കോഴിക്കോട്: വനത്തിനകത്ത് അകപ്പെട്ട യുവാക്കളെ രക്ഷപ്പെടുത്തി. കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ അമരാട് വനത്തില്‍ അനധികൃതമായി കയറിയ യുവാക്കളെയാണ് ഏറെ നേരത്തെ തിരിച്ചിലിനൊടുവില്‍ കണ്ടെത്തിയത്. കാസര്‍കോട് സ്വദേശികളായ മുഹമ്മദ്, സഹോദരന്‍ അബ്ദുള്ള എന്നിവരെയാണ് വനത്തില്‍ അകപ്പെട്ടത്.
താമരശ്ശേരിയില്‍ ബന്ധുവീട്ടിലെത്തിയ ഇവര്‍ ശനിയാഴ്ചയാണ് കാട്ടിലേക്ക് യാത്രപോയത്. കട്ടിപ്പാറ വഴി വാഹനത്തിലെത്തിയ ഇവര്‍ വാഹനം റോഡരികില്‍ നിര്‍ത്തി അമരാട് വനത്തിലേക്ക് നടന്ന് കയറുകയായിരുന്നു. വനത്തിനുള്ളില്‍ വെച്ച് ഇവര്‍ക്ക് ദിശ തെറ്റുകയായിരുന്നു.
വാഹനം റോഡരികില്‍ കിടക്കുന്നത് കണ്ട് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസും വനംവകുപ്പും, ഫയര്‍ഫോഴ്‌സും, നാട്ടുകാരും ചേര്‍ന്ന് രാത്രി തന്നെ തിരിച്ചില്‍ തുടങ്ങി. തുടര്‍ന്ന് ഇന്ന് രാവിലെ ഏഴ് മണിയോടെ യുവാക്കളെ കണ്ടെത്തുകയായിരുന്നു. കണ്ടെത്തുമ്പോള്‍ ഇവര്‍ വനാതിര്‍ത്തിയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയായിരുന്നു.
ശക്തമായ കാറ്റും മഴയും, ദുര്‍ഘടമായ വഴികളും കാരണം രക്ഷാപ്രവര്‍ത്തകര്‍ ഏറെ ബുദ്ധിമുട്ടിയാണ് യുവാക്കളുടെ അടുത്ത് എത്തിച്ചേര്‍ന്നത്.




