്ന നിരക്കില്‍ ആലിഫ് ബില്‍ഡേഴ്‌സ് ആണ് 30 വര്‍ഷത്തേക്ക് കരാര്‍ എടുത്തിരിക്കുന്നത്. 30 വര്‍ഷം കൊണ്ട് ഏകദേശം 250 കോടിയില്‍പ്പരം രൂപ വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി പ്രവര്‍ത്തനം ആരംഭിക്കുന്ന ബസ് ടെര്‍മിനല്‍ കോഴിക്കോട് നഗരത്തിന്റെ വ്യാപാര വാണിജ്യ മേഖലയുടെ വികസനത്തിന് കുതിപ്പേകും.

ടിക്കറ്റിതര വരുമാനത്തിലൂടെ കെ.എസ്.ആര്‍.ടി.സിയുടെ നഷ്ടം കുറയ്ക്കുകയും ബസ് ടെര്‍മിനലുകള്‍ ആധുനിക സംവിധാനത്തോടെ പരിഷ്‌കരിച്ച് യാത്രക്കാര്‍ക്ക് സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് രൂപം നല്‍കിയിട്ടുളളത്.ആഗസ്റ്റ് 26ന് വൈകുന്നേരം പൊതു മരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു താക്കോല്‍ കൈമാറി കെട്ടിടം തുറന്നുകൊടുക്കും.
കെ.എസ്.ആര്‍.ടി.സിക്ക് വേണ്ടി എം.ഡി ബിജു പ്രഭാകറും കെ.റ്റി.ഡി.എഫ്.സിക്ക് വേണ്ടി ഡോ: ബി. അശോകും ആലിഫ് ബില്‍ഡേഴ്‌സും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ച് കൈമാറും.

മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ പ്രത്യേക സന്ദേശം നല്‍കുന്ന ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ, എം.കെ. രാഘവന്‍ എം.പി, മേയര്‍ ഡോ: ബീനാ ഫിലിപ്പ്, ജില്ലാ കളക്ടര്‍ ഡോ: നരസിംഹുഗാരി റ്റി.എല്‍. റെഡ്ഢി തുടങ്ങിയവര്‍ സംബന്ധിക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!