കോവിഡ് തീരത്തെ മരണവും മരണാനന്തര ചടങ്ങും

പരപ്പനങ്ങാടി നഗരസഭ കൗണ്‍സിലറും ശിഹാബ്തങ്ങള്‍ ഫൗണ്ടേഷന്‍ ചെയര്‍മാനുമായ കടവത്ത് സൈതലവിയുടെ ഹൃദയഹാരിയായ പോസ്റ്റ് ശ്രദ്ദേയമാകുന്നു
പരപ്പനങ്ങാടി കോവിഡ് എന്ന മാഹമാരി കവര്‍ന്നെടുത്ത ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും പരപ്പനങ്ങാടി സ്വദേശിയുമായ ഇളയേടത്ത് ഹംസക്കോയയുടെ മരണാനന്തര ചടങ്ങുകളെ കുറിച്ച് ശിഹാബ് തങ്ങ്ള്‍ ഫൗണ്ടേഷന്‍ ചെയര്‍മാനും, നഗരസഭാകൗണ്‍സിലറുമായ കടവത്ത് സൈതലവിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഏറെ ശ്രദ്ദേയമാകുന്നു. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പിപഐ കിറ്റ് ധരിച്ച് സന്നദ്ധസജ്ജരായി ഹംസക്കോയയുടെ മൃതദേഹം മറവുചെയ്ത അനുഭവം വിവരിക്കുന്നതാണ് ഈ കുറിപ്പ്. അതിന് സന്നദ്ധരായ ഒരു കൂട്ടം നിസ്വാര്‍ത്ഥരായ ചെറുപ്പക്കാരുടെ അശ്രാന്ത പ്രവര്‍ത്തനത്തെ കുറിച്ചും കുറിപ്പില്‍ വിശദീകരിക്കുന്നു. ഈ കുറിപ്പിന്റെ പൂര്‍ണ്ണരൂപം……..

ഇന്നലെ (06/06/2020) രാവിലെ എന്റെ എല്ലാമായ മുന്‍ ഹജ്ജ് കമ്മിറ്റി സെക്രട്ടറി അഡ്വ: അബൂബക്കര്‍ ചെങ്ങാട്ട് ഫോണ്‍ ചെയ്തിട്ടാണ് എന്നോട് പറഞ്ഞത് ‘മോനെ നമ്മുടെ ഹംസക്കോയ (ഇന്ത്യന്‍ ഫുട്ബോള്‍ താരം) മഞ്ചേരിയില്‍ കോവിഡ് ബാധിച്ചു മരിച്ചിട്ടുണ്ട് ‘ എന്തൊക്കെയാണ് നമുക്ക് ചെയ്യാന്‍ സാധിക്കുക? എന്നതാണ് രണ്ടാമത്തെ ചോദ്യം… ഒരു മിനുട്ട് നേരത്തെ ആലോചനക്ക്
‘ശേഷം സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന രീതിയില്‍ ആരോഗ്യവകുപ്പിന്റെ സമ്മതത്തോടെയും സഹകരണത്തോടെയും കൂടി ഞങ്ങളെകൊണ്ട് സാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഞങ്ങള്‍ റെഡിയാണെന്ന് മറുപടിയും നല്‍കി…’
‘എന്നാല്‍ മോനെ ബാക്കി കാര്യങ്ങള്‍ എല്ലാം നിങ്ങളെ ഏല്‍പ്പിക്കുന്നു…’
എന്നു പറഞ്ഞു അബൂബക്കര്‍ സാഹിബ് ഫോണ്‍ വെച്ചു
ഈ നാടിന് വേണ്ടി ഈ ദൗത്യം സ്‌നേഹപൂര്‍വ്വം ഏറ്റെടുത്തു….

ഉടനെ ദുഃഖിതരായ ആ കുടുംബത്തില്‍ ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തകരുമായി നമ്മുടെ വാഹനത്തില്‍ ചെന്നു സന്ദര്‍ശനം നടത്തി , സങ്കടത്തോടെ നിന്നിരുന്ന കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്ക്‌ചേര്‍ന്നു.. പിന്നീട് പനയത്തില്‍ ജുമാമസ്ജിദിന്റെ തീരുമാനത്തിനായി പള്ളികമ്മിറ്റി ജനറല്‍ സെക്രട്ടറി അലി തെക്കേപാട്ടുമായി ഫോണില്‍ ബന്ധപ്പെട്ടു ,ആര്‍ജവ്വം ഊര്‍ജസലതയും കാണിച്ച ഒരു മഹല്ല് എടുക്കേണ്ട തീരുമാനമായി അലി സാഹിബ് തീരുമാനം പ്രഖ്യാപിച്ചു ,
‘പനയത്തില്‍ ഖബര്‍സ്ഥാനില്‍ മറവു ചെയ്യാം’
സ്ഥലം കാണിച്ചു നല്‍കുവാനും അവര്‍ മുന്നില്‍ നിന്നു , ഖബര്‍ കുഴിക്കാന്‍ നേതൃത്വം കൊടുക്കുന്ന മുഹമ്മദലി, കബീര്‍, ശംസു ആ മയ്യിത്ത് ഏറ്റെടുക്കുവാനും, സംസ്‌കരിക്കുവാനും മുന്നില്‍ തന്നെ നിന്ന ഹംസക്കോയ സാഹിബിന്റെ കുടുംബംത്തിലെ ചെറുപ്പക്കാരോടൊപ്പം എന്റെ സഹപ്രവര്‍ത്തകരും അണിചേര്‍ന്നു..

