തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വലിയ കുറവ് ഉണ്ടായിട്ടുണ്ടെങ്കിലും പൂര്‍ണമായി ആശ്വസിക്കാനുള്ള നിലയിലെത്തിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വിഷു ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്കിടെ ജാഗ്രത കുറവ് ഉണ്ടാകരുതെന്നും കര്‍ശനമായ സാമൂഹ്യ അകം പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
രോഗബാധയെ നേരിടാന്‍ നമ്മള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടുതുടങ്ങിയിട്ടുണ്ടെന്നും എന്നാല്‍ പൂര്‍ണമായും ആശ്വാസമായി എന്നു പറയാനായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. എവിടെയെങ്കിലും വൈറസ് ബാധയുടെ ഒരു കണ്ണി ബാക്കിയുണ്ടെങ്കില്‍ വീണ്ടും രോഗം വരാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഇനിയും വളരെ ശ്രദ്ധയോടെ ഇരിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ഇനി രോഗബാധ വിലയതോതില്‍ ഉയരില്ലെന്നും തന്നെയാണ് കണക്കുകൂട്ടല്‍ എന്നാല്‍ ക്വാറന്റൈന്‍ സംവിധാനങ്ങള്‍ കര്‍ശനമാണ്. നേരിയ ലക്ഷണങ്ങള്‍ ഉള്ളവരില്‍ പോലും പരിശോധന നടത്തുന്നുണ്ട്. കഴിയുന്നത്രയും കിറ്റുകള്‍ സംഘടിപ്പിച്ച് പരിശോധ മുടങ്ങാതെ നോക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പത്ത് ബെഡ് വേണ്ടിടത്ത് ആയിരം ബെഡൊരുക്കിയാണ് നാം കൊവിഡിനോട് പൊരുതിയത്. എല്ലാ രോഗികള്‍ക്കും മികച്ച ചികിത്സ നല്‍കാന്‍ സാധിച്ചതും നിര്‍ണായകമായി. മറ്റുരോഗികളെ ഇതര ആശുപത്രികളിലേക്ക് മാറ്റി കൊവിഡ് ആശുപത്രി തുടങ്ങിയതും തുണയായി. ആരോഗ്യപ്രവര്‍ത്തകരുടെയും പൊലീസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെയും സഹായത്തോടെ നല്ല രീതിയില്‍ കോണ്‍ടാക്ട് ട്രെയ്‌സിങ് നടത്താന്‍ സാധിച്ചിട്ടുണ്ട്. എങ്കിലും ചില കണ്ണികള്‍ വിട്ടുപോയേക്കാം എന്ന ഭയം ഇപ്പോഴും ഉണ്ട്. കാസര്‍കോട് മെഡിക്കല്‍ കോളേജ് കെട്ടിടത്തെ കൊവിഡ് ആശുപത്രിയാക്കി വളരെപെട്ടെന്ന് മാറ്റിയെടുക്കാന്‍ കഴിഞ്ഞു. കാസര്‍കോട് രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നതും വളരെ ആശ്വാസകരമാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തില്‍ മാത്രം രോഗികളുടെ എണ്ണത്തില്‍ കുറവു വന്നിട്ട് കാര്യമില്ല. മറ്റു സംസ്ഥാനങ്ങളിലും വൈറസ് ബാധ ഇല്ലാതായാല്‍ മാത്രമേ ആശ്വസിക്കാനാകുവെന്നും മന്ത്രി പറഞ്ഞു.




