Section

malabari-logo-mobile

രാജ്യത്തെ ആദ്യ യുനെസ്കോ സാഹിത്യനഗരിയായി കോഴിക്കോടിനെ പ്രഖ്യാപിച്ചു

HIGHLIGHTS : Kozhikode has been declared as the country's first UNESCO City of Literature

ജൂൺ 23 സാഹിത്യനഗര ദിനമായി ആഘോഷിക്കും

ആറ് വിഭാഗങ്ങളിൽ സാഹിത്യ അവാർഡ് നൽകും

sameeksha-malabarinews

കോഴിക്കോട്: പുറപ്പെട്ടുപോയ വാക്ക് കേരളക്കരയിലെ ഏറ്റവും മഹിമയാർന്ന അക്ഷരമുറ്റത്തെ നെറുകയിൽ ഇരുന്നു. സത്യത്തിന്റെ തുറമുഖം എന്ന കോഴിക്കോടിന്റെ കീർത്തിയ്ക്ക് ഇനി മറ്റൊരു അഴക് കൂടി; രാജ്യത്തെ ആദ്യ യുനെസ്കോ സാഹിത്യനഗരി എന്ന ആഗോളപ്പെരുമ.

ഞായറാഴ്ച വൈകീട്ട് മുഹമ്മദ്‌ അബ്‌ദുറഹ്മാൻ സ്മാരക ജൂബിലി ഹാളിൽ തിങ്ങിനിറഞ്ഞ ജനങ്ങളെ സാക്ഷിയാക്കി തദ്ദേശസ്വയംഭരണ, എക്സൈസ് മന്ത്രി എം ബി രാജേഷ് കോഴിക്കോടിനെ യുനെസ്കോ സാഹിത്യനഗരിയായി പ്രഖ്യാപിച്ചു. ബഷീറും പൊറ്റെക്കാടും തിക്കോടിയനും എൻ പി മുഹമ്മദും പി വത്സലയും യു എ ഖാദറും സുരാസുവും എം എസ് ബാബുരാജും കോഴിക്കോട് അബ്‌ദുൾഖാദറും കെ ടി മുഹമ്മദും പി എം താജും നക്ഷത്ര ഓർമകളായി സാന്നിധ്യമറിയിച്ച ചടങ്ങിൽ കോഴിക്കോട് കോർപ്പറേഷന്റെ സാഹിത്യ വജ്രജൂബിലി പുരസ്കാരം ജ്ഞാനപീഠ ജേതാവും മലയാള സാഹിത്യത്തറവാട്ടിലെ കാരണവരുമായ എം ടി വാസുദേവൻ നായർക്ക് അദ്ദേഹത്തിന്റെ വീട്ടിലെത്തി മന്ത്രി രാജേഷ് കൈമാറി.

ആത്മാവുള്ള നഗരമാണ് കോഴിക്കോടെന്ന് മന്ത്രി രാജേഷ് അഭിപ്രായപ്പെട്ടു. മാനവികതയുടെയും സൗഹാർദ്ധത്തിന്റെയും നീതിബോധത്തിന്റെയും സ്വാതന്ത്രാഭിവാഞ്ജയുടെയും നാട്. കോഴിക്കോടിന്റെ കല പിറന്നത് ഈ മൂല്യങ്ങളിലൂടെയാണ്.

കൊൽക്കത്ത പോലുള്ള വൻ സാഹിത്യ പാരമ്പര്യമുള്ള നഗരങ്ങളെ പിന്തള്ളി യുനെസ്കോ സാഹിത്യപദവി കോഴിക്കോടിന് കിട്ടാൻ കോർപ്പറേഷന്റെ ചിട്ടയായ പ്രവർത്തനം കാരണമായതായി മന്ത്രി ചൂണ്ടിക്കാട്ടി. കിലയും നിർണായക പങ്ക് വഹിച്ചു. ഈ നേട്ടം സംസ്ഥാനത്തിനും രാജ്യത്തിന് തന്നെയും മാതൃകയാണ്.

ഇനി മുതൽ എല്ലാ വർഷവും ജൂൺ 23 കോഴിക്കോടിന്റെ സാഹിത്യനഗര ദിനമായി ആഘോഷിക്കുമെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ച മേയർ ബീന ഫിലിപ്പ് അറിയിച്ചു. അന്ന് ആറ് വിഭാഗങ്ങളിൽ സാഹിത്യപുരസ്കാരം പ്രഖ്യാപിക്കും (സമഗ്രസംഭാവന, മികച്ച യുവ എഴുത്ത്, മികച്ച സ്ത്രീ എഴുത്ത്, മികച്ച കുട്ടി എഴുത്ത്, മലയാളത്തിലേക്കും മലയാളത്തിൽ നിന്നുമുള്ള മികച്ച പരിഭാഷ). അന്നേ ദിവസം സാഹിത്യോത്സവവും സംഘടിപ്പിക്കുമെന്ന് മേയർ കൂട്ടിച്ചേർത്തു.

സാഹിത്യനഗരി പദവിയുടെ ലോഗോ പ്രകാശനം, വെബ്സൈറ്റ് ഉദ്ഘാടനം എന്നിവ മന്ത്രി പി എ മുഹമ്മദ്‌ റിയാസ് നിർവഹിച്ചു. ആനക്കുളം സാംസ്കാരിക നിലയം സാഹിത്യനഗരിയുടെ ആസ്ഥാനമായി കൈതപ്രം ദാമോദരൻ നമ്പൂതിരി പ്രഖ്യാപിച്ചു.

തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, കവി പി കെ ഗോപി, കില അർബൻ വിഭാഗം ഡയറക്ടർ ഡോ. അജിത് കാളിയത്ത്, എ പ്രദീപ്‌കുമാർ, ടി വി ബാലൻ, ടി പി ദാസൻ, പുരുഷൻ കടലുണ്ടി, കോർപ്പറേഷൻ സ്ഥിരംസമിതി അധ്യക്ഷൻമാർ, കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.

ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് സ്വാഗതവും കോർപ്പറേഷൻ സെക്രട്ടറി കെ യു ബിനി നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!