സാധാരണ ഖബറല്ല , കാലവര്‍ഷം കൊണ്ട് നനഞ്ഞു കുതിര്‍ന്ന മണ്ണില്‍ പത്തടി ആഴമുള്ള ഖബര്‍ വേണമെന്നാണ് നിര്‍ദ്ദേശം , മരണപ്പെട്ടു പോയ ഹംസക്കോയ സാഹിബിന്റെ കുടുംബത്തിലെ ചെറുപ്പകാരോടൊപ്പം നമ്മളും പങ്ക് ചേര്‍ന്നപ്പോള്‍ 8 മണിക്കൂറോളം ഭക്ഷണത്തിന്റെ രുചിയറിയാതെ അല്ലാഹുവിന്റെ പ്രീതിമാത്രം ലക്ഷ്യമാക്കി പ്രവൃത്തിച്ചതിന്റെ ഫലമായി വൈകുന്നേരം 4 മണിയോടെ ഖബറാവുകയാണ്. അതിനിടയില്‍ വലിയ കല്ലുമായി ഖബര്‍ പടവിന് വേണ്ടി ഊഴം കാത്തു നില്‍ക്കുമ്പോള്‍ മണ്ണിടിഞ്ഞ് വീണത് മറ്റൊരു അപകടത്തിന് വഴിയൊരുക്കുമോ എന്ന ശങ്കയും ഒരു പരിക്കുമില്ലാതെ രക്ഷപ്പെട്ടത് സന്തോഷത്തിനും കാരണമായി.

അതിനിടയില്‍ മഞ്ചേരിയില്‍ പോയി മയ്യിത്ത് ഏറ്റുവാങ്ങണമെന്ന നിര്‍ദേശം ലഭിച്ചു , ചിലപ്പോ അജ്ഞതമൂലം മനപൂര്‍വമോ അല്ലാതെയോ പറഞ്ഞു പേടിപ്പിക്കുന്ന ‘ക്വാറന്റെയിന്‍’ മനസില്‍ തേട്ടി വന്നു , എന്തായാലും ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്റെ വളണ്ടിയര്‍ ഗ്രൂപ്പില്‍ ഒരു പക്ഷെ ക്വാറന്റെയിനില്‍ പോവേണ്ടി വരും എന്ന് മുന്‍കൂട്ടി പറഞ്ഞു കൊണ്ട് തന്നെ മയ്യിത്ത് ഏറ്റുവാങ്ങി മറവു ചെയ്യേണ്ട കാര്യം സൂചിപ്പിച്ചു , വോയ്‌സ് കേള്‍ക്കേണ്ട താമസം അങ്ങിനെ അഥവാ എത്ര ദിവസം പോവേണ്ടി വന്നാലും ഞങ്ങളെ റെഡിയാണെന്ന പ്രഖ്യാപനം ഏറെ സന്തോഷമാക്കി , വൈറ്റ് ഗാര്‍ഡ് തിരൂരങ്ങാടി മണ്ഡലം ക്യാപ്റ്റന്‍ അസീസ് കൂളത്ത്, ഫൗണ്ടേഷന്‍ സെക്രട്ടറി ജാഫര്‍ നെച്ചിക്കാട്ട് വളണ്ടിയമാരായ സാലിഹ് നെച്ചിക്കാട്ട് , ജംഷീര്‍ മാപ്പൂട്ടില്‍ എന്നിവര്‍ വോയ്‌സ് കേട്ടപ്പോള്‍ തന്നെ മുന്നിലേക്ക് വന്നു ,
ചിലപ്പോ പലരും പറഞ്ഞ ക്വാറന്റെയിന്‍ ഭീഷണി ഞാനും പ്രകടമാക്കിയപ്പോള്‍ മരണത്തേക്കാളും വലുതല്ല ക്വാറന്റെയിന്‍ ആരോഗ്യവകുപ്പ് പറയുന്ന എന്തിനും ഞങ്ങള്‍ റെഡിയാണ് എന്ന മറുപടി പൊതുപ്രവര്‍ത്തിന് ലഭിക്കുന്ന അച്ചടക്ക ബോധം സന്നദ്ധതയുടെ പര്യായമായി മാറി .

രണ്ട് മണിക്ക് പി.പി.ഇ കിറ്റ് ധരിക്കാന്‍ നിര്‍ദ്ദേശം വന്നു , കാര്യമായ ഒരു ഭക്ഷണവും കഴിക്കാതിരുന്ന ഈ സഹപ്രവര്‍ത്തകര്‍ ഹോസ്പിറ്റല്‍ കാന്റീനിലെ മൂന്ന് ഇടിയപ്പം കഴിച്ചു സംതൃപ്തിയാക്കി , മഞ്ചേരി മെഡിക്കല്‍ കോളേജിലെ നിഷ്‌കളങ്കരായ ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ മാനിച്ചുകൊണ്ട് നാലു പേരും ശരീരത്തിന്റെ ഒരു ഭാഗവും കാണാത്ത രീതിയില്‍ ആദ്യമായി പി.പി.ഇ കിറ്റ് ധരിച്ചു , രണ്ട് മണിക്കൂര്‍ നേരത്തെ നടപടി പൂര്‍ത്തികാരണത്തിന് കാത്തു നിന്ന് 108 ആംബുലന്‍സില്‍ ഡ്രൈവറും , ഹംസക്കോയ സാഹിബിന്റെ മയ്യിത്തും , ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്റെ വാഹനത്തില്‍ പി.പി.ഇ കിറ്റ് ധരിച്ച സഹപ്രവര്‍ത്തകരും വൈകുന്നേരം അഞ്ചു മണിയോട് കൂടി പനയത്തില്‍ ജുമാമസ്ജിദിന്റെ ഖബറിലേക്ക് വരികയും, മതിലിന്റെ മുകളില്‍ മയ്യിത്ത് വെച്ചപ്പോള്‍ രണ്ട് പേരുടെ സാന്നിധ്യം കൂടെ അനിവാര്യമായി വന്നു , ആരോഗ്യ വകുപ്പിലെ ഒ.ക ഹുസ്സൈന്‍ സറിനോടൊപ്പം പങ്ക്‌ചേര്‍ന്ന മൂന്ന് പേരെ കൂടാതെ ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി മുനീര്‍ സ്റ്റാര്‍, ജലീല്‍ കോണിയത്ത് എന്നിവരും പി.പി.ഇ കിറ്റ് ധരിച്ചു , മയ്യിത്ത് ഖബര്‍സ്ഥാനിന്റെ അരികില്‍ അവസാന പ്രാര്‍ത്ഥനക്കായി എന്റെ സഹപ്രവര്‍ത്തകര്‍ ഇമാമും മഅ്മൂമും അതിന് പിന്നില്‍ അമ്പത് മീറ്റര്‍ അകലെ സങ്കടത്തോടെ വേണ്ടപ്പെട്ട കുടുംബംകാരും ,സ്‌നേഹബന്ധത്തിന്റെ വിലയറിയുന്ന സ്‌നേഹിതരും കൂടെ നിസ്‌കാരം, അഞ്ചു മിനുട്ട് കൊണ്ട് നിസ്‌കാരം കഴിഞ്ഞു ,ശാസ്ത്രീയമായ രീതിയില്‍ മയ്യിത്ത് ഖബറിലേക്ക് വെച്ചു ,മൂട് കല്ലു വെച്ചു അവസാന മൂന്ന് പിടി മണ്ണും പ്രാര്‍ത്ഥനയും നല്‍കി ,

ഖബര്‍ മണ്ണിടുന്നതിനുള്ള പ്രക്രിയ ആരംഭിച്ചു. , ഒരു മണിക്കൂറിന് ശേഷം പ്രവര്‍ത്തി എന്തായി എന്നറിയാന്‍ ഒന്ന് എത്തിനോക്കിയപ്പോള്‍ ആറ് പേരും ക്ഷീണതര്‍, രണ്ട് പേര്‍ തളര്‍ന്നു കിടക്കുന്നു , അതുവരെയുണ്ടായിരുന്ന എല്ലാ സംതൃപ്തിയും സങ്കടത്തിലേക്ക് വഴിമാറി കാരണം അന്നെഷിച്ചപ്പോള്‍ അത്യാവശ്യ ഭക്ഷണം പോലും കഴിക്കാതിരുന്ന ഇവര്‍ ധരിച്ച പി.പി.ഇ കിറ്റ് മൂലം ശ്വാസത്തിന്റെ സാധാരണ ഗതിയിലുള്ള ആശ്വാസം ലഭിക്കാതെയും കണ്ണ് കാണാതെയും ബുദ്ധിമുട്ടിയാണ് തളര്‍ന്നത് എന്നതായിരുന്നു മറുപടി , ഖബറാണെങ്കില്‍ ഇനിയും ആറടിയോളം മണ്ണിടണം , സാധാരണക്കാര്‍ക്ക് അങ്ങോട്ട് പോവാനും സാധിക്കില്ല.. ആകെ ഒരു വല്ലാത്ത അവസ്ഥ

ഉടനെ ആരോഗ്യവകുപ്പിന്റെ കയ്യില്‍ ബാക്കിയുണ്ടായിരുന്ന ഒരു പി.പി.ഇ കിറ്റ് ഉപയോഗിച്ച് ഷംസു കോണിയത്തിനെ ഖബര്‍സ്ഥാനിലേക്ക് പറഞ്ഞയച്ചു , അവനും ഒരു മണിക്കൂര്‍ കൊണ്ട് തളര്‍ന്നു , പണി പൂര്‍ത്തിയാവാന്‍ ഇനിയുമുണ്ട് ഏറെ.. പക്ഷെ ഒരിക്കല്‍ പോലും നിരാശ വന്നില്ല ,മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പല്‍ ജന:സെക്രട്ടറി ആസിഫ് പാട്ടശ്ശേരിയുടെ കടയില്‍ നിന്ന് അഞ്ച് പി.പി.ഇ കിറ്റ് ഉടന്‍ വാങ്ങിച്ചു ,

രാത്രി എട്ട് മണിക്ക് മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡന്റ് പി.പി ഷാഹുല്‍ ഹമീദ് മാസ്റ്ററുടെ നേതൃത്വത്തില്‍ പുത്തന്‍കടപ്പുറത്തെ പ്രവര്‍ത്തകന്‍മാരുടെ സഹകരണത്തോടെ നൂറ് ചാക്ക് മണല്‍ വണ്ടിയില്‍ കൊണ്ടുവന്ന് ഖബര്‍സ്ഥാനിന്റെ പണിയും സംതൃപ്തിയോടെ പൂര്‍ത്തീകരിച്ചു പള്ളി കോമ്പൗണ്ടില്‍ നിന്ന് തന്നെ കുളിച്ചു , ഹംസക്കോയ സാഹിബിന്റെ കുടുംബം തയ്യാറാക്കിയ ഭക്ഷണവും കഴിച്ചു പിരിഞ്ഞു പോവുമ്പോള്‍ സമയം രാത്രി പതിനൊന്ന് മണി.

പരപ്പനങ്ങാടിയെ ഫുട്‌ബോള്‍ ലോകത്തിന്റെ ഇടപെടല്‍ എത്തിക്കാന്‍ സാധിച്ച ഇതിഹാസ പുരുഷന്‍ ഹംസക്കോയ സാഹിബിന്റെ മരണത്തില്‍ ദുഃഖിതരായ കുടുംബത്തോടൊപ്പം അവരുടെ കൂടെ മരണാനന്തര ചടങ്ങുകള്‍ നടത്താന്‍ സാധിച്ചതില്‍, അതിന് നേതൃത്വം കൊടുക്കാന്‍ സാധിച്ചതില്‍ പരപ്പനങ്ങാടി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍ തികഞ്ഞ സംതൃപ്തിയിലാണ്, സലാം പരപ്പനങ്ങാടി, ഫൈസല്‍ നരിക്കോടന്‍, ഒനാരി ബാവ സാഹിബ്, ജലീല്‍ ചിറമംഗലം, ശുഹൈബ് ബിന്‍സി, കബീര്‍ മണലിപാടം, നൗഷാദ് മേലെവീട്ടില്‍, സജീര്‍ കോണിയത്ത് ,ശിഹാബ് കൂനത്തില്‍, ജംഷീര്‍ കറുത്താമാക്കകത്ത്, മനാഫ്, തുടങ്ങിയ പ്രവര്‍ത്തകരുടെ അധ്വാനത്തിന് അല്ലാഹു നിങ്ങള്‍ക്ക് പ്രതിഫലം നല്‍കട്ടെ എന്ന പ്രാര്‍ത്ഥന മാത്രമാണ് നന്ദിയായി പറയാനുള്ളത്…

സംസ്‌കാര ചടങ്ങുകളുടെ നടപടിക്രമങ്ങള്‍ എവിടെ എത്തി എന്ന് ഓരോ നിമിഷവും വിളിച്ചു അന്നെഷിച്ചിരുന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ,അബൂബക്കര്‍ സാഹിബ്, അലി തെക്കേപ്പാട്ട് , ഉമ്മര്‍ ഒട്ടുമ്മല്‍,മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ മുഹമ്മദ് യാസിര്‍, എന്നിവരോടും പരപ്പനങ്ങാടി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന് വേണ്ടി നന്ദി അറിയിക്കുന്നു….

 

Share news
error: Content is protected !!
Scroll to Top